മതത്തിന്റെ പേരിലുള്ള തമ്മിലടി ഇവിടെ വേണ്ട; ക്ഷേത്രത്തിനു കാവൽ നിന്നും കലാപകാരികൾക്കു മുന്നിൽ ഗലിയിലേക്കുള്ള കവാടമടച്ചും ഒരു ജനത; കൈകോർത്തത് മതത്തിന്റെപേരിൽ തമ്മിലടിച്ചു പിരിയരുതെന്ന ദൃഢനിശ്ചയത്തിൽ

ഡൽഹിയിലെ കലാപത്തിന്റെ ബാക്കി പത്രം നൊമ്പരക്കാഴ്ചയായി മാറുമ്പോൾ ആശ്വസിക്കാൻ പ്രതീക്ഷയുടെ തിരിനാളവുമായി ചാൻഡ്ബാഗിലെ ഈ ഗലി. വടക്കുകിഴക്കൻ ഡൽഹിയിലെ സംഘർഷപ്രദേശങ്ങൾ പേടിമാറാതെ നിൽക്കുമ്പോൾ സാഹോദര്യത്തിന്റെ നറുനെയ്‌വിളക്കായി മാറുകയാണ് ചാന്ദ്ബാഗിലെ രണ്ടാം നമ്പർ തെരുവ്. മീറ്ററുകൾക്കപ്പുറം കൊലവിളിച്ച് ഇരുവിഭാഗവും ഏറ്റുമുട്ടുമ്പോൾ രണ്ടുദിവസം രാപകൽ ഇവിടെയുള്ളവർ മതവ്യത്യാസമില്ലാതെ ദുർഗാക്ഷേത്രത്തിനു കാവൽനിൽക്കുകയായിരുന്നു.
കലാപം പൊട്ടിപ്പുറപ്പെട്ട പ്രധാനറോഡിന്റെ തുടക്കത്തിലാണ് ഈ ഗലി. ഇവിടെ സി ബ്ലോക്കിലാണ് ദുർഗാക്ഷേത്രം. ഹിന്ദു-ഇസ്‌ലാം വിഭാഗങ്ങളിലെയും ഇരുനൂറോളം കുടുംബങ്ങളാണ് തെരുവിലെ താമസക്കാർ. കലാപകാരികളിൽ ചിലർ ഈ തെരുവിലേക്കും കടക്കാൻ ശ്രമിച്ചു. കവാടമടച്ച് എല്ലാവരും ക്ഷേത്രത്തിനു കാവൽ നിന്നു. ഇതുവരെയും ഒന്നിച്ചു ജീവിച്ചവർ മതത്തിന്റെപേരിൽ തമ്മിലടിച്ചു പിരിയരുതെന്ന ദൃഢനിശ്ചയത്തിലാണ് രണ്ടുദിവസവും അവർ കൈകോർത്തുനിന്നത്.
40 വർഷത്തോളമായി ക്ഷേത്രമിവിടെയുണ്ടെന്ന് നാട്ടുകാരനായ വികാസ് പറഞ്ഞു. തൊട്ടപ്പുറത്തു നടന്ന സംഘർഷങ്ങൾ ഇവിടത്തെ സമാധാനജീവിതം തകർക്കാതിരിക്കാൻ ഒന്നിച്ചുനിന്നെന്ന് താമസക്കാരനായ മുഹമ്മദ് മൂസ ഖാനും പറഞ്ഞു. മതഭേദമില്ലാതെ സ്നേഹത്തോടെ ജീവിക്കുന്നവരാണ് ഈ തെരുവിലുള്ളവരെന്ന് ക്ഷേത്രത്തിന്റെ പൂജാരി പണ്ഡിറ്റ് ഓംപ്രകാശ് സാക്ഷ്യപ്പെടുത്തി.
തെരുവിന്റെ പുറത്തുതന്നെ മസ്ജിദുമുണ്ട്. അക്രമികൾ അതും ലക്ഷ്യമിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. ഒന്നാം നമ്പർ ഗലിയിലും കുഴപ്പങ്ങളുണ്ടായില്ല.
റോഡു തുടങ്ങുന്ന സ്ഥലം മുതൽതന്നെ വഴിയരികിൽ വാഹനങ്ങൾ കത്തിക്കരിഞ്ഞു കിടപ്പുണ്ട്. ഇരുവശങ്ങളിലും കത്തിനശിച്ച കെട്ടിടങ്ങളേറെ. വഴി നടക്കാൻ പോലുമാവാത്ത തരത്തിൽ കല്ലും മൺകട്ടകളും റോഡിൽ കൂമ്പാരമായി കിടക്കുന്നു. രണ്ടുദിവസമായി അർധസൈനികരുടെ കനത്ത കാവലിലാണിവിടം. ഇരുവശവുമുള്ള തെരുവുകളിൽനിന്ന് കൂട്ടംകൂടി പുറത്തിറങ്ങാൻ ആരെയും അനുവദിക്കാതെ ഓരോ ഗേറ്റിനുമുന്നിലും കാവൽനിൽക്കുകയാണ് അർധസൈനികർ. ഇങ്ങനെയൊരു യുദ്ധഭൂമിയിൽ സ്നേഹത്തുരുത്തായി തിളങ്ങിനിൽക്കുകയാണ് രണ്ടാം നമ്പർ ഗലി.
https://www.facebook.com/Malayalivartha


























