കേരള മാതൃക എവിടെ ... കേന്ദ്രത്തിനു മുന്നില്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം

കേന്ദ്ര സര്‍ക്കാരിന്റെ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ അഹമ്മദാബാദ് കോവിഡ് ആശുപത്രി, ആഗ്രയിലെ രോഗ നിയന്ത്രണ മാതൃക തുടങ്ങിയവയെക്കുറിച്ചു പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തിയിരുന്നു. കേരളത്തിന്റെ കോവിഡ് പ്രതിരോധ മാതൃകയെക്കുറിച്ചു പറയാത്തത് എന്താണെന്ന് കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ ചോദ്യം ഉയര്‍ന്നു. ഫലപ്രദമായി പ്രതിരോധം തീര്‍ത്ത കേരളത്തെക്കുറിച്ചു വിശദീകരിക്കാത്തത് എന്തുകൊണ്ടെന്നായിരുന്നു ചോദ്യം. കേരളം മികച്ച രീതിയിലാണു പ്രവര്‍ത്തിച്ചതെന്നു കേന്ദ്രം മറുപടി നല്‍കി. കേരളത്തിലെ പ്രവര്‍ത്തനവും വരുംദിവസം പരിചയപ്പെടുത്തുമെന്നു ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
മേയ് മാസത്തോടെ 10 ലക്ഷം പരിശോധന കിറ്റുകള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. സ്രവ പരിശോധനയ്ക്കും ദ്രുതപരിശോധനയ്ക്കുമുള്ള കിറ്റുകളുമാണിത്. 6000 വെന്റിലേറ്ററുകളും തദ്ദേശീയമായി നിര്‍മിക്കും. വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം തുടരുന്നു.
അതേസമയം, കോവിഡിനു വേണ്ടിയുള്ള പ്രത്യേക ആശുപത്രികളല്ലാത്ത മുഴുവന്‍ ആശുപത്രികളും അടിയന്തര ചികിത്സ ആവശ്യമായ എല്ലാ രോഗങ്ങള്‍ക്കും ചികിത്സ ഉറപ്പാക്കണമെന്നു മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് ആശങ്ക നിലനില്‍ക്കെ അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കാനും ഗുരുതരമല്ലാത്ത ചികിത്സയ്ക്കു ടെലിമെഡിസിനെ ആശ്രയിക്കാനും നിര്‍ദേശമുണ്ട്.
അവശ്യ സര്‍വീസുകള്‍ക്കു മുന്‍കൂര്‍ പാസ് നല്‍കി മാത്രം ഗതാഗതം അനുവദിക്കും. കര്‍ശന നിയന്ത്രണ മേഖല, അതിനു ചുറ്റുമുള്ള സംരക്ഷിത മേഖല എന്നിവിടങ്ങളിലേക്കുള്ള വരവും പോക്കും കര്‍ശന നിരീക്ഷണത്തിലാവും. ഗ്രാമീണ റോഡുകള്‍ അടക്കം പൊലീസ് നിരീക്ഷണത്തിലാവും. ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രം പുതുക്കി.
4 ദിവസത്തിനിടെ രാജ്യത്തെ പ്രത്യേക കോവിഡ് ആശുപത്രികളുടെ എണ്ണം മൂന്നിരട്ടിയായി. വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ 1919 ആശുപത്രികള്‍ സജ്ജമായി. 1.73 ലക്ഷം ഐസലേഷന്‍ കിടക്കകളും 21,800 ത്രീവപരിചരണ കിടക്കകളുമുണ്ട്. രോഗബാധിതരില്‍ 13.06% പേര്‍ സുഖംപ്രാപിച്ചു. സാംപിള്‍ പരിശോധന 3.19 ലക്ഷം കടന്നു. ഇന്നലെ മാത്രം 28,340.
https://www.facebook.com/Malayalivartha























