പുൽവാമ ഭീകരാക്രമണം; പ്രതിക്ക് ജാമ്യം അനുവദിച്ച് പട്യാല ഹൗസ് കോടതി; ജാമ്യം നേടുന്നത് ഭീകരാക്രമണത്തിന്റെ വാർഷികത്തിന് ദിവസങ്ങൾക്ക് ശേഷം

രാജ്യത്തെ മുഴുവൻ നടുക്കിയ പുല്‍വാമ ഭീകരാക്രമണക്കേസില്‍ വന്‍ വീഴ്ച. പ്രതി യൂസഫ് ചോപന് പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു . എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനാലാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
40 സി.ആര്‍.പി.എഫ്. ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണം കഴിഞ്ഞ ഫെബ്രുവരി പതിനാലിന് ഒരു വർഷം തികഞ്ഞു. 2019- ഫെബ്രുവരി 14-ന് ഉച്ചകഴിഞ്ഞ മൂന്നേകാലോടെയാണ് അവധി കഴിഞ്ഞു മടങ്ങുന്നവര്‍ അടക്കം 2547 സിആര്‍പിഎഫ് ജവാന്‍മാര്‍ ഉൾപ്പെട്ട 78 വാഹനങ്ങൾ ജമ്മുവില്‍നിന്നു ശ്രീനഗറിലേക്കു പോകുന്നവഴിക്ക് ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപം ആക്രമിക്കപ്പെടുന്നത്. ജെയ്‌ഷെ മുഹമ്മദ് ഭീകരനായ ആദില്‍ അഹമ്മദ് ദര്‍ എന്ന ചാവേറാണ് സ്‌ഫോടന വസ്തുക്കള്‍ നിറച്ച വാഹനം ജവാന്മമാര്‍ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റിയത്. ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ 40 ജവാന്മാരില്‍ വയനാട് ലക്കിടി സ്വദേശി വി.വി.വസന്ത കുമാറും ഉൾപ്പെട്ടിരുന്നു.
ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സി.ആർ.പി.എഫ്. ജവാന്മാരെ വാർഷികദിനമായ 2020 ഫെബ്രുവരി 14 നു രാജ്യം അനുസ്മരിച്ചു. കൊല്ലപ്പെട്ട 40 ജവാന്മാർക്കായി കശ്മീരിലെ ലേത്പുര സി.ആർ.പി.എഫ്. ക്യാമ്പിൽ സ്മാരകം തുറന്നു. എല്ലാ ജവാന്മാരുടെയും പേര് ആലേഖനംചെയ്ത ഛായാചിത്രവും ‘സേവനവും ആത്മാർഥതയും’ എന്ന സി.ആർ.പി.എഫ്. മുദ്രയും ഉൾപ്പെടുന്നതാണ് സ്മാരകം.
https://www.facebook.com/Malayalivartha