ഡൽഹി സംഘർഷം; കലാപത്തിനിടെ പോലീസ് നിർബന്ധിച്ചു ദേശീയ ഗാനം പാടിച്ച യുവാവ് മരിച്ചു

ഡൽഹി സംഘർഷത്തിനിടെ പരുക്കേറ്റു നിലത്തു കിടക്കുന്നവരെക്കൊണ്ട് ദേശീയഗാനം പാടിച്ച ഡൽഹി പൊലീസിന്റെ നടപടി വിവാദമാകുന്നതിനിടെ പാട്ടുപാടിയവരിൽ ഒരാൾ മരണപ്പെട്ടു. വടക്കുകിഴക്കൻ ഡൽഹിയിലെ കർദാംപുരി നിവാസിയായ ഫൈസാൻ ആണ് കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്.
ഡൽഹി പ്രക്ഷോഭത്തിനിടെ പരുക്കേറ്റു നിലത്തുകിടന്ന അഞ്ചുപേർ ദേശീയ ഗാനം പാടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലും മറ്റും തരംഗമായിരുന്നു .ചിലരെക്കൊണ്ട് പൊലീസ് നിർബന്ധിപ്പിച്ച് പാട്ട് പാടിപ്പിക്കുന്നതും വിഡിയോയിൽ ദൃശ്യമായിരുന്നു.
പരുക്കേറ്റ് ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫൈസാൻ ആശുപത്രിയിലാണ് മരിച്ചത് . ഫൈസാനെയും വിഡിയോയിൽ കാണുന്ന മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു ക്രൂരമായി മർദിച്ചെന്ന് കുടുംബം ആരോപിക്കുന്നു . ‘ഇരുമ്പ് ദണ്ഡുകൾ വച്ച് പൊലീസ് മർദിച്ചു. ഫൈസാന്റെ കാലുകൾ തകർന്നു. അടിയേറ്റ് ദേഹം മുഴുവൻ നീലിച്ചുപോയി. ആദ്യം റോഡിൽ വെച്ചായിരുന്നു മർദിച്ചത്. പിന്നീട് അവിടെ നിന്നും കൊണ്ടുപോയതായിരിക്കാമെന്നും ഫൈസാന്റെ അമ്മ പറയുന്നു.
ഫൈസാനെ അറിയാവുന്ന ഒരാൾ തന്നെ വിവരം അറിയിക്കുകയായിരുന്നു . ഉടൻതന്നെ ആശുപത്രിയിൽപോയി നോക്കിയെങ്കിലും അവിടെ കാണാത്തതിനാൽ ജ്യോതി കോളനിയിലെ പൊലീസ് സ്റ്റേഷനിലേക്കു എത്തി . ഫോട്ടോ കാണിച്ചപ്പോൾ ഫൈസാൻ അവിടെ ഉണ്ടെന്നറിഞ്ഞു . എന്നാൽ തന്നെ കാണിച്ചില്ല. പുലർച്ചെ ഒരു മണിവരെ താൻ കാത്തിരുന്നു. പിറ്റേന്നു രാവിലെ മറ്റു രണ്ടുപേരുമായി സ്റ്റേഷനിൽ ചെന്നപ്പോൾ അകത്തിടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. രാത്രി 11ന് അവന്റെ സ്ഥിതി മോശമായപ്പോൾ അവരെന്നെ വിളിപ്പിച്ചു എന്നും ഫൈസാൻറെ അമ്മ പറയുന്നു. പൊലീസ് വിട്ടയച്ചതിനു പിന്നാലെ കുടുംബം ഫൈസാനെ പ്രദേശത്തെ ഡോക്ടറെ കാണിക്കുകയായിരുന്നു.
സ്ഥിതി മോശമാകുന്നെന്നു കണ്ട ഡോക്ടർ ഉടനെതന്നെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു . ബിപിയും പൾസും കുറവായിരുന്നുവെന്നും തലയിലും ആന്തരികാവയവങ്ങളിലും പരുക്കുണ്ടായിരുന്നെന്നും ഡോക്ടർ വ്യക്തമാക്കി. അതേസമയം, ഫൈസാൻ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നില്ലെന്ന് ബന്ധു ആരോപിക്കുന്നു.
https://www.facebook.com/Malayalivartha