ശ്രമിക് ട്രെയിനുകളിലെ ടിക്കറ്റ് ചെലവ് കോണ്‍ഗ്രസ് വഹിക്കും

ശ്രമിക് ട്രെയിനുകളില്‍ അതിഥിത്തൊഴിലാളികളെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടു പോകുമ്പോള്‍ തൊഴിലാളികളോട് ഈടാക്കുന്ന ടിക്കറ്റ് നിരക്ക് വഹിക്കാന്‍ എല്ലാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളോടും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. പാവപ്പെട്ട തൊഴിലാളികളോടു ഈ പ്രതിസന്ധി ഘട്ടത്തിലും പണം ഈടാക്കുന്ന റെയില്‍വേയുടെ നടപടിയെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിമര്‍ശിച്ചതിനു പിന്നാലെയാണു കോണ്‍ഗ്രസ് നടപടി.
പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 151 കോടി കൊടുക്കുന്ന റെയില്‍വേ, തൊഴിലാളികളോടു കാണിക്കുന്നതു ക്രൂരതയാണെന്ന് രാഹുലും പ്രിയങ്കയും ആരോപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് ക്രൂരതയാണെന്നും സോണിയ ആരോപിച്ചിരുന്നു.
തുക പിസിസികള്‍ നല്‍കണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. അതിനു കഴിയാത്ത സംസ്ഥാനങ്ങള്‍ക്കു എഐസിസി പണം നല്‍കും. വേണുഗോപാലിനാണു നടപടികളുടെ ചുമതല.
പിന്നീട് തൊഴിലാളികളെ റെയില്‍വേ സൗജന്യമായാണു കൊണ്ടുപോകുന്നതെന്ന വാദവുമായി, കോണ്‍ഗ്രസിന്റെ തന്ത്രപരമായ നീക്കത്തിനു മുന്നില്‍ പകച്ച ബിജെപി പിന്നീട് രദഗത്ത് എത്തി. 85% കേന്ദ്രവും 15% സംസ്ഥാനങ്ങളും വഹിക്കണമെന്നാണ് റെയില്‍വേ പറഞ്ഞതെന്നാണു ബിജെപി വക്താവ് സംബിത് പത്രയുടെ വിശദീകരണം. എന്നാല്‍ ഇളവുകളെക്കുറിച്ച് റെയില്‍വേ ഇറക്കിയ ഉത്തരവുകളില്ല. മാത്രമല്ല, കേന്ദ്രം 85% വഹിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി മന്ത്രി പീയൂഷ് ഗോയലുമായി ചര്‍ച്ച നടത്തുകയും ചെയ്തു. വൈകാതെ ഉത്തരവിറക്കുമെന്നും സ്വാമി ട്വീറ്റ് ചെയ്തു.
ബിഹാര്‍ സര്‍ക്കാര്‍, മടങ്ങിയെത്തുന്ന തൊഴിലാളികളുടെ ടിക്കറ്റ് തുക തിരിച്ചു നല്‍കാന്‍ തീരുമാനിച്ചു. പുറമേ 500 രൂപയും നല്‍കും. എന്നാല്‍, ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ സര്‍ക്കാര്‍ വലയുകയാണ്.
ശ്രമിക് ട്രെയിനില്‍ സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന യാത്രക്കാരെ മാത്രമാണ് സ്റ്റേഷനിലെത്തിക്കുന്നത്. ഇവര്‍ക്കുള്ള പ്രത്യേക ടിക്കറ്റുകള്‍ നല്‍കും. സംസ്ഥാനങ്ങള്‍ പണം ഈടാക്കി റെയില്‍വേക്കു നല്‍കണം. ഭക്ഷണവും വെള്ളവും പുറപ്പെടുന്ന സ്ഥലത്തെ സര്‍ക്കാര്‍ ഒരുക്കണം. 12 മണിക്കൂറില്‍ കൂടുതലുള്ള യാത്രയില്‍ ഒരു നേരത്തെ ഭക്ഷണം റെയില്‍വേ നല്‍കും.
അതിഥിത്തൊഴിലാളികള്‍ക്കു സ്വന്തം സംസ്ഥാനത്തേക്കു തിരിച്ചുപോകുന്നതിനു സാമ്പത്തിക പിന്തുണ നല്‍കാന്‍ കെപിസിസി തയാറാണ്. സോണിയ ഗാന്ധിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയെയും റെയില്‍വേയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനു ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇതിനുവേണ്ട നടപടി കെപിസിസി സ്വീകരിക്കും.
തൊഴിലാളികളുടെ ടിക്കറ്റ് തുക നല്‍കാനുള്ള തീരുമാനത്തിലൂടെ കോണ്‍ഗ്രസ് നടത്തിയ നീക്കത്തിനു മാതൃകയായത് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിന്റെ നടപടി. ബെംഗളൂരുവില്‍ നിന്ന് ഇതരജില്ലകളിലേക്കു തൊഴിലാളികളെയും മറ്റും കൊണ്ടുപോകാന്‍ ഇരട്ടിനിരക്കു വാങ്ങി ബസോടിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇത് അനീതിയാണെന്നു ചൂണ്ടിക്കാട്ടി ഒരു കോടി രൂപ കര്‍ണാടക പിസിസി, ആര്‍ടിസിക്കു നല്‍കി. ചെക്കിന്റെ ചിത്രം സഹിതം ശിവകുമാര്‍ ഇത് ട്വീറ്റ് ചെയ്തു. വൈകാതെ യാത്ര സൗജന്യമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























