ക്ഷേത്രത്തില്‍ ഉറങ്ങിക്കിടന്ന 2 പൂജാരിമാരെ യുവാവ് വെട്ടിക്കൊന്നു

ക്ഷേത്രത്തില്‍ ഉറങ്ങിക്കിടന്ന രണ്ടു പൂജാരിമാരെ യുവാവ് കൊലപ്പെടുത്തി. യുപിയില്‍ ബുലന്ദ്ശഹര്‍ ജില്ലയിലെ പഗുവാനയിലാണ് സംഭവം. ജഗദീഷ് (55),ഷേര്‍ സിങ് (45) എന്നിവരാണു കൊല്ലപ്പെട്ടത്. കൊലയ്ക്കുപയോഗിച്ച ലാത്തി പോലെയുള്ള വടിയുമായി പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്ന സമീപവാസിയായ മുരാരി (രാജു) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ലഹരിക്കടിമയാണെന്നു പൊലീസ് പറഞ്ഞു.
പൂജാരിമാര്‍ ഉപയോഗിച്ച കയര്‍ പ്രതി മോഷ്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടിക്കു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിനു നിര്‍ദേശം നല്‍കി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ യോഗി ആദിത്യനാഥിനെ വിളിച്ച് കൊലപാതകത്തില്‍ ആശങ്ക അറിയിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ടു സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി കഴിഞ്ഞയാഴ്ച ഉദ്ധവിനെ വിളിച്ചിരുന്നു.
യുപിയില്‍ 15 ദിവസത്തിനിടെ 100 പേര്‍ കൊല്ലപ്പെട്ടെന്നും സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്താതെ അന്വേഷണം നടത്തണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha