ഇനി 8 സര്‍വീസുകള്‍ക്ക് പകരം ഇന്ത്യന്‍ റെയില്‍വേ മാനേജ് മെന്റ് സര്‍വീസ് എന്ന ഒറ്റ സര്‍വീസ് മാത്രം; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍

റെയില്‍വേ ബോര്‍ഡ് പുനഃസംഘടിപ്പിച്ച് നിലവിലുളള 8 സര്‍വീസുകള്‍ ചേര്‍ത്ത് ഒന്നാക്കി മാറ്റാനുളള തീരുമാനം കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍.
റെയില്‍വേ ഭരണതലത്തില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ 8 സര്‍വീസുകള്‍ക്കു പകരം ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസ് (ഐആര്‍എംഎസ്) എന്ന ഒറ്റ സര്‍വീസായിരിക്കും ഉണ്ടാകുക. ഇതിലെ പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നത് ഈ 8 സര്‍വീസുകളിലെ നിയമനം പൊതുവായ ഒരു പരീക്ഷയില്‍ നിന്നല്ലെന്നതാണ്. സിവില്‍ സര്‍വീസ് പരീക്ഷ എഴുതി വരുന്നവരും എന്‍ജിനീയറിംഗ് കഴിഞ്ഞു വരുന്നവരുമാണ് ഈ സര്‍വീസുകളില്‍ എത്തിപ്പെടുന്നത്.
ഓള്‍ ഇന്ത്യ റെയില്‍വേ ട്രാഫിക് സര്‍വീസ് (ഐആര്‍ടിഎസ്), ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ടസ് സര്‍വീസ് (ഐആര്‍എഎസ്), ഇന്ത്യന്‍ റെയില്‍വേ പഴ്‌സണല്‍ സര്‍വീസ്( ഐആര്‍പിഎസ്) എന്നിവയാണ് സിവില്‍ സര്‍വീസ് പരീക്ഷ വഴിയുളള റെയില്‍വേയിലെ സര്‍വീസുകള്‍. ബാക്കി 5 സര്‍വീസുകള്‍ എന്‍ജിനീയറിങ് ഉള്‍പ്പെടെയുളള സാങ്കേതിക സര്‍വീസുകളാണ്.
പുതിയ പരിഷ്‌കാരം ഏറെ ദോഷകരമായി ബാധിക്കുക തങ്ങളെയാണെന്നു സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ജോലിയില്‍ പ്രവേശിച്ചവര്‍ പറയുന്നു. എന്‍ജിനീയറിങ് പശ്ചാത്തലമുളളവര്‍ക്ക് മറ്റ് ഏതു തസ്തികയിലും എത്താന്‍ അവസരം ഒരുക്കുന്നതാണ് പുതിയ പരിഷ്‌കാരമെന്നാണ് ആരോപണം. പരിഷ്‌കാരത്തിനെതിരെ NOTOIRMS എന്ന ഹാഷ് ടാഗില്‍ വന്‍ പ്രതിഷേധ ക്യാംപയിനാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുളള സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്.
പുതിയ പരിഷ്‌കാരം സിവില്‍ സര്‍വീസ് പരീക്ഷയെഴുതി വരുന്നവരുടെ കരിയര്‍ സാധ്യതകള്‍ ഇല്ലാതാക്കുമെന്നാണു പരാതി. സിവില്‍ സര്‍വീസ് പരീക്ഷയെഴുതി വരുന്നവര്‍ വൈകി സര്‍വീസില്‍ പ്രവേശിക്കുന്നതിനാല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്നുളളവര്‍ക്കായിരിക്കും എപ്പോഴും സീനിയോറിറ്റി. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ശരാശരി 27-28 വയസില്‍ റെയില്‍വേയില്‍ പ്രവേശിക്കുമ്പോള്‍ എന്‍ജിനീയറിങ് സര്‍വീസ് വഴിയുളള ഉദ്യോഗസ്ഥരുടെ ശരാശരി നിയമന പ്രായം 23-24 ആണ്. ഇത് പ്രധാന തസ്തികകളില്‍ നിന്ന് തങ്ങള്‍ പിന്തള്ളപ്പെടാന്‍ ഇടയാക്കുമെന്നു സിവില്‍ സര്‍വീസുകാര്‍ പറയുന്നു.
ടെക്‌നിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് എന്നിങ്ങനെ 2 ഗ്രൂപ്പുകളായി തിരിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും ഈ വിഷയത്തില്‍ ബിബേക് ദെബ്രോയ് കമ്മിറ്റി ശുപാര്‍ശ നടപ്പാക്കണമെന്നുമാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.
പരിഷ്‌കാരത്തെ യുവ ഓഫിസര്‍മാര്‍ സ്വാഗതം ചെയ്തുവെന്ന തരത്തിലുളള കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ പ്രഖ്യാപനം വഞ്ചനയാണെന്നും ഏകപക്ഷീയമായ തീരുമാനത്തിനു പിന്നില്‍ എന്‍ജിനീയറിങ് പശ്ചാത്തലമുളള 12 റെയില്‍വേ ജനറല്‍ മാനേജര്‍മാര്‍ മാത്രമാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇപ്പോള്‍ നടക്കുന്നതു അനീതിയാണെന്നും എങ്ങനെയാണു ഏറ്റവും പ്രയാസമേറിയ സിവില്‍ സര്‍വീസ് പരീക്ഷ എന്ന കടമ്പ കടന്നു വരുന്നവരെ മറ്റുളള സര്‍വീസുകളുമായി കൂട്ടിക്കെട്ടുന്നതെന്നും യുവ ഉദ്യോഗസ്ഥര്‍ ചോദിക്കുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് തയാറെടുക്കുകയാണ് യുവ ഉദ്യോഗസ്ഥര്‍.
https://www.facebook.com/Malayalivartha
























