ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ
നാളെ ആദ്യ ഘട്ട വോട്ടെടുപ്പു നടക്കുന്ന ബിഹാറിലെ 71 മണ്ഡലങ്ങളിലെ പ്രചാരണം സമാപിച്ചു. എന്‍ഡിഎയ്ക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാസഖ്യത്തിനു വേണ്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനെത്തിയെങ്കിലും ആര്‍ജെഡിയുടെ തേജസ്വി യാദവാണ് താരം. ഭരണവിരുദ്ധ വികാരമിളക്കുന്നതില് മഹാസഖ്യത്തിന്റെ തന്ത്രങ്ങള്‍ ഫലിക്കുന്നതായുള്ള സൂചനകള്‍ വോട്ടായി മാറിയാല്‍ ബിഹാറില്‍ ഭരണം മാറും.
ജെഡി-യുവിന്റെയും ബിജെപിയുടെയും 4 പേര് വീതവും നിതീഷ് സര്‍ക്കാരിലെ 8 മന്ത്രിമാരും ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായുണ്ട്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് ലഭിച്ച 7 സീറ്റുകളില്‍ പാര്‍ട്ടി നേതാവ് ജിതന്‍ റാം മാഞ്ചിയുടെ ഇമാംഗഞ്ച് ഉള്‍പ്പെടെ 6 സീറ്റുകളിലും ആദ്യഘട്ടത്തില്‍ ജനം വിധിയെഴുതും.
എന്‍ഡിഎയില്‍ ജെഡി-യു 35, ബിജെപി 29, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച 6, വികാസ്ശീല് ഇന്സാന് പാര്‍ട്ടി 1 എന്നിങ്ങനെയാണ് ആദ്യഘട്ടത്തിലെ സ്ഥാനാര്‍ഥികള്‍. മഹാസഖ്യത്തില്‍ ആര്‍ജെഡി 42, കോണ്‍ഗ്രസ് 21, സിപിഐ (എംഎല്) 8 എന്നിങ്ങനെയും.
ജെഡിയുവിനു തിരിച്ചടിയുണ്ടാകുമെന്ന സൂചനകള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കുന്ന തിരഞ്ഞെടുപ്പു റാലികളുടെ പ്രചാരണ ബോര്‍ഡുകളില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ചിത്രമൊഴിവാക്കിയത് വിവാദമായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മോദിയുടെ പേരില്‍ പരമാവധി സീറ്റുകള്‍ നേടുകയെന്നതാണ് ബിജെപി തന്ത്രം.
https://www.facebook.com/Malayalivartha