ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 25കാരന്‍ അറസ്റ്റില്‍... മുംബൈയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 25കാരന്‍ അറസ്റ്റില്‍. മുംബൈയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചുനാഭാട്ടി സ്വദേശിയായ കമ്രാന്‍ ഖാനാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉത്തര്‍പ്രദേശ് പൊലീസിന്റെ സോഷ്യല്‍ മീഡിയ ഹെല്‍പ്പ് ഡെസ്‌കിലാണ് വധഭീഷണി ലഭിച്ചത്. ബോംബ് സ്‌ഫോടനത്തിലൂടെ യോഗി ആദിത്യ നാഥിനെ വധിക്കുമെന്നായിരുന്നു ഭീഷണി.
ഇതുമായി ബന്ധപ്പെട്ട് ഫോണ്‍വിളിച്ച തിരിച്ചറിഞ്ഞിട്ടില്ലാത്തയാള്‍ക്കെതിരെ ഗോമതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന സൂപ്രണ്ട് വിക്രം ദേശ്മാനേ പറഞ്ഞു. ഫോണ്‍കോളിനെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ മുംബൈയില്‍ നിന്നാണ് ഫോണ്‍ വന്നതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇക്കാര്യം മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേനയെ അറിയിക്കുകയായിരുന്നു. ഇവരാണ് ഖാനെ അറസ്റ്റ് ചെയ്തത്.
യോഗി ആദിത്യനാഥ് മുസ്ലീം വിരുദ്ധനാണെന്ന് ആരോപിച്ചായിരുന്നു ഭീഷണി. ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രി 12.32നാണ് വാട്‌സ്ആപ്പ് സന്ദേശം എത്തുന്നത്. സോഷ്യല്‍ മീഡിയ സെല്‍ അധികൃതര്‍ ഉടന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
ലഖ്‌നൗവിലെ ഗോമതി നഗര്‍ ഇന്‍സ്‌പെക്ടര്‍ ധീരജ് കുമാറാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വധഭീഷണി, അജ്ഞാത മാര്‍ഗം വഴിയുള്ള ഭീഷണി, പരിഭ്രാന്തി സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് അജ്ഞാതനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രിയെ വധിക്കുമെന്ന വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചുവെന്ന വിവരം എഡിജിപി അസിം അരുണും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.
https://www.facebook.com/Malayalivartha























