മൂന്ന് വയസുകാരിയെ ട്രെയിനില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമം.... കുട്ടിയെ രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ ചെയ്തത്?
റെയില്‍വെ സ്റ്റേഷനില്‍ നിന്നും മൂന്ന് വയസുകാരിയെ ട്രെയിനില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചയാളെ ഇന്ത്യന്‍ റെയില്‍വേ പൊലീസ് കുടുക്കി. 3 വയസുകാരിയായ കുഞ്ഞിനെ രക്ഷിക്കാന്‍ ലളിത്പൂരില്‍ നിന്നും ഭോപ്പാല്‍ വരെ നോണ്‍ സ്റ്റോപ്പായി ട്രെയിന്‍ ഓടിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ലളിത്പൂരില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ മറ്റ് സ്റ്റോപ്പുകളില്‍ എങ്ങും നിറുത്താതെ നേരെ ഭോപ്പാലില്‍ നിറുത്തുകയും അവിടെവച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ കൈയ്യോടെ പിടികൂടുകയുമായിരുന്നു. ലളിത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ തട്ടിയെടുത്തത്. തുടര്‍ന്ന് കുട്ടിയേയും കൊണ്ട് ഭോപ്പാലിലേക്ക് പോകാന്‍ കിടന്ന രപ്തിസാഗര്‍ എക്സ്പ്രസിലേക്ക് കയറുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ കുടുംബം റെയില്‍വേ സ്റ്റേഷന് അധികൃതരെ സമീപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ് അല്പം മുന്നേ പുറപ്പെട്ട രപ്തിസാഗര്‍ എക്സ്പ്രസില്‍ പ്രതി കുട്ടിയേയും കൊണ്ട് കയറിയതായി ആര്.പി.എഫ് സംഘം കണ്ടെത്തിയത്. ഉടന്‍ തന്നെ ലളിത്പൂരില്‍ നിന്നും വിവരം ഭോപ്പാലിലെ ആര്.പി.എഫ് അധികൃതര്‍ക്ക് കൈമാറുകയും ഓപ്പറേറ്റിംഗ് കണ്‍ട്രോളിനെ അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് മറ്റ് സ്റ്റേഷനുകളില്‍ നിറുത്തരുത് എന്ന നിര്‍ദ്ദേശം ട്രെയിനിന് നല്കി. ഭോപ്പാലില്‍ ട്രെയിന്‍ എത്തിയ ഉടന്‍ തന്നെ കംപാര്‍ട്ട്മെന്റുകളില്‍ ഒന്നില്‍ നിന്നും പ്രതിയെ ആര്.പി.എഫ്, പൊലീസ് എന്നിവരുടെ വന്‍ സന്നാഹം ചേര്‍ന്ന് പിടികൂടുകയും കുട്ടിയെ രക്ഷപ്പെടുത്തി കുടുംബത്തിന് കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha