സിന്ധ്യയുടെ രാജിക്ക് പിന്നാലെ മിന്നല്‍ നീക്കം; ഡി.കെ. ശിവകുമാര്‍ ഇനി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍

കർണാടകയിലെ മുതിര്‍ന്ന കോണ്ഗ്രസ് നേതാവും മുന് മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ കര്ണാടകയിലെ പിസിസി അധ്യക്ഷനായി നിയമിച്ചു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ഈശ്വര് ഖാന്ദ്രെ, സതീഷ് ജാര്ക്കിഹോളി, സലീം അഹമ്മദ് എന്നിവരെ പി.സി.സി. വര്ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. മുന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിപക്ഷ നേതാവായി തുടരുമെന്നും അജയ് സിങ്ങിനെ നിയമസഭയിലെ ചീഫ് വിപ്പായി നിയമിച്ചെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അനധികൃത പണമിടപാട് കേസില്‍ ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഡി.കെ ശിവകുമാറിനെ അധ്യക്ഷനായി പ്രഖ്യാപിക്കാനിരിക്കെയായിരുന്നു അറസ്റ്റ് ഉണ്ടായത്. തുടര്‍ന്ന് ഒരു മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ശിവകുമാര്‍ പുറത്തിറങ്ങിയത്. ജയില്‍ മോചിതനായി അഞ്ച് മാസത്തിന് ശേഷമാണ് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാര്‍ എത്തുന്നത്. മധ്യപ്രദേശില് പി.സി.സി. അധ്യക്ഷ സ്ഥാനവും രാജ്യസഭ സീറ്റും നല്കാത്തതില് ജ്യോതിരാദിത്യ സിന്ധ്യ പാര്ട്ടി വിട്ട് ബിജെപിയില് ചേര്ന്ന ദിവസമാണ് ഡി.കെ.യെ കര്ണാടക അധ്യക്ഷനാക്കിയതെന്നതും ശ്രദ്ധേയമാണ്. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിടുമ്പോള്‍ ശിവകുമാറിനെ പോലെയുള്ള നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കി കൂടെ തന്നെ നിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
നേരത്തെ, കര്‍ണാടക നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ധ്യക്ഷനായിരുന്ന ദിനേഷ് ഗുണ്ടുറാവു രാജിവെച്ചിരുന്നു. ഡി.കെ ശിവകുമാറിന്റെ പേരായിരുന്നു അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുന്നോട്ട് വന്നത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു. ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള എം.ബി പാട്ടീലിനെയാണ് സിദ്ധരാമയ്യ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള കര്‍ണാടകത്തില്‍ വൊക്കലിഗ സമുദായക്കാരനായ ശിവകുമാറിന് സംസ്ഥാന കോണ്‍ഗ്രസിനെ മികച്ച രീതിയില്‍ നയിക്കാന്‍ കഴിയില്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ വാദം. ഇതിനെ തുടര്‍ന്ന് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നേതാവിനെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.
കർണാടക രാഷ്ട്രീയത്തിലെ തന്ത്രശാലിയായ രാഷ്ട്രീയക്കാരനായാണ് ഡി.കെ ശിവകുമാര് അറിയപ്പെടുന്നത്. കോണ്ഗ്രസ്-ജെഡിഎസ് സര്ക്കാര് രൂപവത്കരണത്തില് ചുക്കാന് പിടിച്ചതും രാഷ്ട്രീയ കരുനീക്കങ്ങള്ക്ക് നേതൃത്വം നല്കിയതും അദ്ദേഹമായിരുന്നു. കര്‍ണാടക നിയമസഭയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി അറിയപ്പെടുന്ന ഡി.കെ. ശിവകുമാര്‍. അതേസമയം, ഡി.കെ. ശിവകുമാര് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതോടെ ജെഡിഎസിലെ ഒരുവിഭാഗം കോണ്ഗ്രസിലേക്ക് ചേക്കേറുമെന്ന് നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നു.
നേരത്തെ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലും സമാനമായ രീതിയില്‍ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ഇറങ്ങിയപ്പോള്‍ അന്നും കോണ്‍ഗ്രസ് നേതൃത്വം അതിനെ പ്രതിരോധിച്ചത് ഡി കെ.ശിവകുമാറിന്റെ സഹായത്തോടെയാണ്. മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരേയും ബെംഗളൂരുവിലെ ശിവകുമാറിന്റെ റിസോര്‍ട്ടിലേക്ക് മാറ്റിയാണ് കോണ്‍ഗ്രസ് പ്രതിരോധം തീര്‍ത്തത്. പ്രതിസന്ധികള്‍ മറികടന്ന് രാജ്യസഭാ സീറ്റില്‍ അഹമ്മദ് പട്ടേല്‍ ജയിച്ചതോടെ ഡി കെ ശിവകുമാര് കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിനും വിശ്വസ്തനായി മാറി. ആ വിശ്വാസമാണ് ഇപ്പോള്‍ വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha


























