മെയ് 4 മുതൽ രാജ്യം മൂന്ന് തട്ടിൽ; 130 ജില്ലകൾ അനങ്ങില്ല; ഇത് സംബന്ധിച്ച കത്ത് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതൻ സംസ്ഥാനങ്ങൾക്ക് കൈമാറി

മെയ് 3 ന് ശേഷം ലോക്ക്ഡൗണിൽ കൂടുതൽ ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. രാജ്യത്തെ മൂന്ന് സോണുകൾ ആക്കി തിരിച്ചു ഇളവുകൾ അനുവദിക്കുന്ന കാര്യമാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്.
റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ ജില്ലകളെ മൂന്ന് സോണുകൾ ആയി തിരിച്ചു. ഇത് സംബന്ധിച്ച കത്ത് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതൻ സംസ്ഥാനങ്ങൾക്ക് കൈമാറി.
രാജ്യത്തെ 319 ജില്ലകൾ ഗ്രീൻ സോണിൽ വരും. 284 ജില്ലകൾ ഓറഞ്ച് സോണിൽ വരുമ്പോൾ റെഡ്സോണിൽ ഉൾപ്പെടുന്നത് 130 ജില്ലകളാണ്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങൾ റെഡ് സോണിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ 10 ജില്ലകൾ ഓറഞ്ച് സോണിലും 2 വീതം ജില്ലകൾ റെഡ് സോണിലും ഗ്രീൻ സോണിലുമാണ്. കണ്ണൂരും കോട്ടയവുമാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എറണാകുളവും വയനാടുമാണ് ഗ്രീൻ സോണിലുള്ളത്.
ഗ്രീൻ സോണുകളിൽ വരുന്ന ജില്ലകളിൽ കാര്യമായ ഇളവുണ്ടാകും. ഓറഞ്ച് സോണിൽ ഭാഗികമായ ഇളവും അനുവദിക്കും.റെഡ് സോണുകളായി നിശ്ചയിച്ച 130 ജില്ലകളിൽ നിലവിലെ നിയന്ത്രണങ്ങൾ കർശനമായി തുടരും.ഗ്രീന്‍ സോണിനെ ഓറഞ്ച് സോൺ ആയും ഓറഞ്ചിനെ റെഡ് ആയും സംസ്ഥാനങ്ങള്‍ക്കു ആവശ്യമെങ്കിൽ പുനഃനിശ്ചയിക്കാം. കേന്ദ്രം തീരുമാനിച്ച റെഡ്, ഓറഞ്ച് സോണുകളില്‍ സംസ്ഥാനങ്ങൾക്ക് ഇളവ് അനുവദിക്കാനാകില്ല. കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ എല്ലാ ആഴ്ച്ചയും പട്ടിക പുതുക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.അതിനിടെ കേരളത്തിൽ മെയ് നാലിനുശേഷമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ചായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. കേന്ദ്രം സോണുകൾ തിരിച്ച് ഇളവുകൾ പ്രഖ്യാപിച്ചാലും പൊതുഗതാഗതം തത്കാലം പുനഃസ്ഥാപിക്കില്ലെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു. കോവിഡ് രോഗ വ്യാപനത്തിന്റെ തോത് അനുസരിച്ച് കേന്ദ്രം പുതിയ സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചാണ് ഇപ്പോൾ സോണുകൾ തിരിച്ചിരിക്കുന്നത്. കേരളത്തില്‍ രണ്ട് ജില്ലകള്‍ റെഡ്‌സോണും രണ്ട് ജില്ലകള്‍ ഗ്രീന്‍സോണും ബാക്കി ജില്ലകള്‍ ഓറഞ്ച് സോണുമാണ്. എന്നാല്‍ കേരളത്തിന്റെ പട്ടിക പ്രകാരം നാല് റെഡ്‌സോണും ബാക്കി ഓറഞ്ച് സോണും മാത്രമാണ് ഉള്ളത്. . 21 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കേസും പോസിറ്റീവല്ലെങ്കില്‍ അത് ഗ്രീന്‍ സോണാകും എന്നാണ് കേന്ദ്ര മാനദണ്ഡം. അതിൽ മാറ്റം ഉണ്ടായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആഭ്യന്തരസെക്രട്ടറിയുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നുണ്ട്. സോണുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha