തീവ്രബാധിത മേഖലകളിലും പകർച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക്ഡൗൺ തുടരുമെന്ന് പ്രധാനമന്ത്രി; മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം

രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകർച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗൺ തുടരേണ്ടി വരുമെന്ന് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രബാധിത പ്രദേശങ്ങൾ അല്ലാത്തിടത്ത് കൂടുതൽ ഇളവ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഉയർന്ന നിർദേശങ്ങളെല്ലാം പരിഗണിച്ച് അന്തിമതീരുമാനം പിന്നീട് പ്രഖ്യാപിക്കും.
യോഗത്തിൽ സംസാരിച്ച നാല് മുഖ്യമന്ത്രിമാർ ലോക്ക്‍ഡൗൺ പിൻവലിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തുടങ്ങിയത്. ഇന്ന് എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരമില്ലാത്തതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തിൽ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തിരുന്നു.ലോക്ക്ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുതെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ യോഗത്തിൽ നിലപാടെടുത്തത്. എന്നാൽ സ്വന്തം സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ തൊഴിലാളികളെ ബസുകളയച്ച് തിരികെ കൊണ്ടുവരുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, രാജസ്ഥാനിൽ നിരവധി കോച്ചിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന കോട്ടയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാനായി യു.പി ബസുകളയക്കുകയും ചെയ്തു. അപ്പോൾത്തന്നെ ഇതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആ വിമർശനം ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തിലും ആവർത്തിച്ചു. നേരത്തേ കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉൾപ്പടെ തൊഴിലാളികളെ തിരികെ കൊണ്ടുവരുന്നതിനെതിരെ നിലപാടെടുത്തിരുന്നു.
https://www.facebook.com/Malayalivartha