ഹോട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണത്തോടെ മേയ് 15 വരെ ഭാഗിക ലോക്ഡൗണ്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയില്‍, കോവിഡ് നിയന്ത്രണവിധേയമാകാത്ത സ്ഥിതിയില്‍, മേയ് 3-നു ശേഷവും നിലവിലെ രീതിയില്‍ ലോക്ഡൗണ്‍ തുടരുന്നതാണ് ഉചിതമെന്ന് ഭൂരിപക്ഷം മുഖ്യമന്ത്രിമാരും നിര്‍ദേശിച്ചു. മേയ് 15 വരെ ഭാഗിക ലോക്ഡൗണ്‍ വേണമെന്ന് കേരളം അഭിപ്രായപ്പെട്ടു. ഹോട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണം, മറ്റിടങ്ങളില്‍ അകല വ്യവസ്ഥ, മാസ്‌ക് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ എന്ന രീതിയാവും മേയ് 3-ന് ശേഷമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.
കോവിഡ് ഭീഷണി അവസാനിച്ചെന്നു കരുതാനേ പറ്റില്ലെന്നും അതീവ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരില്‍ നിന്നു ലഭിച്ച അഭിപ്രായങ്ങള്‍ക്കൂടി പരിശോധിച്ച് തുടര്‍നടപടികള്‍ ഏതാനും ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. രോഗം ബാധിക്കാത്ത സംസ്ഥാനങ്ങളിലും ജില്ലകളിലുമുള്‍പ്പെടെ, കര്‍ശന നിയന്ത്രണമില്ലാത്ത സ്ഥലങ്ങളില്‍ ജില്ലകള്‍ക്കുള്ളില്‍ പൊതുഗതാഗതം അനുവദിക്കുന്നതും പരിഗണനയിലുണ്ടെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ജില്ലകള്‍ കടന്നുള്ള പൊതുഗതാഗതം തല്‍ക്കാലം ഉണ്ടാവില്ല.
മേഘാലയ, ഒഡീഷ, ഗോവ എന്നീ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഒരു മാസത്തേക്കു നീട്ടണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്കും വിവിധ വ്യവസായ വാണിജ്യ മേഖലകള്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കുമുള്ള സാമ്പത്തിക പാക്കേജ് കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു
പ്രധാനമന്ത്രിയുടെ വിഡിയോ കോണ്‍ഫറന്‍സില്‍ 9 സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ക്കായിരുന്നു സംസാരിക്കാന്‍ അവസരം. കേരളത്തിനു സംസാരിക്കാന്‍ അവസരമില്ലെന്നു ഞായറാഴ്ച മുഖ്യമന്ത്രിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചറിയിച്ചിരുന്നു. അതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തില്ല. പകരം ചീഫ് സെക്രട്ടറി ടോം ജോസും അഡീഷനല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും പങ്കെടുത്തു.
അമിത് ഷാ ആവശ്യപ്പെട്ട പ്രകാരം കേരളത്തിന്റെ ആവശ്യങ്ങള്‍ രേഖാമൂലം പ്രധാനമന്ത്രിയെയും അമിത് ഷായെയും അറിയിച്ചു. പ്രധാനമായും ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് വിഡിയോ കോണ്‍ഫറന്‍സ് എന്ന് അറിയിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha