ലോക്ഡൗണ്‍: പുതിയ മാര്‍ഗരേഖ മേയ് നാലിന് പ്രാബല്യത്തില്‍ വരും

ലോക്ഡൗണിനെ തുടര്‍ന്നു സ്ഥിതി മെച്ചപ്പെട്ടെന്നും കൈവരിച്ച നേട്ടം നഷ്ടമാകാതിരിക്കാന്‍ മേയ് മൂന്നുവരെ കര്‍ശന നിയന്ത്രണം തുടരണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. രാജ്യത്തെ വിവിധ ജില്ലകളില്‍ മേയ് 4 മുതല്‍ ലോക്ഡൗണില്‍ ഇളവുനല്‍കുമെന്നും പുതിയ മാര്‍ഗരേഖ മേയ് നാലിന് പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ഫലപ്രദമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇളവുകള്‍ സംബന്ധിച്ചു വരുംദിവസങ്ങളില്‍ വിശദീകരിക്കുമെന്നു മന്ത്രാലയ വക്താവ് ട്വിറ്ററില്‍ അറിയിച്ചു.
അതേസമയം, കോവിഡ് കേസുകള്‍ മേയ് മൂന്നിനു ശേഷവും കൂടുകയാണെങ്കില്‍ ചില പ്രദേശങ്ങളിലെങ്കിലും ലോക്ഡൗണ്‍ തുടരേണ്ടി വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബുധനാഴ്ച വൈകിട്ടത്തെ കണക്കനുസരിച്ച് രാജ്യത്തെ കോവിഡ് മരണം 1008 ആണ്. 31,787 പേര്‍ക്കു രോഗബാധയുണ്ടായി. നേരത്തെ ലോക്ഡൗണിനെ തുടര്‍ന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവരവരുടെ നാടുകളിലേക്ക് മടങ്ങാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
24 മണിക്കൂറിനിടെ 71 പേര്‍ മരിച്ചു. കോവിഡ് വ്യാപനം ആരംഭിച്ച ശേഷം 24 മണിക്കൂറിനിടെയുള്ള ഏറ്റവും കൂടിയ മരണനിരക്കാണിത്. 1,897 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 7,696 പേര്‍ ഇതുവരെ രോഗമുക്തി നേടി.
റെഡ്‌സോണ്‍ ജില്ലകളുടെ എണ്ണം 177-ല്‍നിന്ന് 129-ആയി കുറഞ്ഞതും ഓറഞ്ച് സോണിലുള്ള ജില്ലകളുടെ എണ്ണം 207-ല്‍ നിന്ന് 250 ആയി വര്‍ധിച്ചതും ആശ്വാസകരമാണ്. എന്നാല്‍ 28 ദിവസം പുതിയ കേസുകള്‍ ഇല്ലാത്തതിനാല്‍ ഗ്രീന്‍സോണിലേക്ക് മാറിയ ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും ഓരോ ജില്ലകളിലും, തുടര്‍ച്ചയായി 14 ദിവസം പുതിയ കേസുകള്‍ ഇല്ലാത്തതിനാല്‍ ഓറഞ്ച് സോണിലേക്ക് മാറിയ 38 ജില്ലകളിലും വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയുണ്ടാക്കുന്നതാണ്.
ഡല്‍ഹിയില്‍ 206 പുതിയ രോഗികള്‍. ആകെ 3314 രോഗികളും 54 മരണവും. മധ്യപ്രദേശില്‍ 10 മരണവും 219 രോഗികളും. ആകെ 120 മരണം, 2387 രോഗികള്‍. രാജസ്ഥാനില്‍ രോഗികള്‍ 2364ഉം മരണം 51ഉം ആയി. മഹാരാഷ്ട്രയാണ് മരണത്തിലും രോഗബാധയിലും മുന്നില്‍; 400 മരണവും 9318 രോഗികളും. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 19 മരണവും 196 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ആകെ മരണം 181, രോഗികള്‍ 3744.
https://www.facebook.com/Malayalivartha