രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് മണി വരെ എല്ലാ സോണുകളിലും യാത്രാനിയന്ത്രണം; സോണേതായാലും ഹോട്ട് സ്പോട്ടുകളില്‍ നിയന്ത്രണം അതീവ കര്‍ശനം; സ്വകാര്യ കമ്പനികള്‍ക്ക് 33 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം; നിര്‍ദേശങ്ങള്‍ ഇങ്ങനെ

രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് മണി വരെ എല്ലാ സോണുകളിലും യാത്രാനിയന്ത്രണം നിലനില്‍ക്കും. ഇതിനായി 144 അടക്കം ജില്ലാ ഭരണകൂടങ്ങള്‍ക്ക് പ്രഖ്യാപിക്കാം. എല്ലാ സോണുകളിലും 65 വയസിന് മുകളില്‍ പ്രായമുള്ളവരും പത്ത് വയസിന് താഴെ പ്രായമുള്ളവരും ഗര്‍ഭിണികളും എല്ലാ സോണുകളിലും വീടുകളില്‍ തന്നെ തുടരണം. ആരോഗ്യസേവനത്തിന് മാത്രമേ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ പാടുള്ളൂ. റെഡ് സോണിലടക്കം സാമൂഹിക അകലം പാലിച്ച് ആശുപത്രികളിലെ ഒപി വിഭാഗം പ്രവര്‍ത്തിപ്പിക്കാം.
സോണേതായാലും ഹോട്ട് സ്പോട്ടുകളില്‍ നിയന്ത്രണം അതീവ കര്‍ശനമായി തുടരും. ഹോട്ട് സ്പോട്ടുകളിലേക്കും പ്രവേശനവും മടക്കവും ഒറ്റ വഴിയിലൂടെയായിരിക്കും. അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. ഈ മേഖലയില്‍ ഉള്ളവരെ പുറത്തേക്ക് വിടില്ല. അകത്തേക്ക് ആരേയും പ്രവേശിപ്പിക്കില്ല. ജില്ലാ ഭരണകൂടമാണ് ഹോട്ട് സ്പോട്ടുകള്‍ നിര്‍ണയിക്കേണ്ടത്. ചരക്കുഗതാഗതത്തിന് ഒരു തരത്തിലുള്ള തടസവും ഉണ്ടാവില്ല. അന്തര്‍ജില്ലാ, അന്തര്‍ സംസ്ഥാന ചരക്കു കടത്തിന് യാതൊരു തരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.
ബാറുകള്‍ക്കും മദ്യവില്‍പനയ്ക്കും നിയന്ത്രണം ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ബാറുകള്‍ അടക്കമുള്ളവ അടഞ്ഞു കിടക്കുമെങ്കിലും മദ്യവില്‍പന കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മദ്യവില്‍പനശാലകളില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണം എന്ന് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നു. അഞ്ച് പേരില്‍ കൂടുതല്‍ മദ്യവില്‍പന ശാലകളില്‍ കൂട്ടം കൂടാന്‍ പാടില്ല. ആളുകള്‍ തമ്മില്‍ ആറടി അകലം പാലിച്ചു വേണം മദ്യം വില്‍ക്കാന്‍.
വിവാഹങ്ങളില്‍ അന്‍പത് പേരേയും സംസ്‌കാരചടങ്ങുകളില്‍ ഇരുപത് പേരെയും വരെ അനുവദിക്കും. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് കര്‍ശനമായി നിരോധിച്ചു. ഹോട്ടലുകള്‍, ആരാധാനാലയങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാഹാളുകള്‍, മാളുകള്‍, ജിമ്മുകള്‍, മറ്റു പരിശീലന കേന്ദ്രങ്ങള്‍ എന്നിവ എല്ലാ സോണുകളിലും അടഞ്ഞു കിടക്കും. രാഷ്ട്രീയവും സാംസ്‌കാരികവുമായ പൊതുപരിപാടികള്‍ ഒന്നും തന്നെ രാജ്യത്ത് എവിടെയും അനുവദിക്കില്ല.
സൈക്കിള്‍ റിക്ഷ, ഓട്ടോറിക്ഷ, ടാക്സി, ജില്ലയ്ക്ക് അകത്തും പുറത്തേക്കുമുള്ള ബസ് സര്‍വ്വീസുകള്‍ എന്നിവ റെഡ് സോണുകളില്‍ അനുവദിക്കില്ല. ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാ, സലൂണുകള്‍ എന്നിവ റെഡ് സോണില്‍ അടഞ്ഞു കിടക്കും.
