നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ലോക്ക് ഡൌണ്‍ കഴിയാതെ വിമാന സര്‍വീസ് നടത്താന്‍ കഴിയില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയില്‍ ആശങ്കയോടെ മലയാളികള്‍ ഉള്‍പ്പടെ ഒട്ടനവധി ഇന്ത്യക്കാര്‍

മലയാളികള്‍ ഉള്‍പ്പടെ ഒട്ടനവധി ഇന്ത്യക്കാര്‍ ഇപ്പോഴും ആശങ്കയില്‍ തുടരുകയാണ് .നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ലോക്ക് ഡൌണ്‍ കഴിയാതെ വിമാന സര്‍വീസ് നടത്താന്‍ കഴിയില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ മറുപടി വന്നിരിക്കുകയാണ് .ഈ സാഹചര്യത്തില്‍ ഏതെല്ലാം വിധത്തില്‍ സഹായം നല്‍കാം എന്ന നിലപാടിനെപ്പറ്റിയും കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ആലോചിച്ചു വരികയാണ് .ഭക്ഷണവും താമസവുമെല്ലാം വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ലഭ്യമാകുന്നുണ്ടോ എന്നറിയാന്‍ ഇന്ത്യന്‍
എംബസി തീവ്ര ശ്രമങ്ങള്‍ നടത്തി വരുന്നതായും റിപ്പോര്‍ട്ടുണ്ട് .
അതേസമയം പരിഭ്രാന്തി ഉണ്ടാകേണ്ട ഒരു കാര്യവുമില്ല എന്നും സ്വദേശത്തായാലും വിദേശത്തായാലും കരുതലോടെ സുരക്ഷിതമായി ഇരിക്കുക എന്നതാണ് ഏറ്റവും പ്രാധാന്യം എന്നത് തന്നെയാണ് ഇപ്പോള്‍ വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത് .ഇതിനോടകം തന്നെ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം 11000 കടന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് .കോവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയിലുണ്ടായ പരിഭ്രാന്തി മാറ്റാന്‍ ഒപ്പമുണ്ടെന്ന ഉറപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നത് ഏറെ ആശ്വാസം ഉണ്ടാക്കുന്ന വാര്‍ത്ത തന്നെയാണ് . പ്രവാസിക്ഷേമം ഉറപ്പു വരുത്താന്‍ ഗള്‍ഫിലെ 6 രാജ്യങ്ങളിലെയും ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കി.
വിദേശത്തുള്ളവര്‍ക്കും ഇന്ത്യയിലുള്ളവര്‍ക്കും വീസ കാലാവധി സംബന്ധിച്ച് ആശങ്കകള്‍ വേണ്ട എന്നും അതിനു വേണ്ട നടപടികളെല്ലാം ചെയ്യുമെന്ന് അതതു രാജ്യങ്ങളുടെ അധികൃതര്‍ പ്രധാനമന്ത്രിക്ക് ഉറപ്പു നല്‍കിയിരിക്കുകയാണ് . എന്നാല്‍ ലോക്ഡൗണ്‍ മൂലമുള്ള പരിമിതികളുള്ളതിനാല്‍ വിമാനസര്‍വീസുകള്‍ ഇപ്പോഴുണ്ടാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വിമാനസര്‍വീസുകള്‍ ആരംഭിക്കുന്ന മുറയ്ക്ക് രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കു പ്രഥമ പരിഗണന നല്‍കി നാട്ടിലെത്തിക്കും എന്നാണ് വ്യക്തമാകുന്നത്
ഗള്‍ഫില്‍ കൂടുതല്‍ ക്വാറന്റീന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അടിയന്തര പരിഗണന നല്‍കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ഇന്ത്യന്‍ സ്‌കൂളുകളടക്കം ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കുന്നതിനും ലേബര്‍ ക്യാംപുകളില്‍ മരുന്നും ഭക്ഷണവും എത്തിക്കുന്നതിനും വിദേശകാര്യ മന്ത്രാലയം നടപടിയെടുക്കുന്നുണ്ട് എന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുകയാണ് . ഇന്ത്യന്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും സേവനം കൂടുതലായി ഇന്ത്യക്കാര്‍ക്കു ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള അടിയന്തിര നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു
ദുബായില്‍ കൂടുതല്‍ ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും അസോസിയേഷനുകളുടെയും സഹകരണത്തോടെ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ തുടങ്ങാനും സഹായമെത്തിക്കാനും അധികൃതരുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ് . ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തുന്നവരുടെ പുനരധിവാസം സംബന്ധിച്ച് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുമായും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്താനിരിക്കുന്ന സാഹചര്യത്തില്‍ വിദേശത്തു കഴിയുന്ന ആളുകളെ സംബന്ധിച്ച കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും എന്ന് തന്നെയാണ് വ്യക്തമാകുന്നത്.
L
https://www.facebook.com/Malayalivartha


























