ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെ പെണ്‍കെണിയില്‍ കുടുക്കി, സംഘത്തിലെ സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 35-കാരനായ ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെ ഓയോ ഹോട്ടലില്‍ ഒരു ദിവസത്തോളം തടഞ്ഞുവച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ട പെണ്‍കെണി സംഘം പിടിയില്‍. സംഘത്തിലെ സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി സെക്ടര്‍ 41-ലെ ഹോട്ടലില്‍നിന്നാണ് ഇവരെ പിടികൂടിയത്.
ബിജെപിയുടെ പ്രാദേശിക നേതാവെന്ന് അവകാശപ്പെടുന്ന വനിതയുടെ സമൂഹമാധ്യമത്തിലെ പ്രൊഫൈലിലൂടെയാണ് അവര്‍ ശാസ്ത്രജ്ഞനെ കുടുക്കിയത്. മസാജ് പാര്‍ലറുകള്‍ക്കായി സമൂഹമാധ്യമത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് സുനിതയും കൂട്ടാളികളുമായി സെക്ടര്‍ 74-ലെ സൂപ്പര്‍ടെക് കേപ്ടൗണില്‍ താമസസിക്കുന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ബന്ധം സ്ഥാപിക്കുന്നത്. ഇവര്‍ നല്‍കിയ നമ്പറില്‍ വിളിച്ചപ്പോള്‍ ലോജിക്‌സ് സിറ്റി സെന്ററില്‍ എത്താന്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച വൈകിട്ട് സ്വന്തം കാറില്‍ അവിടെയെത്തി. മറ്റൊരു കാറിലെത്തിയ ഒരു സംഘാംഗം ശാസ്ത്രജ്ഞനെ ഓയോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുനാല്‍ റെസിഡന്‍സിയിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയ ഉടനെ അഞ്ചംഗ സംഘം ശാസ്ത്രജ്ഞനെ ഒരു മുറിയില്‍ പൂട്ടിയിടുകയും ഭാര്യയെ വിളിച്ച് പണം ആവശ്യപ്പെടുകയും ചെയ്തു.
സുനിത ഗുര്‍ജര്‍ എന്ന പേരുള്ള അക്കൗണ്ടില്‍ പ്രദേശിക ബിജെപി മണ്ഡലിന്റെ അധ്യക്ഷയെന്നും ബിഗ് ബോസ് സീസണ്‍ 10-ലെ മത്സരാര്‍ഥി മന്‍വീര്‍ ഗുര്‍ജറിന്റെ ബന്ധുവാണെന്നും പറയുന്നു. ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാനോടൊപ്പമുള്ള ചില ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. സുനിത മുന്‍ പ്രവര്‍ത്തകയാണെന്ന് നോയിഡയിലെ ബിജെപി യൂണിറ്റ് സ്ഥിരീകരിച്ചു. എന്നാല്‍ ഇങ്ങനെയൊരാള്‍ തന്റെ കുടുംബത്തില്‍ ഇല്ലെന്നാണ് മന്‍വീറിന്റെ പ്രതികരണം.
വീട്ടുസാധനങ്ങള്‍ വാങ്ങിക്കാനെന്ന് പറഞ്ഞാണ് ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ഉദ്യോഗസ്ഥന്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള തട്ടിപ്പ് സംഘത്തിന്റെ ആദ്യ ഫോണ്‍ കോള്‍ എത്തുന്നത് രാത്രി 11 മണിക്കാണ്. ഇതിനുശേഷം നിരവധി തവണ വിളിക്കുകയും പൊലീസില്‍ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പണം സംഘടിപ്പിക്കാന്‍ ഉദ്യോഗസ്ഥന്റെ ഭാര്യ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനെത്തുടര്‍ന്ന് ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
മൂന്നു സംഘമായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ സിഗ്‌നല്‍ ട്രേസ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ കോള്‍ എത്തിയത് ഹോട്ടലില്‍നിന്നാണെന്ന് മനസ്സിലാക്കി. പിന്നീട് പണം അടങ്ങിയ ബാഗുമായി ഭാര്യയെ ഹോട്ടലിലേക്ക് അയച്ച് പൊലീസ് കെണിയൊരുക്കി. സംഘത്തിലെ മൂന്നു പേര്‍ ഹോട്ടലിനു പുറത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പൊലീസിനെ വെട്ടിച്ച് രണ്ടുപേര്‍ കടന്നുകളഞ്ഞപ്പോള്‍ ദീപക് എന്നയാളെ പിടികൂടി. ഇയാളുടെ സഹായത്തോടെ ശാസ്ത്രജ്ഞനെ പൂട്ടിയിട്ട മുറിയില്‍ പൊലീസെത്തുകയായിരുന്നെന്ന് ഡിസിപി രണ്‍വിജയ് സിങ് പറഞ്ഞു. ഹോട്ടല്‍ മാനേജര്‍ രാകേഷ്, സുനിത എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
അനില്‍ ശര്‍മ, ആദിത്യ കുമാര്‍ എന്നിവരാണ് പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞവര്‍. ദീപക്കും ഹോട്ടല്‍ മാനേജര്‍ രാകേഷും സഹോദരങ്ങളാണെന്നും ഹരിയാനയിലെ ബിവാഡി സ്വദേശികളാണെന്നും പൊലീസ് പറഞ്ഞു. സമൂഹത്തില്‍ ഉന്നതനിലയില്‍ കഴിയുന്നവരെ ലക്ഷ്യമിടുന്ന സംഘം കഴിഞ്ഞ മൂന്നു മാസത്തിനിടെ മൂന്നു ആളുകളെ ഇത്തരത്തില്‍ തട്ടിപ്പില്‍ കുടുക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മാസം 1.4 ലക്ഷം രൂപയ്ക്കാണ് ഹോട്ടല്‍ വാടകയ്ക്ക് എടുത്തിരുന്നതെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസുമായി സഹകരിക്കുമെന്നും ഓയോ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























