ഇപിഎഫ്: കമ്യൂട്ട് ചെയ്ത് 15 വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് പൂര്‍ണ പെന്‍ഷന്‍ മേയ് മുതല്‍

ഇപിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ തുക കമ്യൂട്ട് ചെയ്ത് 15 വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് അടുത്ത മാസം മുതല്‍ പൂര്‍ണ പെന്‍ഷന്‍ നല്‍കുമെന്ന് ഇപിഎഫ്ഒ. ആവശ്യമായ സോഫ്റ്റ്വെയര്‍ ഇല്ലാതിരുന്നതിനാലാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതിന്റെ വിജ്ഞാപനമിറക്കിയിരുന്നെങ്കിലും നടപ്പാക്കാന്‍ വൈകിയതെന്നാണ് വിശദീകരണം.
6.3 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഇതു പ്രയോജനപ്പെടും. 2 മാസമായിട്ടും തുക ലഭിക്കുന്നില്ലെന്ന കാര്യം എന്‍.കെ. പ്രേമചന്ദ്രന്‍ എംപി തൊഴില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. 2004 സെപ്റ്റംബര്‍ 25 ന് മുന്‍പ് കമ്യൂട്ട് ചെയ്ത എല്ലാ പെന്‍ഷന്‍കാരുടെയും തുക ഉടന്‍ പുനഃസ്ഥാപിക്കും. മറ്റുള്ളവര്‍ക്ക് 15 വര്‍ഷം തികയുന്ന മുറയ്ക്കു നല്‍കും.
അതിനിടെ, ജീവനക്കാരുടെ വിരമിക്കല്‍ പ്രായം കുറയ്ക്കുമെന്നും പെന്‍ഷന്‍ കുറയ്ക്കുമെന്നുമുള്ള പ്രചാരണങ്ങള്‍ നിഷേധിച്ച അധികൃതര്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് ട്രാവല്‍ കണ്‍സഷന്‍ (എല്‍ടിസി), ലീവ് സറണ്ടര്‍, ഓവര്‍ടൈം അലവന്‍സ് തുടങ്ങിയവ കുറയ്ക്കുമെന്ന പ്രചാരണവും ശരിയല്ലെന്ന് വ്യക്തമാക്കി.
സുപ്രീം കോടതിയിലെ ഹര്‍ജികള്‍ തീര്‍പ്പാവാതെ ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കില്ലെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നിലപാട്. പുതിയ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് പരിഗണിച്ചിട്ടില്ല.
കേരള ഹൈക്കോടതി വിധി ശരിവച്ച സുപ്രീംകോടതി വിധിക്കെതിരെ ഇപിഎഫ്ഒ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും തൊഴില്‍ മന്ത്രാലയത്തിന്റെ പ്രത്യേകാനുമതി ഹര്‍ജിയുമാണ് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha