ദക്ഷിണാഫ്രിക്കയില്‍ മലയാളികളടക്കമുള്ള 70 ഇന്ത്യക്കാര്‍ ദുരിതത്തില്‍

ദക്ഷിണാഫ്രിക്കയിലെ കിന്റോസില്‍ എഴുപതോളം ഇന്ത്യക്കാര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതത്തിലാണ്. അതുകൂടാതെ ക്വാറന്റൈന്‍ കാലാവധി തീരാതെ ജോലിയില്‍ പ്രവേശിക്കാന്‍ ബ്രിട്ടിഷ് കമ്പനി നിര്‍ബന്ധിക്കുക കൂടി ചെയ്യുന്നത് മലയാളികളടക്കമുളള എഴുപതോളം പേരുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിരിക്കയാണ്.
കഴിഞ്ഞ മാസം ഇരുപത്തിയാറുമുതല്‍ ദക്ഷിണാഫ്രിക്കയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗണ്‍ നീട്ടുകയും ചെയ്തു. ഹൈഡ്രോ ആര്‍ക്ക് സെക്കുണ്ട എന്ന ബ്രിട്ടീഷ് ഓയില്‍ കമ്പനിയിലെ ജീവനക്കാരാണിവരെല്ലാം. ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ വര്‍ക്ക് സൈറ്റില്‍ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ജോലിക്കാര്‍ ക്വാറന്റൈനില്‍ ആയത്. എന്നാല്‍ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പ് ജോലിയില്‍ പ്രവേശിക്കാനാണ് കമ്പനിയുടെ നിര്‍ദേശം.
ജോലിക്ക്, ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം മാത്രമേ വരാന്‍ കഴിയുകയുള്ളുവെന്ന് കമ്പനിയെ ജോലിക്കാര്‍ അറിയിച്ചു. എന്നാല്‍ ജോലിക്കാരുടെ വാദം കേള്‍ക്കാന്‍ കമ്പനി തയാറാകുന്നില്ല. ഇതേത്തുടര്‍ന്ന് ഇവരോടൊപ്പമുണ്ടായിരുന്ന കമ്പനി പ്രതിനിധികളെയും പാചക തൊഴിലാളികളെയും കമ്പനി മടക്കി വിളിച്ചു.
തുടര്‍ന്ന് അടുക്കള പൂട്ടുകയും വെള്ളം, ഗ്യാസ് എന്നിവയടക്കമുള്ള അവശ്യവസ്തുക്കളുടെ വിതരണം നിര്‍ത്തുകയും ചെയ്തു. താമസസ്ഥലത്ത് നിന്ന് ഇറക്കിവിടുമെന്ന് ഇന്നലെ കമ്പനി ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുപത് പേരടങ്ങുന്ന ഇന്ത്യക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. ഭക്ഷണവും വെള്ളവുമില്ലാതെ ഇവര്‍ കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങുകയാണ്.
മലയാളികളിലധികവും മലപ്പുറം, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരാണ്. മൂന്നുമാസത്തെ വിസയ്‌ക്കെത്തിയവര്‍ മുതല്‍ ഏഴുവര്‍ഷമായി ജോലി ചെയ്യുന്നവര്‍ വരെ ഈ സംഘത്തിലുണ്ട്.
ഇവരെ ആലുവയിലുള്ള ഐഎംആര്‍ എന്ന റിക്രൂട്ടിംഗ് ഏജന്‍സിയാണ് ബ്രിട്ടീഷ് കമ്പനിക്ക് വേണ്ടി ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയും റിക്രൂട്ടിംഗ് ഏജന്‍സിയും കൈയോഴിഞ്ഞതോടെ ഇവര്‍ ദുരിതത്തിലായിരിക്കുകയാണ്.
ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് നിവേദനം നല്‍കുന്നതിന് വേണ്ടി വഴിക്കടവ് മൊടപ്പൊയ്ക സ്വദേശി തെങ്ങനാലില്‍ ജോസഫ് എന്ന ബിജോയുടെ നേതൃത്വത്തില്‍ ജോലിക്കാരുടെ യോഗം ഇന്നലെ ചേര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha

























