അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ഗുജറാത്തില്‍ നിന്നും 70 തൊഴിലാളികളുമായി ഒഡീഷക്ക് പോയ ബസ് അപകടത്തില്‍ പെട്ട് ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ഗുജറാത്തില്‍ നിന്നും ഒഡിഷക്ക് പോയ ബസ് അപകടത്തില്‍ പെട്ടു ഒരാള്‍ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.
ഗുജറാത്തിലെ സൂറത്തില്‍ നിന്നും ഒഡിഷയിലെ ഗന്‍ജാമിലേക്കുള്ള 70 തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്. റോഡിന് വശത്തുള്ള മതിലില്‍ തട്ടിയാണ് അപകടമുണ്ടായത്. പൊലിസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
അതെ സമയം ആലപ്പുഴ ജില്ലയില്‍ നിന്നു മടങ്ങാന്‍ ആഗ്രഹിക്കുന്ന അതിഥിത്തൊഴിലാളികള്‍ക്കായി ആദ്യ ട്രെയിന്‍ നാളെ പുറപ്പെടും. രണ്ടാമത്തെ ട്രെയിന്‍ 6നാണ്. നാളെ ബിഹാറിലേക്കും 6ന് ഒഡീഷയിലേക്കുമാണ് ഓരോ ട്രെയിന്‍ പുറപ്പെടുകയെന്നു മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.ജില്ലയില്‍ 19,000 അതിഥിത്തൊഴിലാളികളുണ്ടെന്നാണ് നിലവിലെ കണക്ക്.
19,015 പേര്‍ അടങ്ങുന്ന പട്ടികയില്‍ നിന്നാണ് സ്വന്തം ചെലവില്‍ മടങ്ങാന്‍ തയാറായ അതിഥിത്തൊഴിലാളികളുടെ പട്ടിക തയാറാക്കുന്നത്. വീട്ടുജോലിക്ക് നില്‍ക്കുന്നവര്‍ ഉള്‍പ്പെടെ പട്ടികയിലുണ്ട്. നോണ്‍ സ്റ്റോപ്പ് ട്രെയിനാണ് പോകുന്നത്. തൊഴിലാളികളെ അതതു സംസ്ഥാനങ്ങളില്‍ എത്തിക്കുക മാത്രമാണ് ലക്ഷ്യം.
അതിഥിത്തൊഴിലാളികളുമായി കോഴിക്കോട്ടു നിന്നുള്ള ആദ്യട്രെയിന്‍ ജാര്‍ഖണ്ഡിലെ ധന്‍ബാദിലേക്ക് ചൂളം വിളിച്ചു. കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലെ ക്യാംപുകളില്‍ കഴിയുന്ന 1175 പേരാണ് നാട്ടിലേക്ക് തിരിച്ചു പോയത്. ഇവരില്‍ 5 പേര്‍ കുട്ടികളാണ്. തികഞ്ഞ അച്ചടക്കത്തോടെയും സാമൂഹിക അകലം പാലിച്ചും എത്തിയ തൊഴിലാളികളെ കനത്ത സുരക്ഷാവലയത്തിലാണ് ട്രെയിന്‍ കയറ്റിവിട്ടത്.
ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് ട്രെയിന്‍ യാത്ര തുടങ്ങിയത്. 1200 പേരെ യാത്രയ്ക്കായി തിരഞ്ഞെടുത്തിരുന്നെങ്കിലും അവസാന നിമിഷം 25 പേര്‍ പിന്‍വാങ്ങി. ട്രെയിന്‍ ടിക്കറ്റിനുള്ള പണം തൊഴിലാളികളോ തൊഴിലുടമയോ എടുക്കുകയായിരുന്നു. ഇന്നു മുതലുള്ള ഭക്ഷണം ട്രെയിനില്‍ നിന്നു ലഭിക്കും.
കെഎസ്ആര്‍ടിസി വിട്ടു നല്‍കിയ ബസുകളിലാണ് ഇവരെ ക്യാംപുകളില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്.അതിഥി ത്തൊഴിലാളികള്‍ കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനിലെത്താന്‍ സാധ്യതയുണ്ടെന്നതിനാല്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള എല്ലാ റോഡുകളും രാവിലെ മുതല്‍ തന്നെ പൊലീസ് സുരക്ഷയിലായിരുന്നു.
മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്‍, എ.കെ.ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ.രാഘവന്‍ എംപി, എംഎല്‍എ മാരായ എം.കെ.മുനീര്‍, എ.പ്രദീപ്കുമാര്‍, കലക്ടര്‍ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി എ.വി.ജോര്‍ജ്, സബ് കലക്ടര്‍ ജി.പ്രിയങ്ക, ഡിസിപി ചൈത്ര തെരേസാ ജോണ്‍, ഡപ്യൂട്ടി കലക്ടര്‍ ഇ.അനിത കുമാരി എന്നിവര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.
L"
https://www.facebook.com/Malayalivartha
























