കോവിഡിൽ വിവാദം ശക്തമാകുന്നു; 245 രൂപ വിലയുള്ള ചൈനീസ് കിറ്റുകൾ വാങ്ങിയത് 600 രൂപയ്ക്ക് എന്ന് ആരോപണം; കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും തമ്മിൽ ഭിന്നത ; ദ്രുതപരിശോധന ഉടന്‍ വേണ്ടെന്ന് കേന്ദ്ര സർക്കാർ

കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങിയതിനെച്ചൊല്ലി കേന്ദ്രത്തില്‍ വിവാദം ശക്തമാകുന്നു. കിറ്റുകൾക്ക് ചൈനീസ് കമ്പനി വില 245 രൂപയാണെന്നിരിക്കെ ഐസിഎംആർ വാങ്ങിയത് 600 രൂപയ്ക്ക്. ഗുണനിലവാരമില്ലാത്ത കിറ്റുകൾ വാങ്ങിയതിനെച്ചൊല്ലി ഭിന്നത പരസ്യമാണ്. കിറ്റുകൾ വാങ്ങുമ്പോൾ ഹെൽത്ത് സർവീസ് ഡയറക്ടറുടെ അനുമതി വാങ്ങിയിരുന്നില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
60 ശതമാനത്തോളം ഉയർന്ന വില നല്‍കിയാണ് ഐസിഎംആർ കിറ്റുകൾ വാങ്ങിയിട്ടുള്ളത്. വിഷയത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും തമ്മിലുള്ള ഭിന്നതയും മറനീക്കി പുറത്തുവന്നു.
മാർച്ച് 27നാണ് ഐസിഎംആർ റിയല്‍ മെറ്റാപോളിക്സ് എന്ന ഇന്ത്യയിലെ കമ്പനിക്ക് വോൺഫോ എന്ന ചൈനീസ് കമ്പനിയിൽനിന്ന് 5 ലക്ഷം കിറ്റുകൾ വാങ്ങുന്നതിനുള്ള കരാർ നല്‍കിയത്. 30 കോടി രൂപയ്ക്കുള്ള ഓർഡറായിരുന്നു ഇത്. ഒരു കിറ്റിന് 600 രൂപ എന്ന നിലയിലായിരുന്നു ഓർഡർ നൽകിയത്. തുടര്‍ന്ന് ഏപ്രിൽ 16നാണ് അഞ്ചര ലക്ഷം കിറ്റുകൾ വിതരണം ചെയ്തത്. ഒരു കിറ്റിന് 250 രൂപ എന്ന നിലയ്ക്കാണു വാങ്ങിയതെന്ന് റിയൽ മെറ്റാപോളിക്സ് എന്ന ഇന്ത്യയിലെ കമ്പനി തന്നെ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.
ചൈനീസ് കമ്പനിയിൽനിന്ന് ഷാൻ ബയോടെക് എന്ന വിതരണക്കാരനിലൂടെ തമിഴ്നാട് സർക്കാർ 500 കിറ്റുകൾ സമാന രീതിയിൽ വാങ്ങിയിരുന്നു. അവരും ഒരു കിറ്റിന് 600 രൂപയാണു നൽകിയത്. അങ്ങനെ ആ കമ്പനിക്ക് ഇന്ത്യയിൽ വിതരണം നടത്താൻ അനുമതിയില്ല എന്നു കാണിച്ചു റിയൽ മെറ്റാപോളിക്സ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഷാൻ മെറ്റാപോളിക്സിന് ഇന്ത്യയിൽ വോൺഫോ എന്ന കമ്പനിയുടെ വിതരണം നടത്താൻ അനുമതിയില്ല എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
അതിനിടെയാണു വില സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. 60 ശതമാനത്തോളം ഉയർന്ന വില നല്‍കിയാണ് ഐസിഎംആർ കിറ്റുകൾ വാങ്ങിയിട്ടുള്ളത്. വിഷയത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും തമ്മിലുള്ള ഭിന്നതയും മറനീക്കി പുറത്തുവന്നു. ഗുണനിലവാരമില്ലാത്ത കിറ്റുകൾ വാങ്ങുന്നതിനു മുന്‍പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസിന്റെ കീഴിയിൽ പ്രവർത്തിക്കുന്ന സാങ്കേതിക സമിതിയുടെ അനുമതി തേടിയിരുന്നില്ല. അവരുടെ അഭിപ്രായം പോലും ചോദിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നത്.
എന്നാൽ വിഷയത്തിൽ ഐസിഎംആറിന്റെ വിശദീകരണവും ഒട്ടും തൃപ്തികരമല്ലെന്നാണു വ്യക്തമാകുന്നത്. വിവിധ സംസ്ഥാനങ്ങള്‍ കിറ്റുകൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടു പെട്ടെന്നു കിറ്റുകൾ ഇറക്കുമതി ചെയ്യാന്‍ തങ്ങൾ നിർബന്ധിതരായെന്നാണ് ഐസിഎംആർ പറയുന്നത്. നിതി ആയോഗിലെ അംഗത്തിന്റെ കീഴിലുള്ള സംഘമാണ് ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നാണു ഐസിഎംആർ പറയുന്നത്. കോവിഡ് വ്യാപന സാധ്യത കൂടിയ സ്ഥലങ്ങളിലെ ദ്രുതപരിശോധന (റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്) തൽക്കാലം ഉപേക്ഷിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഐസിഎംആർ നിർദേശം നൽകി.
ദ്രുതപരിശോധന ഉടന്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാരും നിർദേശിച്ചു. കിറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കിയശേഷം പരിശോധന പുനാരംഭിക്കാമെന്നാണു കേന്ദ്ര നിലപാട്. ചൈനയിൽ നിന്നെത്തിച്ച കിറ്റുകൾക്കു നിലവാരമില്ലെന്നും ഫലത്തിൽ കൃത്യതയില്ലെന്നും പല സംസ്ഥാനങ്ങളും കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിതല യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് സ്ഥിരീകരണത്തിനുള്ള 15 ലക്ഷത്തോളം ആർടി പിസിആർ കിറ്റ് രാജ്യത്തുണ്ട്. അതിനാൽ ദ്രുതപരിശോധന ഒഴിവാക്കുന്നതു പ്രശ്നമാകില്ലെന്നാണു വിലയിരുത്തൽ. 15 മിനിറ്റിൽ ഫലം ലഭിക്കുമെന്നതു റാപ്പിഡ് ടെസ്റ്റിന്റെ നേട്ടമായി വിലയിരുത്തപ്പെട്ടു. കോവിഡ് സമൂഹവ്യാപന ഘട്ടത്തിലേക്കു കടക്കുന്നുവെന്ന സൂചനകൾക്കിടെയായിരുന്നു നീക്കം.
https://www.facebook.com/Malayalivartha