കൊറോണ; മുകേഷ് അംബാനിക്ക്ഒറ്റ ദിവസം നഷ്‌ടപ്പെട്ടത് 42,899 കോടി, രൂപ; വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചതോടെ ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന് ആശങ്ക; നെഞ്ചത്തടിച്ച് പണക്കാർ

ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുകയാണ്. കൊറോണ വൈറസ് ഉയർത്തുന്ന പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടും. ആരോഗ്യരംഗത്ത് മാത്രമല്ല സാമ്പത്തിക രംഗത്തും കൊറോണ തകർച്ചയുണ്ടാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ചൈനയിൽ നിന്ന് തുടങ്ങിയ കൊറോണ വൈറസ് വ്യാപനം ലോകത്താകെ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി വളരെ വലുതാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനായ റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനിക്ക് വിപണിയിൽ നേരിടേണ്ടി വന്നിരിക്കുന്നത് ഒട്ടുംചെറുതൊന്നുമല്ല, വൻ തിരിച്ചടിയാണ്. ഒരു ദിവസത്തിനിടെ അംബാനിക്ക് ഓഹരി വിപണിയിൽ നഷ്ടപ്പെട്ടത് 580 കോടി ഡോളറാണ് (ഏകദേശം 42,899 കോടി). കൊറോണ വൈറസിനെ തുടർന്ന് ആഗോള ഓഹരികളോടൊപ്പം എണ്ണവിലയും ഇടിഞ്ഞതോടെ ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന പദവിയും മുകേഷ് അംബാനിയെ വിട്ടുപോയി.
വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചതോടെ ഇത് ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്. ഇതിന്റെ പിന്നാലെയാണ് അംബാനിയുടെ ആസ്തിയും ഇടിഞ്ഞത്. ഇതോടെ അംബാനി എഷ്യയിലെ ധനികന്മാരില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2018 പകുതിയോടെ ഒന്നാം സ്ഥാനത്തുനിന്നും രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ആലിബാബ ഗ്രൂപ്പാണ് ഇപ്പോള്‍ ഒന്നാമതെത്തിയിരിക്കുന്നത്. അംബാനിയെക്കാള്‍ 2.6 ബില്യണ്‍ ഡോളര്‍ കൂടുതലാണ് ആലിബാബക്കിപ്പോള്‍. 44.5 ബില്യൺ ഡോളറാണ് മായുടെ ആസ്തി.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ തിങ്കളാഴ്ച 12 ശതമാനമാണ് ഇടിഞ്ഞത്. പത്ത് വര്‍ഷത്തിന് ശേഷമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇത്തരത്തിലൊരു പതനത്തെ നേരിടുന്നത്. 2009 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ടെലികമ്മ്യൂണിക്കേഷൻ, ടെക്നോളജി, റീട്ടെയിൽ തുടങ്ങിയ പുതിയ ബിസിനസുകൾക്കായി റിലയൻസ് ഇൻഡസ്ട്രീസ് വർഷങ്ങളായി കോടിക്കണക്കിന് നിക്ഷപമാണ് നടത്തുന്നത്.
റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനായി ഏകദേശം 50 ബില്യൺ ഡോളർ ചെലവഴിച്ചു. ഇത് ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഒന്നാം നമ്പർ ടെലികോം കമ്പനിയായി. ആമസോൺ ഡോട്ട് കോമിന് എതിരാളിയായി ഇ-കൊമേഴ്‌സ് പ്ലാനുകളും അംബാനിയുടെ പദ്ധതിയിലുണ്ട്.
കൊറോണ വൈറസ് ഭീതി കാരണം കൂടുതൽ എണ്ണ പമ്പ് ചെയ്യാമെന്ന് സൗദി അറേബ്യയും റഷ്യയും അറിയിച്ചതോടെയാണ് 29 വർഷത്തിനിടെ ഇന്ധനവില ഏറ്റവും താഴോട്ട് കൂപ്പുകുത്തിയത്. എന്നാൽ, കൊറോണ വൈറസ് മൂലം ആലിബാബയുടെ ചില ബിസിനസുകൾ വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങൾക്കും മൊബൈൽ ആപ്ലിക്കേഷനുകൾക്കുമായുള്ള വർധിച്ച ആവശ്യകത മൂലം നാശനഷ്ടങ്ങൾ ലഘൂകരിക്കപ്പെട്ടു.
കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന സാഹചര്യത്തില്‍ ആവശ്യം കുത്തനെ കുറഞ്ഞതോടെയാണ് അസംസ്‌കൃത എണ്ണ വില കൂപ്പുകുത്തിയത്. റഷ്യയുമായി വില കുറയ്ക്കല്‍ തന്ത്രം പയറ്റാന്‍ സൗദി തീരുമാനിച്ചതോടെയാണ് വിലയില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നത്. 31 ശതമാനത്തിന്റെ ഇടിവാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്. ആഗോള തലത്തില്‍ എണ്ണ വില ബാരലിന് 31.02 ഡോളറായി കുറഞ്ഞു. ഇനി 20 ഡോളറില്‍ താഴെവരെ വില കുറയുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്സ് നല്‍കുന്ന സൂചന. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1991ല്‍ ഒന്നാം ഗള്‍ഫ് യുദ്ധ സമയത്താണ് ഇതിന് മുമ്പ് വില ഇത്രത്തോളം കുറഞ്ഞിട്ടുള്ളത്.
