3 ബിജെപി പ്രവര്‍ത്തകര്‍ കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ 3 ബിജെപി പ്രവര്‍ത്തകര്‍ ഭീകരരുടെ വെടിയേറ്റു മരിച്ചു. കുല്‍ഗാമിലെ യുവമോര്‍ച്ച നേതാവ് ഫിദ ഹുസൈന്‍, ഉമര്‍ഹജാം, ഹാരൂണ്‍ ബെയ്ഗ് എന്നിവരാണ് നാടിനെ നടുക്കിയ സംഭവത്തില്‍ കൊല്ലപ്പെട്ടത്. കാറില്‍ സഞ്ചരിച്ച ഇവരുടെ നേര്‍ക്കു ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിയേറ്റ ഉടന്‍ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈ.കെ.പോറയിലെ ഖ്വാസിഗണ്ടില്‍ വെടിവയ്പു നടന്ന സ്ഥലം സുരക്ഷാസേന വളഞ്ഞു. ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ തുടങ്ങി.
ആക്രമണത്തെ ബിജെപി വക്താവ് അല്‍താഫ് താക്കൂര്‍ അപലപിച്ചു. വിശുദ്ധ ദിനങ്ങളില്‍ പോലും നിരായുധരായ സാധാരണക്കാരെ ആക്രമിക്കുന്ന നടപടി നിന്ദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയ ശേഷം മേഖലയില്‍ ഭീകരര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരേ സായുധാക്രമണം നടത്തുക പതിവാണ്. പല പ്രവര്‍ത്തകരും സുരക്ഷിത താവളങ്ങള്‍ തേടി മാറിത്താമസിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha























