നാലംഗ കുടുംബം ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍!

ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ നവംബര്‍ മൂന്നിന് ഓട്ടോ ഡ്രൈവറായ അബ്ദുല്‍ സലാം (45), ഭാര്യ നൂര്‍ജഹാന്‍ (38), മകള്‍ സല്‍മ (14), മകന്‍ ദാദി കലന്ദര്‍ (10) എന്നിവര്‍ പന്യം റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു. ടൗണ്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോമശേഖര്‍ റെഡ്ഡിയും കോണ്‍സ്റ്റബിള്‍ ഗംഗാധറും ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് മരിക്കുന്നതിനു മുന്‍പെടുത്ത വിഡിയോയില്‍ സലാം ആരോപിച്ചു.
അബ്ദുള്‍ സലാം ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്നതിനു മുന്‍പ് ഒരു ജ്വല്ലറിയില്‍ ജോലി ചെയ്തിരുന്നു. കടയില്‍നിന്ന് 3 കിലോ സ്വര്‍ണം കാണാതായ സംഭവത്തില്‍ സലാമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സലാമിനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. ഒരാഴ്ച മുമ്പ്, ഓട്ടോയില്‍വച്ച് സലാം 70,000 രൂപ കവര്‍ന്നെന്ന യാത്രക്കാരന്റെ പരാതിയെ തുടര്‍ന്നു പൊലീസ് വീണ്ടും സലാമിനെ കസ്റ്റഡിയിലെടുത്തു. രണ്ടു തവണയും സലാമിനെ പൊലീസ് മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു.
അപമാനത്തില്‍ മനം മടുത്ത സലാമും കുടുംബവും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മോഷണവുമായി യാതൊരു ബന്ധവുമില്ലെന്നും ഇനിയും പൊലീസിന്റെ ആക്രമണവും പീഡനവും സഹിക്കാന്‍ കഴിയില്ലെന്നും സലാം വിഡിയോയില്‍ പറയുന്നു. ഞങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്നും മരണത്തിന് മാത്രമേ ഇതില്‍ നിന്ന് ഞങ്ങളെ രക്ഷിക്കാനാകൂവെന്നും വിഡിയോയിലുണ്ട്.
സംഭവത്തെ തുടര്‍ന്ന് സോമശേഖര്‍ റെഡ്ഡിയേയും ഗംഗാധറിനെയും സസ്പെന്‍ഡ് ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡി ഡിജിപിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പര്‍ - 1056, 0471- 2552056)
https://www.facebook.com/Malayalivartha
























