ചൈനയില്‍നിന്ന് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതിചെയ്ത രണ്ട് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി; ഗുണനിലവാരവും കൃത്യതയും ഇല്ലാത്തതാണെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി

ചൈനയില്‍നിന്ന് ഇന്ത്യയിലേയ്ക്ക് കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്ത രണ്ട് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. ഗുവാന്‍ഷു വാന്‍ഡ്‌ഫോ ബയോടെക്, സുഹായ് ലിവ്‌സോണ്‍ ഡയഗ്നോസ്റ്റിക്‌സ് എന്നീ ചൈനീസ് കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്ത കമ്പനികളുടെ ലൈസന്‍സ് ആണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി.ഡി.എസ്.സി.ഒ) റദ്ദാക്കിയത്.
ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്ത പരിശോധനാ കിറ്റുകള്‍ ഗുണനിലവാരവും കൃത്യതയും ഇല്ലാത്തതാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റസര്‍ച്ചിന്റെ (ഐസിഎംആര്‍) നിര്‍ദേശപ്രകാരമാണ് സി.ഡി.എസ്.സി.ഒയുടെ നടപടി. ഇരു കമ്പനികള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
ഇരു കമ്പനികള്‍ക്കും ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കിയതായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്ക് നല്‍കിയ അറിയിപ്പില്‍ സി.ഡി.എസ്.സി.ഒ വ്യക്തമാക്കി. ഇവര്‍ ഇറക്കുമതി ചെയ്ത പരിശോധനാ കിറ്റുകളില്‍ വ്യാപകമായി തകരാര്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെന്നും അറിയിപ്പില്‍ പറയുന്നു. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കരുതെന്നും അവ തിരിച്ചയക്കുന്നതിനായി തിരികെ ശേഖരിക്കുമെന്നും ഐസിഎംആറും സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു.
ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത ഗുണനിലവാരമില്ലാത്ത പരിശോധനാ കിറ്റുകളുടെ പേരില്‍ ഒരു രൂപപോലും നഷ്ടപ്പെടുത്തില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇറക്കുമതി സംബന്ധിച്ച ഇടപാടില്‍ ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചതിനാല്‍ രാജ്യത്തിന് സാമ്പത്തിക നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍നിന്ന് അഞ്ച് ലക്ഷം റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളാണ് ഐസിഎംആര്‍ മുഖേന ഇറക്കുമതി ചെയ്തത്. തുടര്‍ന്ന് കോവിഡ് ബാധിത സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്ത കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതും കൃത്യതയില്ലാത്ത പരിശോധനാ ഫലങ്ങള്‍ നല്‍കുന്നതുമാണെന്ന് വ്യക്തമായി. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha