പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ നാവികസേന 3 യുദ്ധക്കപ്പലുകള്‍ സജ്ജമാക്കി

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ മൂലം ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ 3 യുദ്ധക്കപ്പലുകള്‍ നാവികസേന സജ്ജമാക്കി . അടിയന്തര ഘട്ടത്തില്‍ പുറപ്പെടാന്‍ തയാറായാണ് അവ നിലയുറപ്പിച്ചിരിക്കുന്നത്. കപ്പലുകള്‍ അയയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ തീരുമാനം വന്നിട്ടില്ല.
സാമൂഹിക അകലം ഉറപ്പാക്കി ചുരുങ്ങിയത് 1600 പ്രവാസികളെ മൂന്നു കപ്പലുകളിലായി നാട്ടിലെത്തിക്കാനാകും. എല്‍പിഡി വിഭാഗത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ ഐഎന്‍എസ് ജലശ്വയും എല്‍എസ്ടിയില്‍പ്പെട്ട 2 കപ്പലുകളുമാണു സജ്ജമാക്കിയിരിക്കുന്നത്. യുദ്ധവേളയില്‍ സേനാംഗങ്ങളെയും (ലാന്‍ഡിങ് പ്ലാറ്റ്‌ഫോം ഡോക്ക് - എല്‍പിഡി) സേനാ ടാങ്കുകളെയും (ലാന്‍ഡിങ് ഷിപ് ടാങ്ക് - എല്‍എസ്ടി) കടല്‍മാര്‍ഗം എത്തിക്കുന്നതിനുള്ള കപ്പലുകളാണിവ.
കഴിഞ്ഞ ദിവസങ്ങളില്‍ അയല്‍ രാജ്യങ്ങളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളുമായി നാവികസേന യുദ്ധക്കപ്പലുകള്‍ അയച്ചിരുന്നു. ആദ്യമായാണ് കോവിഡ് രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ തയാറെടുക്കുന്നത്. വിമാനമാര്‍ഗം ആളുകളെ എത്തിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടാല്‍, കേന്ദ്ര സര്‍ക്കാര്‍ കപ്പലുകളെ നിയോഗിച്ചേക്കും. 1000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ജലശ്വയില്‍ സാമൂഹിക അകലം ഉറപ്പാക്കി 800 പേരെ കൊണ്ടുവരാനാകും. എല്‍എസ്ടി കപ്പലുകളില്‍ 400 പേരെ വീതവും. ഗള്‍ഫില്‍ നിന്ന് കടല്‍മാര്‍ഗം കേരളത്തിലെത്താന്‍ നാലു ദിവസമെടുക്കുമെന്നാണു സൂചന.
നാവികസേന ഏര്‍പ്പെട്ട മുന്‍ദൗത്യങ്ങള്‍ ഇവയാണ്. മിഷന്‍ സഫീര്‍: ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെത്തുടര്‍ന്ന് 1990 സെപ്റ്റംബറില്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ കടല്‍മാര്‍ഗം ഇന്ത്യ മോചിപ്പിച്ചു. പാനമയില്‍ റജിസ്റ്റര്‍ ചെയ്ത ചരക്കു കപ്പലായ എം.വി. സഫീറിലാണ് 722 ഇന്ത്യക്കാരെ കുവൈത്തില്‍നിന്നു ദുബായില്‍ എത്തിച്ചത്. ഓപ്പറേഷന്‍ സുകൂന്‍: 2006-ല്‍ ഇസ്രയേലുമായി യുദ്ധമാരംഭിച്ച ലബനനില്‍നിന്ന് ഇന്ത്യക്കാരടക്കം രണ്ടായിരത്തോളം പേരെ 3 ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ രക്ഷിച്ചു. ലിബിയയില്‍ 2011-ല്‍ ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോള്‍ അവിടെ നിന്ന് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ദൗത്യത്തിനായി (ഓപ്പറേഷന്‍ സേഫ് ഹോംകമിങ്) ജലശ്വയെ നിയോഗിച്ചിട്ടുണ്ട്. യുഎസില്‍നിന്നാണ് 2007-ല്‍ ഇന്ത്യ ഈ കപ്പല്‍ വാങ്ങിയത്. ഓപ്പറേഷന്‍ സേഫ് ഹോംകമിങ്: 2011ല്‍ ലിബിയയിലെ ആഭ്യന്തര യുദ്ധത്തില്‍നിന്ന് എയര്‍ ഇന്ത്യ വിമാനങ്ങളിലും 3 യുദ്ധക്കപ്പലുകളിലുമായി ഇന്ത്യക്കാരെ രക്ഷിച്ചു.
ഓപ്പറേഷന്‍ റാഹത്ത്: ആഭ്യന്തര യുദ്ധം നാശം വിതച്ച യെമനില്‍നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാന്‍ 2015-ല്‍ സൈനികതലത്തില്‍ ഇന്ത്യ നടത്തിയ രക്ഷാദൗത്യം. കടല്‍, ആകാശ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം 2015 ഏപ്രില്‍ ഒന്നിന് ഏഡന്‍ തുറമുഖത്തു നിന്നാരംഭിച്ചു. 4600 ഇന്ത്യക്കാരെയും 41 രാജ്യങ്ങളിലെ 960 പേരെയും രക്ഷിച്ചു. യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ അവസാന സംഘത്തെയും വഹിച്ചുള്ള എംവി കവരത്തി, എംവി കോറല്‍സ് കപ്പലുകള്‍ ഏപ്രില്‍ 18-ന് കൊച്ചി തീരമണഞ്ഞു.
https://www.facebook.com/Malayalivartha