രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് 6 ലക്ഷം രൂപ തട്ടിയെടുത്തു

വ്യാജ ചെക്കുകള്‍ ഉപയോഗിച്ച് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്തു. ലക്‌നൗവിലെ 2 ബാങ്കുകളിലാണ് വ്യാജ ചെക്കു നല്‍കി തട്ടിപ്പു നടത്തിയത്. മാറ്റിയ ചെക്കുകളുടെ അതേ നമ്പറിലുളള യഥാര്‍ഥ ചെക്ക് ലീഫുകള്‍ ട്രസ്റ്റിന്റെ പക്കല്‍ത്തന്നെയുണ്ട്.
ഈ മാസം ഒന്നിന് 2.5 ലക്ഷം, മൂന്നിന് 3.5 ലക്ഷം എന്നിങ്ങനെ പണം പിന്‍വലിച്ച് പഞ്ചാബ് നാഷനല്‍ ബാങ്കിലെ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്നാം തവണ 9.86 ലക്ഷം രൂപ പിന്‍വലിക്കാന്‍ ചെക്ക് നല്‍കിയപ്പോള്‍ ബാങ്ക് അധികൃതര്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപട്‌റായിയെ സ്ഥിരീകരണത്തിനായി വിളിച്ചതോടെയാണ് തട്ടിപ്പു പുറത്തറിഞ്ഞത്. യുപി പൊലീസ് അന്വേഷണമാരംഭിച്ചു.
അയോധ്യ ക്ഷേത്രനിര്‍മാണ ട്രസ്റ്റിന് എസ്ബിഐയില്‍ 2 അക്കൗണ്ടുകളാണുള്ളത്. കോടതി വിധി വന്ന ശേഷമുണ്ടാക്കിയ പുതിയ അക്കൗണ്ടില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് ഭാരവാഹികളിലൊരാള്‍ പറഞ്ഞു. കോടിക്കണക്കിനു രൂപ ഇതിലുണ്ട്.
അതിനിടെ, ക്ഷേത്രനിര്‍മാണ ജോലികള്‍ ഈ മാസം 17-നു ശേഷം തുടങ്ങും. നിര്‍മാണച്ചുമതലയുളള ട്രസ്റ്റ് അംഗം നൃപേന്ദ്ര മിശ്ര നിര്‍മാണക്കരാര്‍ ലഭിച്ച എല്‍ ആന്‍ഡ് ടിയുടെയും ആര്‍ക്കിടെക്റ്റുമാരുടെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
https://www.facebook.com/Malayalivartha


























