ആര്‍എന്‍എ കിറ്റ് ആവശ്യത്തിനില്ല , കോവിഡ് പരിശോധന താളം തെറ്റുന്നു

കോവിഡ് പരിശോധനയില്‍ സര്‍ക്കാരിനു പുതിയ വെല്ലുവിളി. ദ്രുതപരിശോധന (റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്) നിര്‍ത്തേണ്ടി വന്നതിനു പിന്നാലെ, സാംപിളുകളില്‍ നിന്ന് ആര്‍എന്‍എ വേര്‍തിരിച്ചെടുക്കാന്‍ സഹായിക്കുന്ന കിറ്റുകളും കാലിയാവുന്നു. 3 ലക്ഷത്തോളം കിറ്റുകളേ ഇനി സര്‍ക്കാരിന്റെ പക്കലുള്ളൂ. കഷ്ടിച്ച് ഒരാഴ്ചത്തെ പരിശോധനയ്‌ക്കേ ഇതു തികയൂ.
ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകളുടെ കുറവു മൂലം മിക്ക സംസ്ഥാനങ്ങളിലും പരിശോധന മന്ദഗതിയിലായിട്ടുണ്ട്. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുമ്പോള്‍ പരിശോധന കൂടുതല്‍ നടത്തണമെന്ന ആവശ്യം ഉയരുന്നതിനിടെയാണു ഈ പ്രതിസന്ധി.
പലയിടത്തും സാംപിള്‍ ശേഖരിക്കുന്നുണ്ടെങ്കിലും ആര്‍എന്‍എ കിറ്റില്ലാത്തതിനാല്‍ പരിശോധന നടക്കുന്നില്ല. ആര്‍ടി പിസിആര്‍ ടെസ്റ്റിനു മുന്‍പായി ആര്‍എന്‍എ വേര്‍തിരിച്ചെടുക്കണം. കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും വൈകാതെ ലഭിച്ചു തുടങ്ങുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
കോവിഡ് സ്ഥിരീകരിക്കാന്‍ സഹായിക്കില്ലെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്താന്‍ കഴിയുന്ന ദ്രുതപരിശോധനയും രാജ്യവ്യാപകമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ചൈനയില്‍ നിന്നെത്തിച്ച കിറ്റുകള്‍ ശരിയായ ഫലം നല്‍കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണിത്. നിലവില്‍ 38,000 കോവിഡ് പരിശോധനയാണു പ്രതിദിനം നടക്കുന്നത്.
https://www.facebook.com/Malayalivartha























