സ്ഥിരമായി വൈദ്യുതി മുടങ്ങുന്നു, പരാതി വിളിച്ചു പറഞ്ഞാൽ മോശം പ്രതികരണം; ജീവനക്കാരെ തൂണിൽ കെട്ടിയിട്ട് അരിശം തീർത്ത് നാട്ടുകാർ

വൈദ്യുതി പതിവായി മുടങ്ങുന്നതിൽ കുപിതരായ നാട്ടുകാർ വൈദ്യുതി വകുപ്പിലെ ജീവനക്കാരെ കെട്ടിയിട്ടു. തെലങ്കാനയിലെ മേഡക് ജില്ലയിലെ അലദുർഗിനടുത്തുള്ള ഗ്രാമത്തിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.
റീഡിങ് എടുക്കാൻ എത്തിയ രണ്ടു ജീവനക്കാരെയാണ് നാട്ടുകാർ തൂണിൽ കെട്ടിയിട്ടത്. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ടാണ് ജീവനക്കാരെ മോചിപ്പിച്ചത്. ശനിയാഴ്ച ഗ്രാമത്തിലേക്ക് റീഡിങ്ങിന് എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ഇവരെ നാട്ടുകാർ തടഞ്ഞുവച്ച് വൈദ്യുതിമുടക്കം പരിഹരിക്കണമെന്നും ഗ്രാമത്തിലേക്ക് മാത്രമായി ഒരു ടെക്നീഷ്യനെ വിട്ടുതരണമെന്നും ആവശ്യപ്പെട്ടു.
അതേസമയം വൈദ്യുതി മുടക്കം സംബന്ധിച്ച പരാതി വിളിച്ചു പറയുമ്പോൾ മോശം പ്രതികരണമാണ് ലഭിക്കുന്നതെന്നും നാട്ടുകാർ പരാതിപ്പെടുന്നു. ഇതിനു പിന്നാലെ ജീവനക്കാരുമായി നാട്ടുകാർ വാക്കുതർക്കമായി. ഇതിൽ കുപിതരായ നാട്ടുകാർ നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ തൂണിൽ ഉദ്യോഗസ്ഥരെ കെട്ടിയിടുകയായിരുന്നു.
തുടർന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് അസിസ്റ്റന്റ് എഞ്ചിനീയറും പൊലീസ് സബ് ഇൻസ്പെക്ടറും സ്ഥലത്തെത്തി. ഇവർ നടത്തിയ ചർച്ചയിലാണ് ജീവനക്കാരെ കെട്ടഴിച്ചുവിടാൻ നാട്ടുകാർ തയ്യാറായത്. വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് എഞ്ചിനീയർ ഉറപ്പുനൽകി.
https://www.facebook.com/Malayalivartha






