റെഡ് സോണിലെ ജനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങളോടെ പുറത്തിറങ്ങാം. ഇത്തരം യാത്രകളില്‍ നാല് ചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം രണ്ട് പേര്‍ മാത്രമേ സഞ്ചരിക്കാവൂ. ഇരുചക്രവാഹനങ്ങളില്‍ ഒരേ സമയം ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ. റെഡ് സോണുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍ ഇതിനായി പുറത്തു നിന്നും തൊഴിലാളികളെ ആരേയും കൊണ്ടു വരാന്‍ പറ്റില്ല. മാളുകളും മാര്‍ക്കറ്റ് കോപ്ലക്സുകളും അടഞ്ഞു കിടക്കും. അവശ്യവസ്തുകളുടെ ഈ കൊമേഴ്സ് വ്യാപാരം അനുവദിക്കും.
സ്വകാര്യ കമ്പനികള്‍ക്ക് 33 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. മറ്റുള്ളവരെ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ തുടരാന്‍ അനുവദിക്കണം. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉന്നത ജീവനക്കാരെ കൂടാതെ 33 ശതമാനം പേര്‍ മാത്രം ജോലിക്ക് വന്നാല്‍ മതി. പൊലീസ്, സൈന്യം,, ഹോം ഗാര്‍ഡ്സ്, സിവില്‍ ഗാര്‍ഡ്സ്, അഗ്നിരക്ഷാസേന, നാഷണല്‍ ഇന്‍ഫോമാറ്റിക്സ സെന്‍ര്‍, കസ്റ്റംസ്, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, എന്‍സിസി, നെഹ്റു യുവജനകേന്ദ്ര, മുന്‍സിപ്പല്‍ സര്‍വ്വീസുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും നിയന്ത്രണം ബാധകമല്ല.
റെഡ് സോണില്‍ കൂടുതല്‍ ഇളവുകള്‍ മൂന്നാം ഘട്ടത്തിലുണ്ട്. റെഡ് സോണിലെ ഗ്രാമമേഖലകളില്‍ എല്ലാത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്താം. കടകള്‍ തുറക്കാനും അനുമതിയുണ്ട്. തൊഴിലുറപ്പ് പദ്ധതികള്‍ക്കും അനുമതിയുണ്ട്. ഭക്ഷ്യ സംസ്‌കരണം, ബ്രിക്സ് നിര്‍മ്മാണം, ഗ്രാമമേഖലകളിലെ എല്ലാ കടകളും തുറക്കാം. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അനുവദിക്കും. മത്സ്യബന്ധനത്തിന് അനുമതിയുണ്ട്.
ബാങ്കുകള്‍, നോണ് ബാങ്കിംഗ് സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കും. ഇന്‍ഷുറന്‍സ്, ക്യാപിറ്റല്‍ മാര്‍ക്കറ്റിംഗ്, വായ്പാ സ്ഥാപനങ്ങള്‍, കുട്ടികളുടേയും മുതിര്‍ന്ന പൌരന്‍മാരുടേയും കെയര്‍ ഹോമുകള്‍, അംഗനവാടികള്‍ എന്നിവ തുറക്കാന്‍ അനുമതി. കൊറിയര്‍ സര്‍വ്വീസുകളും പോസ്റ്റല്‍ സര്‍വ്വീസുകളും റെഡ് സോണില്‍ നടത്താം. മാലിന്യ നിര്‍മാര്‍ജനം, ടെലി കമ്മ്യൂണിക്കേഷന്‍, ജലസേചനം, എന്നിവയും റെഡ് സോണില്‍ അനുവദിച്ചിരിക്കുന്നു. റെഡ് സോണില്‍ ഭൂരിപക്ഷം വ്യാപാര സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അച്ചടി, ദൃശ്യമാധ്യമങ്ങള്‍, ഐടി അധിഷ്ഠിത കമ്പനികള്‍, ഡാറ്റാ, കോള്‍ സെന്റുകള്‍, സ്വകാര്യ സെക്യൂരിറ്റി സര്‍വ്വീസ് എന്നിവയെല്ലാം റെഡ് സോണിലാവാം.
https://www.facebook.com/Malayalivartha