അധികാര കൊതിയോ പകയോ; മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധി അടക്കമുള്ളവരുടെ വിശ്വസ്തനുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു കൊണ്ട് ;പിതാവിന്റെ ജന്മവാര്‍ഷികത്തില്‍ സിന്ധ്യയുടെ രാജിയുടെ പിന്നിലെ കാരണമിതാണ്....

മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു കൊണ്ടാണ് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ ഗാന്ധി അടക്കമുള്ളവരുടെ വിശ്വസ്തനുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. രാജ്യസഭാസീറ്റും ക്യാബിനറ്റ് പദവിയോട് കൂടി കേന്ദ്രമന്ത്രി സ്ഥാനവും നല്‍കുമെന്ന ബിജെപിയുടെ ഉറപ്പിന്‍മേലാണ് സിന്ധ്യയുടെ രാജി എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെങ്കിലും ജ്യോതിരാദിത്യ സിന്ധ്യ ഇതുവരെ മനസു തുറന്നിട്ടില്ല. സിന്ധ്യ രാജിവച്ചതിനു പിന്നാലെ അദ്ദേഹത്തെ അനുകൂലിുക്കുന്ന 22 എംഎല്‍എമാരും രാജി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ ബുധനാഴ്ച രാവിലെയോടെ സിന്ധ്യയ്ക്ക് പിന്തുണ വ്യക്തമാക്കി ഗ്വാളിയാര്‍, ചമ്പല്‍ മേഖലയിലെ പ്രാദേശിക നേതാക്കളും പ്രവരത്തകരും ഉള്‍പ്പെടെ 200ലധികം പ്രവര്‍ത്തകര്‍ രാജിവച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇനിയും രാജികള്‍ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, ജോതിരാദിത്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ദിവസത്തിനും ഒരു പ്രത്യേകതയുണ്ട്. പിതാവ് മാധവറാവു നിന്ധ്യയുടെ 75-ാം ജന്‍മവാര്‍ഷികം കൂടിയായിരുന്നു കഴിഞഞ ദിവസം. അതിനാല്‍ കേവലം ഒരു സുപ്രഭാതത്തില്‍ സിന്ധ്യ എടുത്ത തീരുമാണ് ഇതെന്ന് കരുതാന്‍ വയ്യ. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നടന്ന അധികാര പിടിവലിയുടേയും സിന്ധ്യ ഉയര്‍ത്തിയ പരാതികളോട് പാര്‍ട്ടി നേതൃത്വം കാണിച്ച അവഗണനയുടെയും പരിണിത ഫലങ്ങളാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുക എന്നതാണു തന്റെ ലക്ഷ്യമെന്നും കോണ്‍ഗ്രസിനുള്ളില്‍ നിന്ന് അതു സാധ്യമല്ലെന്നാണു കരുതുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് 18 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുന്നതെന്നാണ് സിന്ധ്യ തന്റെ രാജിക്കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. തനിക്കൊപ്പമുള്ളവരുടെ സ്വപ്ന സാക്ഷാത്കാരത്തിനായി പുതിയൊരു തുടക്കം അനിവാര്യമാണെന്നും സിന്ധ്യ വ്യക്തമാക്കുന്നു.
മധ്യപ്രദേശില്‍ 15 വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാന്‍ അണിയറയിലും പോര്‍ക്കളത്തിലും യത്‌നിച്ചത് ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം തന്റെ അവകാശവാദം ഉന്നയിച്ചു. എന്നാല്‍ മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളായ കമല്‍നാഥും ദിഗവിജയ് സിങ്ങും ചേര്‍ന്ന് ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച് സിന്ധ്യയുടെ ചിറകരിഞ്ഞു. എങ്കിലും വാശിയോടെ പൊരുതിനിന്ന സിന്ധ്യ, അന്നു പാര്‍ട്ടി അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണു മുഖ്യമന്ത്രിസ്ഥാനം കമല്‍നാഥിനു വിട്ടുനല്‍കാന്‍ തയ്യാറായത. എന്നാല്‍, മുഖ്യമന്ത്രിയായതിനു ശേഷം സര്‍ക്കാരിന്റെയും സംസ്ഥാനത്തെ പാര്‍ട്ടിയുടെയും നിയന്ത്രണം പൂര്‍ണമായും കമല്‍നാഥിന്റെ കൈകളിലാകുകയായിരുന്നു.
തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനത്തിനു പകരമാണു പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല സിന്ധ്യക്ക് നല്‍കിയത്. പിന്നീട് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണ മണ്ഡലത്തില്‍ നിന്നും തോറ്റതോടെ ജ്യോതിരാദിത്യ പാര്‍ട്ടിക്കെതിരെ തിരിഞ്ഞു. തോല്‍വിയില്‍ കമല്‍നാഥിന്റെ രഹസ്യനീക്കങ്ങള്‍ ഉണ്ടെന്ന സംശയം സിന്ധ്യ പരസ്യമായി ഉന്നയിച്ചു. പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ പരാജയം നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിന്റെ പാര്‍ട്ടി ചുമതലയില്‍ നിന്നും ഒഴിഞ്ഞു. അന്നു മുതല്‍ സിന്ധ്യ കോണ്‍ഗ്രസിലെ വിമത ശബ്ദമായി.
പിന്നീട് കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് പടപൊരുതിയപ്പോള്‍, കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് ജ്യോതിരാദിത്യ പാര്‍ട്ടിയോടുള്ള എതിര്‍പ്പ് പരസ്യമാക്കി. കഴിഞ്ഞ നവംബറില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ മേല്‍വിലാസം തിരുത്തിയും അദ്ദേഹം പ്രതിഷേധ സൂചന നല്‍കി. രാഷ്ട്രീയ വിശേഷണം ഉപേക്ഷിച്ച് 'പൊതുസേവകന്‍, ക്രിക്കറ്റ് പ്രേമി' എന്ന പുതിയ ട്വിറ്റര്‍ വിലാസം സ്വീകരിച്ചു. തന്നോടുള്ള അവഗണനയുടെ അമര്‍ഷത്തില്‍ ജ്യോതിരാദിത്യ നീറിപ്പുകഞ്ഞപ്പോള്‍, മറുവശത്ത് പിസിസി പ്രസിഡന്റ് പദവിയും ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്നു കമല്‍നാഥ് വ്യക്തമാക്കിയതു കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. ജ്യോതിരാദിത്യ നിര്‍ദേശിച്ചയാളെ പിസിസി പ്രസിഡന്റാക്കാനാകില്ലെന്നും നിലപാടെടുത്ത കമല്‍നാഥ്, രാജ്യസഭാ സീറ്റ് അദ്ദേഹത്തിനു നല്‍കുന്നതിനെയും എതിര്‍ത്തു. രാജ്യസഭയിലേക്കു താന്‍ സ്ഥാനാര്‍ഥിയായാലും പരാജയപ്പെടുത്താന്‍ കമല്‍നാഥ് ശ്രമിക്കുമെന്ന ആശങ്കയും ജ്യോതിരാദിത്യയ്ക്കുണ്ടായി. ജ്യോതിരാദിത്യ ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകള്‍ വന്നതോടെ അനുനയിപ്പിക്കാന്‍ ദേശീയ നേതൃത്വം നിര്‍ദേശിച്ചെങ്കിലും ഫോണ്‍ വിളിക്കാന്‍ പോലും താനില്ലെന്ന് കമല്‍നാഥ് തുറന്നടിച്ചു. ഇതോടെ നിര്‍ണായക തീരുമാനം എടുക്കാന്‍ സിന്ധ്യ നിര്‍ബന്ധിതനാവുകയായിരുന്നു..
https://www.facebook.com/Malayalivartha


























