പ്രതിഷേധങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തേണ്ടിയിരുന്നു; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പൂർണ പരാജയം; കേന്ദ്ര സര്‍ക്കാരിനെതിരെ രജനീകാന്ത്

രാജ്യതലസ്ഥാനമായ ഡൽഹിയിൽ അരങ്ങേറിയ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും പ്രതിക്കൂട്ടിലായിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിർണായകമായ ഇന്ത്യ സന്ദര്‍ശന സമയത്താണ് ദില്ലി കത്തിയത് എന്നതും കേന്ദ്ര സര്‍ക്കാരിന് ക്ഷീണമായിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.
പൗരത്വ നിയമത്തിലടക്കം കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച നടന്‍ രജനീകാന്ത് ദില്ലി കലാപത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ദില്ലി കലാപം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പരാജയമായെന്ന് രജനീകാന്ത് തുറന്നടിച്ചു.
''കേന്ദ്ര സര്‍ക്കാരിന്റെ രഹസ്യാന്വേഷ വിഭാഗത്തിന്റെ പരാജയമാണ് ദില്ലി കലാപത്തിന് കാരണമെന്ന് രജനീകാന്ത് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ താന്‍ ശക്തമായി അപലപിക്കുന്നു. പ്രതിഷേധങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തേണ്ടിയിരുന്നു. രഹസ്യാന്വേഷണ വിഭാഗം അവരുടെ ജോലി കൃത്യമായി ചെയ്തില്ല. രഹസ്യാന്വേഷ വിഭാഗത്തിന്റെ പരാജയം എന്നാല്‍ അത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയമാണ്'' എന്നും രജനീകാന്ത് പ്രതികരിച്ചു.
അടുത്തിടെ പൗരത്വ നിയമത്തെ പിന്തുണച്ചുമായി ബന്ധപ്പെട്ട ചോദ്യത്തിന് 'താന്‍ ബിജെപിയുടെ വക്താവല്'ല എന്നാണ് രജനീകാന്ത് മറുപടി നല്‍കിയത്. പൗരത്വ നിയമത്തിന് എതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് രജനീകാന്ത് രംഗത്ത് വന്നത്. പൗരത്വ നിയമം മുസ്ലീംങ്ങളെ ബാധിക്കുന്നതല്ല എന്നാണ് രജനീകാന്ത് പറഞ്ഞത്.
പൗരത്വ നിയമത്തിന്റെ പേരില്‍ മുസ്ലീം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രജനീകാന്ത് പറഞ്ഞിരുന്നു. പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും കെണിയില്‍ വിദ്യാര്‍ത്ഥികള്‍ വീഴരുതെന്നും രജനീകാന്ത് ആവശ്യപ്പെടുകയുണ്ടായി. രജനീകാന്തിന് എതിരായ ആദായ നികുതി വെട്ടിപ്പ് കേസ് അവസാനിപ്പിച്ചതിന് പിന്നാലെ ആയിരുന്നു പൗരത്വ നിയമത്തെ അനുകൂലിച്ച് താരം രംഗത്ത് വന്നത്.
കപില്‍ മിശ്ര അടക്കമുളള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെയും ദില്ലി പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെയും ദില്ലി ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതും കേന്ദ്രത്തിന് തിരിച്ചടിയാണ്. കോണ്‍ഗ്രസും എന്‍സിപിയും അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രത്തെ കടന്നാക്രമിക്കുന്നതിനിടെയാണ് സൂപ്പര്‍ താരം രജനീകാന്തും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രംഗത്ത് വന്നിരിക്കുന്നത്.
അഞ്ച് ദിവസങ്ങളായി തുടരുന്ന കലാപത്തില്‍ ദില്ലിയില്‍ ഇതുവരെ വടക്കു കിഴക്കൻ ഡൽഹിയിൽ മരിച്ചവരുടെ എണ്ണം 32 ആയി. ജിടിബി ആശുപത്രിയിൽ ഒരാൾ കൂടി മരിച്ചതോടെയാണ് എണ്ണം ഉയർന്നത്. പരുക്കേറ്റ് ഇരുന്നൂറിലധികം പേർ ചികിത്സയിലാണ്. ഡൽഹിയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് യുഎൻ അറിയിച്ചു. സുരക്ഷാ ഏജൻസികൾ സംയമനം പാലിക്കണം. സമാധാനപരമായി പ്രതിഷേധിക്കാൻ അവസരം നൽകണമെന്നും യുഎൻ ആവശ്യപ്പെട്ടു. കലാപം പൊട്ടിപ്പുറപ്പെട്ട വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കനത്ത ജാഗ്രത തുടരുന്നു. ജനജീവിതം സാധാരണ നിലയിലെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. പല മേഖലകളും ഒറ്റപ്പെട്ട നിലയിലാണ്. ഒഴിഞ്ഞുപോയ നാട്ടുകാര്‍ തിരിച്ചെത്തിയാല്‍ മാത്രമേ നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കാന്‍ കഴിയൂ.
കലാപത്തെ തുടർന്ന് വിവിധ രാജ്യങ്ങൾ സ്വന്തം പൗരന്മാർക്കു ജാഗ്രതാ നിർദേശം നൽകി. യുഎസ്, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങളാണ് സ്വന്തം പൗരന്മാർക്കു നിര്‍ദേശങ്ങൾ നൽകിയത്. ഇതുവരെ 106 പേർ അറസ്റ്റിലായി. 18 കേസുകൾ എടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു. അതിനിടെ, സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രതികരിച്ചു. എല്ലാവരും സമാധാനവും സാഹോദര്യവും നിലനിർത്തണമെന്നു ട്വിറ്റർ സന്ദേശത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഡൽഹി പൊലീസിനെ സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമര്‍ശിച്ചു. എല്ലാം സംഭവിക്കുന്നത് പൊലീസിന്റെ കണ്‍മുന്നിലാണെന്നും പൊലീസിൽ നവീകരണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഡൽഹിയിൽ സ്ഥിതിഗതികൾ അനിയന്ത്രിതമാണെന്നും സൈന്യത്തെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടു.
ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ രാജ്യതലസ്ഥാനം പൊതുവേ ശാന്തമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായി എന്ന വിമര്‍ശനം ശക്തമാണ്. കലാപകാരികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കിക്കൊടുത്തു എന്ന ആക്ഷേപം ദില്ലി പോലീസിന് നേര്‍ക്കുമുണ്ട്.
"
https://www.facebook.com/Malayalivartha