രാഹുലിനെയും പ്രിയങ്കയെയും തടഞ്ഞു; പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാൻ എത്തിയ രാഹുലിനെയും പ്രിയങ്കയെയും ഉത്തർ പ്രദേശിലെ മീററ്റിൽ പൊലീസ് തടഞ്ഞു

പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാൻ എത്തിയ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും ഉത്തർ പ്രദേശിലെ മീററ്റിൽ പൊലീസ് തടഞ്ഞു. മീററ്റില്‍ പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പാണ് ഇരുവരും സഞ്ചരിച്ച കാര്‍ പൊലീസ് തടഞ്ഞത്. ആളുകൾ കൂട്ടം കൂടുന്നതിനു നിരോധനമുള്ളതിനാലാണ് തടയുന്നതെന്ന് പൊലീസ് അറിയിച്ചു. ഇരുവരോടും മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട പൊലീസ് രണ്ടു ദിവസത്തിനുള്ളിൽ അനുമതി നൽകാമെന്നും അറിയിച്ചു.
‘പൊലീസിനോട് എന്തെങ്കിലും ഉത്തരവ് ഉണ്ടോ എന്ന് ഞങ്ങൾ ചോദിച്ചു. അവർ ഞങ്ങളെ ഒരു ഉത്തരവും കാണിച്ചില്ല, പക്ഷേ നിങ്ങൾ തിരിച്ചു പോകണമെന്ന് അവർ പറഞ്ഞു’– രാഹുൽ ഗാന്ധി പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ മീററ്റിൽ നടന്ന പ്രതിഷേധങ്ങളിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ പ്രതിഷേധക്കാർ വാഹനങ്ങൾക്കു തീയിടുകയും പൊലീസിനു നേരേ കല്ലെറിയുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് ഇവർക്കെതിരെ ലാത്തിയും ടിയർ ഗ്യാസ് ഷെല്ലുകളും പ്രയോഗിച്ചു. മീററ്റിൽ ഇന്റർനെറ്റ് താൽക്കാലികമായി തടസ്സപ്പെടുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























