തമിഴ്നാട് ഉദ്യോഗസ്ഥരുടെ അനാസ്ഥ ; അതിർത്തിയിൽ പൊലിഞ്ഞത് കുരുന്നുജീവൻ; മരിച്ചത് സേലം സ്വദേശികളായ നിസാമുദ്ദീൻ – റിസ്വാന ദമ്പതികളുടെ കുഞ്ഞ്

കോവിഡ് തകർത്തെറിയുന്ന ജീവിതങ്ങളിൽ ഒരു കുഞ്ഞു ജീവൻകൂടി ചേരുകയാണ്.പക്ഷെ ആ വേർപാട് കോവിഡ് രോഗ ബാധയെ തുടർന്നല്ല . ലോക്ക് ഡൌൺ കാലത്തെ നിയന്ത്രണങ്ങളുടെ പേരിൽ നടക്കുന്ന മനുഷ്യത്വ രഹിതമായ ഇടപെടലുകളെ തുടർന്നാണ് .ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോകുകയായിരുന്ന കുഞ്ഞിനെ തമിഴ്‌നാട് അതിർത്തിയിൽ വെച്ചാണ് തടഞ്ഞത്,
11 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്കായി തമിഴ്നാട്ടിൽ നിന്നു തൃശൂരിലെ ആശുപത്രിയിലേക്ക് ആംബുലൻസിലെത്തിയ ദമ്പതികളെ അതിർത്തിയിൽ തമിഴ്നാട് ഉദ്യോഗസ്ഥ സംഘം തടഞ്ഞതിനെത്തുടർന്ന് ചികിത്സ വൈകിയാണ് കുഞ്ഞു മരിച്ചത് . തർക്കത്തിനൊടുവിൽ, മുക്കാൽ മണിക്കൂർ വൈകി യാത്രാനുമതി നൽകിയെങ്കിലും കേരള പൊലീസിന്റെ സഹായത്തോടെ തൃശൂരിലെ ആശുപത്രിയിലെത്തിയ ഉടൻ കുഞ്ഞു മരിക്കുകയായിരുന്നു.
സേലം സ്വദേശികളായ നിസാമുദ്ദീൻ – റിസ്വാന ദമ്പതികൾ കുഞ്ഞിന്റെ മൃതദേഹവുമായി തിരികെ പോയപ്പോഴും ഇതേ ഉദ്യോഗസ്ഥ സംഘം തടഞ്ഞു. മരണ സർട്ടിഫിക്കറ്റില്ലാതെ കടത്തിവിടാനാകില്ലെന്നു പറഞ്ഞ് തിരിച്ചയയ്ക്കാനായിരുന്നു ശ്രമം. വിവരമറിഞ്ഞു കേരള പൊലീസ് ഇടപ്പെട്ടു. പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നു സർട്ടിഫിക്കറ്റ് ലഭിക്കാൻ കേരള പൊലീസ് ശ്രമം നടത്തുന്നതിനിടെ കോയമ്പത്തൂർ കലക്ടറുടെ നിർദേശപ്രകാരം തമിഴ്നാട് സംഘം ഇവരെ അതിർത്തി കടക്കാൻ അനുവദിച്ചു.
എട്ടാം മാസത്തിലായിരുന്നു ആൺകുഞ്ഞിന്റെ ജനനം. ഹൃദയമിടിപ്പു കുറവായതിനാൽ വിദഗ്ധ ചികിത്സയ്ക്കായിരുന്നു തൃശൂരിലേക്കുള്ള യാത്ര. ജൂബിലി മിഷൻ ആശുപത്രിയിൽ അടിയന്തര ചികിത്സാ സൗകര്യമൊരുക്കി അധികൃതർ കാത്തിരിക്കുകയായിരുന്നു.
ഗർഭിണികളെയും ചികിത്സയ്ക്കെത്തുന്നവരെയും നിബന്ധനകൾക്കു വിധേയമായി സംസ്ഥാനത്തു പ്രവേശിപ്പിക്കാമെന്നു കേരളം സർക്കാർ ഉത്തരവ്. കലക്ടർമാർക്കാണ് അനുമതി നൽകാനുള്ള അധികാരം. ഗർഭിണികൾ റജിസ്റ്റേഡ് ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആരോഗ്യ സംബന്ധമായ വിവരങ്ങൾക്ക് പുറമേ, ഒപ്പം യാത്ര ചെയ്യുന്നവരുടെ വിവരങ്ങളും വേണം. 3 പേരിൽ കൂടുതൽ വാഹനത്തിൽ പാടില്ല. ഗർഭിണിക്ക് ഒപ്പമുള്ള കുട്ടികളെയും യാത്രയ്ക്ക് അനുവദിക്കും.
എന്നാൽ, നിസാമുദ്ദീൻ – റിസ്വാന ദമ്പതികളുടെ കുഞ്ഞിന്റെ കാര്യത്തിൽ അതിർത്തിയിൽ നഷ്ടപ്പെട്ട സമയം നിർണായകമായി.
https://www.facebook.com/Malayalivartha























