കോവിഡ് : സാമ്പത്തിക പ്രതിസന്ധിയിൽ തലപുകച്ച് കേന്ദ്രം; നോട്ടടി ഉൾപ്പെടെ പരിഗണനയിൽ

കറൻസി അച്ചടിക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ധനമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വ്യാപാര – വാണിജ്യ മേഖലകളിൽ പ്രതിസന്ധിയിലായവർക്ക് വായ്പകൾക്കുള്ള പലിശയിളവുകളിലൂടെ കൈത്താങ്ങു നൽകാമെന്നാണ് ആലോചന.
രണ്ടാമത്തെ സാമ്പത്തിക പാക്കേജിന് ഇനിയും അന്തിമ രൂപമായിട്ടില്ല. ലോക്ഡൗണിൽ ഈ മാസം 4 മുതൽ വലിയ തോതിൽ ഇളവു നൽകിക്കഴിഞ്ഞാൽ ഓരോ മേഖലയുടെയും സ്ഥിതിയെക്കുറിച്ചു കൂടുതൽ വ്യക്തതയാവുമെന്നും അതിനുശേഷം മതി പ്രഖ്യാപനമെന്നുമാണ് ആലോചന. ഉടൻ പ്രഖ്യാപനം നടത്തുന്നത് വിപണിക്ക് ഉത്തേജനമാകുമെന്ന വിലയിരുത്തലുമുണ്ട്.
കേന്ദ്ര സർക്കാർ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരിക്കെയാണ് ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നത്. വിപണി ഏകദേശം പൂർണമായും സർക്കാരിന്റെ വരുമാന മേഖലകളിൽ ഭൂരിഭാഗവും സ്തംഭിച്ചു. ലോക്ഡൗൺ പിൻവലിച്ചുകഴിഞ്ഞാൽ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം മെച്ചപ്പെടാം. എന്നാൽ, ആദായ നികുതി വരുമാനത്തിൽ ഇടിവിന് സാധ്യതയുണ്ട്.
നോട്ട് അച്ചടിക്കൽ സർക്കാരിന്റെ പ്രതിഛായയെ ബാധിക്കുമെന്നും പണപ്പെരുപ്പത്തിനു വഴിവയ്ക്കാമെന്നും വിമർശനമുണ്ട്. എന്നാൽ, വാങ്ങൽശേഷി ഉടൻ വർധിക്കില്ലെന്നും അതിനാൽ പണപ്പെരുപ്പ ആശങ്ക വേണ്ടെന്നും വാദിക്കുന്നവരുണ്ട്.
സംസ്ഥാനങ്ങൾക്കു നേരിട്ട് കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷ തൽക്കാലം വേണ്ടെന്നു സൂചന. ജിഎസ്ടി നഷ്ടപരിഹാര കുടിശികയിനത്തിൽ കഴിഞ്ഞ ഡിസംബർ – മാർച്ച് കാലയളവിലേതായി ഏകദേശം 60,000 കോടി രൂപയാണ് സംസ്ഥാനങ്ങൾക്കു ലഭിക്കാനുള്ളത്. ഈ തുകയും ഉടനെങ്ങും വിതരണം ചെയ്യാനാവാത്ത സ്ഥിതിയാണ്.
വായ്പ തിരിച്ചടവിൽ വീഴ്ചവരുത്താത്തവർക്ക് പലിശ കുറയ്ക്കുക എന്നതാണ് ചെറുകിട ഇടത്തരം നാമമാത്ര സംരംഭങ്ങളെ ഉൾപ്പെടെ സഹായിക്കാനുള്ള മാർഗമായി പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha