ഇന്ത്യ ഒരുങ്ങുന്നു ; 10 മിനിറ്റിനകം ഫലമറിയാം, ചെലവും കുറവ്; തദ്ദേശീയ കിറ്റ് നിർമിക്കാൻ സ്റ്റാർട്ടപ്പുകൾ; ഇനി വേണ്ടത് അന്തിമാനുമതി

ചൈനയിൽനിന്നു വാങ്ങിയകോവിഡ് പരിശോധനാ കിറ്റുകളുടെ ഗുണനിലവാരം കുറവാണു എന്നത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.ഈ സാഹചര്യത്തിൽ തദ്ദേശീയമായി കിറ്റുകൾ നിർമിക്കാൻ രാജ്യത്തെ സ്റ്റാർട്ടപ്പുകൾ തയാറെടുക്കുന്നു. അന്തിമ അനുമതി വാങ്ങുന്നതിനുള്ള തയാറെടുപ്പുകൾ വരെ ചില സ്റ്റാർട്ടപ്പുകൾ നടത്തിയിട്ടുണ്ട് എന്നാണ് റിപോർട്ടുകൾ. ചൈനയിൽനിന്നുള്ള കിറ്റുകൾക്ക് ഒരെണ്ണത്തിന് 4,500 രൂപയാണ് വില. എന്നാൽ തദ്ദേശീയമായി നിർമിക്കുന്ന കിറ്റുകൾക്ക് 900 മുതൽ 1,200 വരെ മാത്രമേ വിലയുണ്ടാകൂ.
‘ദിവസവും 20,000 ടെസ്റ്റുകൾ നടത്താനുള്ള തരത്തിലാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. അത് 50,000 ആക്കാനുള്ള ശ്രമത്തിലാണ്. കിറ്റുകൾ ഗോവയിലേക്കും ആന്ധ്രയിലേക്കും അയച്ചിട്ടുണ്ട്. ഛത്തിസ്ഗഡിലേക്ക് ഉടൻ അയയ്ക്കും എന്ന് ബെംഗളൂരു ആസ്ഥാനമായ മോൾബയോ ഡയഗ്നോസ്റ്റിക്സിലെ ചന്ദ്രശേഖർ നായർ പറയുന്നു. . പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽവരെ ഈ കിറ്റുകൾ നൽകാനാകും. ഒരു സമയം 8 മുതൽ 40 സാംപിളുകൾ വരെ ടെസ്റ്റ് ചെയ്യാം. തദ്ദേശീയമായി നിർമിക്കുന്നവ ഒരേസമയം ചെലവു കുറഞ്ഞതും ഗുണനിലവാരമുള്ളതുമായിരിക്കും. പല കമ്പനികളും പരിശോധനയ്ക്കെടുക്കുന്ന സമയം കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും നടത്തുന്നു. അഹമ്മദാബാദിലെ ഒരു ലബോറട്ടറി സമയം 10 മിനിറ്റായി കുറയ്ക്കാനുള്ള ശ്രമത്തിലാണ്.
നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിഎൻഎ എക്സ്പേർട്ട്സ് എന്ന കമ്പനിയും രണ്ടു തരത്തിലുള്ള കിറ്റുകൾ നിർമിച്ചിട്ടുണ്ട്. ഒരെണ്ണം നിലവിലുപയോഗിക്കുന്ന റിയൽ ടൈം പോളിമെറൈസ്ഡ് ചെയിൻ റിയാക്‌ഷൻ (ആർടി–പിസിആർ) പരിശോധനയോടു സമാനമാണ്. എന്നാൽ നിലവിൽ 2–3 മണിക്കൂർ വരെ സമയം വേണ്ടിവരുന്ന ഈ ടെസ്റ്റിന് കമ്പനിയുടെ ഉപകരണം ഉപയോഗിക്കുമ്പോൾ 58 മിനിറ്റിനുള്ളിൽ ഫലമറിയാൻ സാധിക്കും. രണ്ടാമത്തേതിൽ ആർഎൻഎ വേർതിരിച്ചുള്ള പരിശോധനയാണ് നടക്കുന്നത്. ഇതിന് 2 മണിക്കൂർ സമയം വേണ്ടിവരും. രണ്ടും അനുമതിക്കായി ഐസിഎംആറിന് (ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്) അയച്ചുകൊടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha