ലോകാരോഗ്യ സംഘടനയുടെ മരുന്ന് പരീക്ഷണത്തില്‍ ഇന്ത്യയും; രാജ്യത്തെ രോഗികളില്‍ 1000 ഡോസ് പരീക്ഷിക്കും; കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനാണ് ഇക്കാര്യം അറിയിച്ചത്

കൊറോണ വൈറസിനെതിരേയുള്ള വാക്‌സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ. പലതരത്തിലുള്ള പരീക്ഷങ്ങൾ ഇതുമായി ബന്ധപ്പെട്ട നടക്കുന്നുണ്ട്.
കോവിഡ് 19ന് എതിരായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള മരുന്നു പരീക്ഷണ പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍. 'സോളിഡാരിറ്റി' എന്ന പേരിലുള്ള കോവിഡ് മരുന്ന് പരീക്ഷണത്തിന്റെ ഭാഗമായി റെംഡെസിവിര്‍ എന്ന മരുന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രോഗികളില്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മരുന്ന് പരീക്ഷണത്തിന്റെ ഭാഗമായി റെംഡെസിവിറിന്റെ ആയിരം ഡോസ് ലഭ്യമായിട്ടുണ്ടെന്നും ഇത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള കോവിഡ് 19 രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഐസിഎംആര്‍, സിഎസ്‌ഐആര്‍ എന്നിവയിലെ ശാസ്ത്രജ്ഞരും വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് 19 രോഗികളില്‍ അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് അമേരിക്കയില്‍ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പരീക്ഷണത്തില്‍ റെംഡെസിവിര്‍ ഗുണകരമാണെന്ന് കണ്ടെത്തിയിരുന്നു. 1,063 ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ 31 ശതമാനം വേഗത്തിലുള്ള രോഗമുക്തി നല്‍കാന്‍ റെംഡെസിവിറിന് സാധിച്ചതായാണ് ഗവേഷകര്‍ പറയുന്നത്.
കോവിഡ് 19-ന് ചികിത്സയ്ക്കുപയോഗിക്കാവുന്ന മരുന്നുകളുടെ പരീക്ഷണ പദ്ധതിയാണ് 'സോളിഡാരിറ്റി'. നൂറിലധികം രാജ്യങ്ങള്‍ ഇതില്‍ പങ്കാളികളാകുന്നുണ്ട്. റെംഡെസിവിര്‍ അടക്കം നാലു മരുന്നുകളാണ് പരീക്ഷിക്കുന്നത്. കോവിഡിനെതിരായ മരുന്ന് ഗവേഷണത്തില്‍ നേരിടുന്ന കാലതാമസം കുറയ്ക്കാനും എത്രയും വേഗത്തില്‍ ഫലപ്രദമായ ചികിത്സ കണ്ടെത്താനുമുള്ള പരീക്ഷണമാണിത്.
https://www.facebook.com/Malayalivartha
