കൊറോണ വൈറസ് കാരണം മുൻനിര ടെക് കമ്പനികളുടെ മേധാവികളുടെ എല്ലാം ആസ്തികളിൽ വൻ ഇടിവാണ് നേരിട്ടത്. കൊറോണയെ തുടർന്ന് ലോകത്തെ ഏറ്റവും സമ്പന്നരായ 10 ടെക്കി കോടീശ്വരൻമാർക്ക് തിങ്കളാഴ്ച 37.7 ബില്യൺ ഡോളർ (ഏകദേശം 2.81 ലക്ഷം കോടി) നഷ്ടമായി. 10 കോടീശ്വരൻമാരിൽ ഒമ്പത് പേർക്കും വിപണിയിൽ കറുത്ത തിങ്കളാഴ്ചയായിരുന്നു. കൊറോണ കാരണം വിപണി തകർന്നതിനിടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ 1987 ഒക്ടോബറിലെ കുപ്രസിദ്ധമായ സ്റ്റോക്ക് മാർക്കറ്റ് തകർച്ചയെ പരാമർശിച്ച് ‘ബ്ലാക്ക് തിങ്കൾ’ എന്ന് വിശേഷിപ്പിച്ചു.
ഡോളറിന്റെയും ശതമാനത്തിന്റെയും കാര്യത്തിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത് ആഢംബര വസ്തുക്കളുടെ മേധാവി ബെർണാഡ് അർനോൾട്ടാണ്. 600 കോടി ഡോളറാണ് നഷ്ടം. പാരീസ് ലിസ്റ്റുചെയ്ത എൽവിഎംഎച്ച് സിഇഒയും ലോകത്തെ മൂന്നാമത്തെ സമ്പന്നനുമായ അർനോൾട്ടിന്റെ വെള്ളിയാഴ്ച 9860 കോടി ഡോളറായിരുന്ന ആസ്തി 9260 കോടി ഡോളർ ആയി കുറഞ്ഞു. വെള്ളിയാഴ്ച ഇത് 9860 കോടി ഡോളറായിരുന്നു.
ലോകത്തിലെ ഏറ്റവും ധനികനായ ജെഫ് ബെസോസിന് 560 കോടി ഡോളർ നഷ്ടം നേരിട്ടു. കഴിഞ്ഞ ആഴ്ച ബെസോസിന് 1410 കോടി ഡോളർ നഷ്ടവും നേരിട്ടിരുന്നു. ആമസോൺ ഓഹരി തിങ്കളാഴ്ച 5 ശതമാനത്തിലധികം ഇടിഞ്ഞ് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അതേസമയം, ഇതിഹാസ നിക്ഷേപകനായ വാറൻ ബഫറ്റിന്റെ സമ്പാദ്യം 540 കോടി ഡോളർ ഇടിഞ്ഞു. ബെർക്‌ഷെയർ ഹാത്‌വേയുടെ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ഈ ദിവസത്തെ ഏറ്റവും വലിയ മൂന്നാമത്തെ പരാജിതനായി.
മെക്സിക്കോ ടെലികോം മാഗ്നറ്റ് കാർലോസ് സ്ലിമിന് ആദ്യ പത്തിലെ നാലാമത്തെ വലിയ ഇടിവാണ്. 500 കോടി ഡോളർ അഥവാ സമ്പത്തിന്റെ 8% നഷ്ടം നേരിട്ടു. 5640 കോടി ഡോളർ ആണ് ആസ്തി. വിദേശത്ത് മറ്റിടങ്ങളിൽ സ്പെയിനിലെ അമാൻസിയോ ഒർട്ടെഗയ്ക്ക് ഏകദേശം 400 കോടി ഡോളർ നഷ്ടമായി. സാറ-പാരന്റ് ഇൻഡിടെക്സിന്റെ സ്ഥാപകന്റെ ഇപ്പോഴത്തെ ആസ്തി 6750 കോടി ഡോളറാണ്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട പരസ്യത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രമുഖ ടെക് ഭീമൻമാരായ ഫെയ്‌സ്ബുക്കിനും ആൽഫബെറ്റിനുമുള്ള കമ്പനികളുടെ വിപണിയെ ബാധിച്ചു. മാർക്ക് സക്കർബർഗിനും ലാറി പേജിനും തിങ്കളാഴ്ച യഥാക്രമം 420 കോടി ഡോളറും 330 കോടി ഡോളറും നഷ്ടമായി. പേജിന്റെ സുഹൃത്ത് സെർജി ബിന്നിന് 310 ബില്യൺ ഡോളർ നഷ്ടപ്പെട്ടു. ഇതോടെ കോടീശ്വരൻമാരുടെ പട്ടികയിലെ ലോകത്തിലെ മികച്ച പത്തിൽ നിന്ന് പുറത്തായി.
https://www.facebook.com/Malayalivartha

























