കൊറോണ വൈറസ് വ്യാപനം; ഇനി പന്തിലെ "തുപ്പൽ പ്രയോഗം"വേണ്ടെന്ന തീരുമാനവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം...രോഗബാധ തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കും

ഭീതി പടർത്തി താണ്ഡവമാടുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ സാധ്യമാകുന്നത് എന്തൊക്കെയാണോ അത്തരം നടപടികളെല്ലാം സ്വീകരിക്കുകയാണ് ഇന്ന് ലോകമെമ്പാടും. നോവൽ കൊറോണ വൈറസ് രോഗിയുടെ ശരീര സ്രവങ്ങളിൽ നിന്നാണ് പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും.അതുകൊണ്ടുതന്നെയാണ് കഠിനമായ പ്രതിരോധ പ്രവർത്തനങ്ങളിലെക്കു നീങ്ങാൻ ലോകമെമ്പാടുമുള്ളവർ തയ്യാറാക്കുന്നതും.
കൊറോണ വൈറസ് ഭീതി നിലനിൽക്കുന്നതിനാല്‍ ക്രിക്കറ്റ് ലോകത്തും മുൻ കരുതൽ നടുപടികൾ സ്വീകരിക്കാനൊരുങ്ങുകയാണു താരങ്ങൾ. ഇതിന്റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമായി ഹസ്തദാനം നടത്തേണ്ടതില്ലെന്ന് ദക്ഷിണാഫ്രിക്കൻ ടീം തീരുമാനിച്ചിരുന്നു. ലോകത്തെ പല കായിക മത്സരങ്ങളും ഹസ്തദാനങ്ങൾ പരമാവധി ഒഴിവാക്കിയാണു ഇപ്പോൾ സംഘടിപ്പിക്കുന്നതും. . ഈ സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങളും വൈറസ് ബാധ തടയാനുള്ള നടപടികളുമായി മുന്നോട്ടു വന്നിരിക്കുകയാണ്.
ക്രിക്കറ്റിലെ അവിഭാജ്യ ഘടകം എന്ന് തോന്നിപ്പിക്കുന്ന ഒരു കാര്യമാണ് ക്രിക്കറ്റ് ബോളിനു പുറത്തു ഉമിനീർ പുരട്ടുക എന്നത്. ചെറിയ കുട്ടികൾ പോലും ക്രിക്കറ്റിനെ അനുകരിക്കുമ്പോൾ ഏറ്റവും കൂടുതൽ ചെയ്യുന്നതും ഈ ഒരു കാര്യമാണ്. നോവൽ കൊറോണ വൈറസ് പടരുന്നത് രോഗിയുടെ ശരീര സ്രവങ്ങളിൽ നിന്നാണ് എന്നിരിക്കെ ബോളിൽ ഉമിനീർ പുരട്ടുന്ന പ്രവണത വലിയ അപകടമാണ് സൃഷ്ടിക്കുക.രോഗം പടർന്നു പിടിക്കുന്നതിനു ഈ ഒരു ശീലം കാരണമായേക്കാം . അതുകൊണ്ടുതന്നെക്രിക്കറ്റ് ബോളിനു നല്ല തിളക്കം കിട്ടുന്നതിനായി പന്തിൽ ഉമിനീർ പുരട്ടുന്നത് ഇന്ത്യൻ ബോളർമാർ കുറയ്ക്കുമെന്ന നിലപാടുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. ഇന്ത്യൻ താരം ഭുവനേശ്വർ കുമാറാണ് ഇത്തരമൊരു നിലപാട് വ്യക്തമാക്കിയത്. കൊറോണ വൈറസ് ഭീതി നിലനിൽക്കുന്നതിനാലാണു തീരുമാനമെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനു മുൻപു മാധ്യമങ്ങളെ കണ്ടപ്പോൾ ഭുവനേശ്വർ കുമാർ പറഞ്ഞു. ഉമിനീരു പന്തിൽ പുരട്ടുന്നതു വഴി രോഗം പടരാനുള്ള സാധ്യത പരിഗണിച്ചാണു നീക്കം. പന്തിനു തിളക്കം കൂട്ടാൻ ബോളർമാർ വർഷങ്ങളായി പിന്തുടരുന്ന ശീലമാണു പന്തില്‍ ഉമിനീർ പുരട്ടുകയെന്നത്.
അതേസമയം ഓസ്ട്രേലിയ– ന്യൂസീലൻഡ് ഏകദിന പരമ്പരയിൽ താരങ്ങൾ ഹസ്തദാനം നടത്തുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകൻ ജസ്റ്റിൻ ലാംഗർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാനിറ്റൈസറുകൾ ഇഷ്ടം പോലെ കിട്ടാനുള്ളപ്പോൾ ഹസ്തദാനം നൽകുന്നതിൽ തെറ്റില്ലെന്നായിരുന്നു ലാംഗറിന്റെ പക്ഷം. കൊറോണ ഭീതിയെത്തുടർന്ന് ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ക്രിക്കറ്റ് ടീമുകൾ ഹസ്തദാനം ഉപേക്ഷിച്ചിരുന്നു.
നാളെ ധരംശാലയിലും 15ന് ലക്നൗവിലും 18ന് കൊൽക്കത്തയിലുമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന മത്സരങ്ങൾ. പരുക്കേറ്റതിനാൽ ഏറെ നാളുകള്‍ക്കു ശേഷമാണ് ഭുവനേശ്വർ കുമാർ വീണ്ടും കളിക്കാനിറങ്ങുന്നത്. കൊറോണ ഭീഷണിയുള്ളതുകൊണ്ടുതന്നെ മത്സരം കാണാൻ എത്ര പേർ ധരംശാലയിൽ എത്തും എന്ന കാര്യവും കാത്തിരുന്നു കാണേണ്ടതാണ്. മത്സരങ്ങൾ മാറ്റി വയ്ക്കേണ്ടതില്ലെന്നും സുരക്ഷാനടപടികള്‍ സ്വീകരിച്ചാൽ മതിയെന്നുമാണ് ബിസിസിഐയുടെ തീരുമാനം.
https://www.facebook.com/Malayalivartha


























