കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി: നോട്ടടി പരിഗണനയില്‍

കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കറന്‍സി അച്ചടിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ധനമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യാപാര - വാണിജ്യ മേഖലകളില്‍ പ്രതിസന്ധിയിലായവയ്ക്ക് വായ്പകള്‍ക്കുള്ള പലിശയിളവുകളിലൂടെ കൈത്താങ്ങു നല്‍കാമെന്നാണ് ആലോചന.
ലോക്ഡൗണില്‍ ഈ മാസം 4 മുതല്‍ വലിയ തോതില്‍ ഇളവു നല്‍കിക്കഴിഞ്ഞാല്‍ ഓരോ മേഖലയുടെയും സ്ഥിതിയെക്കുറിച്ചു കൂടുതല്‍ വ്യക്തതയാവുമെന്നും അതിനുശേഷം മതി പ്രഖ്യാപനമെന്നുമാണ് ആലോചന. ഉടന്‍ പ്രഖ്യാപനം നടത്തുന്നത് വിപണിക്ക് ഉത്തേജനമാകുമെന്ന വിലയിരുത്തലുമുണ്ട്. രണ്ടാമത്തെ സാമ്പത്തിക പാക്കേജിന് ഇനിയും അന്തിമ രൂപമായിട്ടില്ല.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്് കേന്ദ്ര സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരിക്കവേയാണ്. സര്‍ക്കാരിന്റെ വരുമാന മേഖലകളില്‍ ഭൂരിഭാഗവും സ്തംഭിച്ചു. ലോക്ഡൗണ്‍ പിന്‍വലിച്ചുകഴിഞ്ഞാല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം മെച്ചപ്പെടാം. എന്നാല്‍, ആദായ നികുതി വരുമാനത്തില്‍ ഇടിവിന് സാധ്യതയുണ്ട്. നോട്ട് അച്ചടിക്കല്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുമെന്നും പണപ്പെരുപ്പത്തിനു വഴിവയ്ക്കാമെന്നും വിമര്‍ശനമുണ്ട്. എന്നാല്‍, വാങ്ങല്‍ശേഷി ഉടന്‍ വര്‍ധിക്കില്ലെന്നും അതിനാല്‍ പണപ്പെരുപ്പ ആശങ്ക വേണ്ടെന്നും വാദിക്കുന്നവരുണ്ട്.
കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം സംസ്ഥാനങ്ങള്‍ക്കു നേരിട്ട് ലഭിക്കുമെന്ന പ്രതീക്ഷ തല്‍ക്കാലം വേണ്ടെന്നാണ് സൂചന. ജിഎസ്ടി നഷ്ടപരിഹാര കുടിശികയിനത്തില്‍ കഴിഞ്ഞ ഡിസംബര്‍ - മാര്‍ച്ച് കാലയളവിലേതായി ഏകദേശം 60,000 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്കു ലഭിക്കാനുള്ളത്. ഈ തുകയും ഉടനെങ്ങും വിതരണം ചെയ്യാനാവാത്ത സ്ഥിതിയാണ്.
വായ്പ തിരിച്ചടവില്‍ വീഴ്ചവരുത്താത്തവര്‍ക്ക് പലിശ കുറയ്ക്കുക എന്നതാണ് ചെറുകിട ഇടത്തരം നാമമാത്ര സംരംഭങ്ങളെ ഉള്‍പ്പെടെ സഹായിക്കാനുള്ള മാര്‍ഗമായി പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha