വ്യോമസേനയും എയര്‍ ഇന്ത്യയും പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള തയ്യാറെടുപ്പില്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന 3 യുദ്ധക്കപ്പലുകള്‍ സജ്ജമാക്കിയതിനു പുറമെ വിമാനമാര്‍ഗമുള്ള രക്ഷാദൗത്യത്തിന്റെ ഒരുക്കങ്ങളും പുരോഗമിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ വ്യോമസേനയും എയര്‍ ഇന്ത്യയും തയാറെടുക്കുകയാണ്.
പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് ഏതാനും ദിവസത്തിനുള്ളില്‍ അന്തിമ രൂപമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. വിമാന സര്‍വീസ് അനുവദിക്കണോ, എംബസികളുടെ മേല്‍നോട്ടത്തില്‍ യാത്ര സജ്ജീകരിക്കണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.
പ്രവാസികളെ തിരികെയെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്താല്‍, അതിനു പൂര്‍ണ സജ്ജമായിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമ, നാവിക സേനകളും എയര്‍ ഇന്ത്യയും ഒരുക്കങ്ങള്‍ നടത്തുന്നത്. രക്ഷാദൗത്യം സംബന്ധിച്ച രൂപരേഖ വരുംദിവസങ്ങളില്‍ തയാറാക്കും. ഇരുസേനകളെയും എയര്‍ ഇന്ത്യയെയും ഒരേസമയം രംഗത്തിറക്കിയാല്‍, ഇന്ത്യ നടപ്പാക്കുന്ന ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിലൊന്നാവും അത്. ആവശ്യമെങ്കില്‍ സ്വകാര്യ കമ്പനികളുടെ വിമാനങ്ങളും ഉപയോഗിക്കുമെന്നു വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
സാമൂഹിക അകലം ഉറപ്പാക്കി ഓരോന്നിലും 100 പേരെ വീതം കൊണ്ടുവരാനാകുന്ന 11 സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങളാണ് വ്യോമസേന സജ്ജമാക്കുന്നത്. ഇന്ത്യയില്‍ നിന്ന് 4 മണിക്കൂര്‍കൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലെത്താം. ചൈനയിലെ വുഹാന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സേനയുടെ ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു. പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ എയര്‍ ഇന്ത്യയും സജ്ജമാണ്. എയര്‍ ഇന്ത്യ വുഹാന്‍, ഇറാന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തിയിരുന്നു.
കേരളവും ഗോവയുമാണ് ഇപ്പോള്‍ വിദേശത്തുനിന്നു വരാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക തയാറാക്കുന്നത്. എംബസികളുടെ മേല്‍നോട്ടത്തിലാണ് പ്രവാസികളുടെ യാത്രയെങ്കില്‍, ഈ പട്ടിക പ്രയോജനകമാകുമെന്നാണു വിലയിരുത്തല്‍. എന്നാല്‍, വിമാന കമ്പനികളുമായി ധാരണയുണ്ടാക്കി കേന്ദ്രം പദ്ധതി തയാറാക്കിയാല്‍, സംസ്ഥാനാടിസ്ഥാനത്തില്‍ പരിഗണന ലഭിക്കണമെന്നില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
വിമാന സര്‍വീസ് വ്യവസ്ഥയനുസരിച്ച്, വിദേശ രാജ്യത്തേക്കു സര്‍വീസ് നടത്താന്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന കമ്പനിക്ക് നല്‍കുന്ന അവസരം ആ രാജ്യത്തെ കമ്പനിക്കും അനുവദിക്കേണ്ടതുണ്ട്. ഇതുള്‍പ്പെടെ ചര്‍ച്ച ചെയ്ത് തീരുമാനിച്ചു മാത്രമേ പദ്ധതിക്ക് അന്തിമ രൂപം നല്‍കാനാവൂ.
വിമാന സര്‍വീസുകള്‍ തല്‍ക്കാലത്തേക്കു പുനരാരംഭിക്കാനോ പ്രത്യേക സര്‍വീസ് അനുവദിക്കാനോ ആണ് തീരുമാനിക്കുന്നതെങ്കില്‍, കേന്ദ്രത്തിന്റെ ഇടപെടല്‍ യാത്രാനിരക്കിനു പരമാവധി പരിധി നിര്‍ദേശിക്കുന്നതില്‍ ഒതുങ്ങാം.
https://www.facebook.com/Malayalivartha