ഗ്രീന്‍ സോണിലെ ഇളവുകളില്‍ പൊതുഗതാഗതവും പരിഗണനയില്‍

ഗ്രീന്‍ സോണുകളായി കണ്ടെത്തിയ ഇടങ്ങളില്‍ പൊതുഗതാഗതം ഉള്‍പ്പെടെ പരമാവധി ഇളവുകള്‍ ഈ മാസം 4 മുതല്‍ പ്രാബല്യത്തിലാക്കിയേക്കും. ഹോട്‌സ്‌പോട്ട് അല്ലാത്ത മേഖലകളിലും പൂര്‍ണ ഇളവിന് ഈ മാസം മൂന്നാം വാരം വരെയെങ്കിലും കാത്തിരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. വിമാനം, ട്രെയിന്‍ യാത്രാ സര്‍വീസുകള്‍ പുനരാംരംഭിക്കുന്നതു വൈകും.
ഈ മാസം 3-ന് രാജ്യവ്യാപക ലോക്ഡൗണ്‍ അവസാനിപ്പിച്ച ശേഷം ഓരോ പ്രദേശത്തിനും ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന രീതിയാണ് കേന്ദ്രം ആലോചിക്കുന്നത്. പരമാവധി അനുവദിക്കാവുന്ന ഇളവുകളായിരിക്കും കേന്ദ്രം നിര്‍ദേശിക്കുക. പ്രാദേശിക സാഹചര്യം വിലയിരുത്തി കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകും. പ്രശ്‌നമേഖലകള്‍ക്കായി ലോക്ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗം കണ്ടെത്താനായിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
പ്രശ്‌നമില്ലാത്ത സ്ഥലങ്ങളില്‍ അകല വ്യവസ്ഥയും മാസ്‌കും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളിലൂന്നി ജനജീവിതം കഴിയുന്നന്നത്ര സാധാരണ സ്ഥിതിയിലാക്കാനാണു ശ്രമം. കൂടുതല്‍ പേര്‍ക്ക് മുന്‍കരുതല്‍ വ്യവസ്ഥകളോടെ ഓഫിസുകളില്‍ ജോലിക്ക് അനുമതി നല്‍കും. കൂട്ടംകൂടുന്നതിനുള്ള വിലക്ക് തുടരും. വൈറസ് ഉടന്‍ വിട്ടൊഴിയില്ലെന്നാണ് വിലയിരുത്തല്‍.
പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, പുണെ, ഭോപാല്‍, ചെന്നൈ, ഇന്‍ഡോര്‍ എന്നിവിടങ്ങളിലൊക്കെ സ്ഥിതി നിയന്ത്രണ വിധേയമാകാതെ ട്രെയിന്‍, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനാവില്ല. സാമ്പത്തിക-വാണിജ്യ മേഖലകള്‍ നല്ലതുപോലെ പ്രവര്‍ത്തിക്കണമെങ്കിലും ഈ നഗരങ്ങളിലെ സ്ഥിതി മെച്ചപ്പെടണം.
രാജ്യത്തെ 15% ഗ്രാമങ്ങളില്‍ മാത്രമാണ് കോവിഡ് പ്രശ്‌നമായത്. ഗ്രാമീണ മേഖലയിലെ വ്യവസായ സംരംഭങ്ങള്‍ക്കുള്‍പ്പെടെ പ്രവര്‍ത്താനാനുമതി നല്‍കിയത് ഇതു കണക്കിലെടുത്താണ്.
ഈ മാസം മുതല്‍ ഒരു വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം എല്ലാ മാസവും പിടിക്കും. ഈ തുക പ്രധാനമന്ത്രിയുടെ പി എം കെയേഴ്‌സ് ഫണ്ടിലേക്കാണു പോവുക. 2021 മാര്‍ച്ച് വരെയാണ് നല്‍കേണ്ടത്. അതായത് 12 മാസത്തേക്കാണു പിടിക്കുക. എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കേണ്ട അവസാന ദിവസം ഏപ്രില്‍ 20 ആയിരുന്നു. മേയ് മാസത്തെ ശമ്പളം മുതല്‍ പണം പിടിക്കും.
https://www.facebook.com/Malayalivartha