റാപ്പിഡ് ടെസ്റ്റ് കിറ്റില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി തരൂര്‍ ; ഇത്തരം പാഴ്‌സാധനങ്ങള്‍ വാങ്ങി ജനങ്ങളുടെ പണം കളഞ്ഞുകുളിക്കുന്നതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നു തരൂർ

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ചൈനയില്‍ നിന്നും ഇന്ത്യയിലെത്തിച്ച ടെസ്റ്റിങ് കിറ്റുകളുടെ അപാകതയിലാണ് തരൂര്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.
ഇന്ത്യയ്ക്ക് ചൈനയില്‍ നിന്ന് കിട്ടിയത് മുഴുവന്‍ മോശം ടെസ്റ്റിങ് കിറ്റുകളാണെന്നും എം.പി ലാഡ് ഫണ്ട് മുഴുവന്‍ ചിലവാക്കുന്നത് ഇത്തരം പാഴ്‌സാധനങ്ങള്‍ വാങ്ങാനാണോയെന്നും തരൂര്‍ ട്വീറ്റില്‍ ചോദിച്ചു. ഇത്തരത്തില്‍ ജനങ്ങളുടെ പണം കളഞ്ഞുകുളിക്കുന്നതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും ശശി തരൂര്‍ ചോദിച്ചു.
” ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച എല്ലാ ടെസ്റ്റിങ് കിറ്റുകളും വ്യാപകമായ തകരാറുകള്‍ ഉള്ളതാണ്. ഇത് ചോദിക്കാന്‍ പാടുള്ള സമയമല്ല എങ്കിലും ചോദിക്കുകയാണ്. ഞങ്ങള്‍ എം.പിമാരുടെ എം.പി ലാഡ് ഫണ്ട് മുഴുവന്‍ ചിലവാക്കുന്നത് ഇത്തരം പാഴ്‌സാധനങ്ങള്‍ വാങ്ങാനാണോ? ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കി അവരുടെ തന്നെ പണം കളഞ്ഞുകുളിക്കുന്നതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്?, തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ചൈനയില്‍ നിന്നെത്തിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റീസേര്‍ച്ച്സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കേടുപാടുകളുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ അന്വേഷണം നടത്തുമെന്നും ഒരു കാരണ വശാലും ഈ വിഷയം അവഗണിക്കില്ലെന്നുമായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.എം.ആര്‍ അറിയിച്ചത്.
രാജ്യത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ കൃത്യമായ പരിശോധന നടത്തണമെന്ന് ഐ.സി.എം.ആര്‍ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നും അഞ്ച് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തേക്ക് എത്തിച്ചത്.
എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ റിസള്‍ട്ടില്‍ കൃത്യതയില്ലെന്ന് അറിയിച്ചതോടെയാണ് പരിശോധന താല്ക്കാലികമായി നിര്‍ത്താന്‍ ഐ.സി.എം ആര്‍ നിര്‍ദേശിക്കുകയായിരുന്നു.
വിരല്‍ തുമ്പില്‍ നിന്ന് രക്തമെടുത്ത് വൈറസ് സാന്നിധ്യം കണ്ടെത്തുന്ന ആന്റിബോഡി പരിശോധനയ്ക്കുള്ള 12, 480 കിറ്റുകളാണ് ഐ.സി.എം .ആര്‍ കേരളത്തിന് നല്‍കിയത്. പബ്‌ളിക് ഹെല്‍ത്ത് ലാബിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ പരാജയമെന്ന് തെളിഞ്ഞത്.
അതിതീവ്ര രോഗ ബാധിത പ്രദേശമായ വടക്കന്‍ ജില്ലകളുള്‍പ്പെടെ റാപ്പിഡ് ടെസ്റ്റ് എറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്താനിരുന്നസമൂഹ വ്യാപനമുണ്ടോയെന്നറിയാനുള്ള പഠനവും ഇതോടെ പ്രതിസന്ധിയിലായിരുന്നു.
https://www.facebook.com/Malayalivartha

























