പാംഗോങ് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന മിസൈല്‍ അടക്കമുള്ള സന്നാഹങ്ങള്‍ 3 ഘട്ടങ്ങളായി പിന്നോട്ടു നീക്കാന്‍ ഇന്ത്യ- ചൈന രൂപരേഖയായി

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ പ്രാഥമിക രൂപരേഖ തയാറാക്കി. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ പാംഗോങ് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന മിസൈല്‍ അടക്കമുള്ള സന്നാഹങ്ങള്‍ 3 ഘട്ടങ്ങളായി പിന്നോട്ടു നീക്കാനാണ് ധാരണ.
ഇരു രാജ്യങ്ങളുടേയും ഉന്നത കമാന്‍ഡര്‍മാര്‍ കഴിഞ്ഞ ദിവസം നടത്തിയ എട്ടാം കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതിനു പിന്നാലെയാണ് രൂപരേഖയായത്. തുടര്‍ ചര്‍ച്ചകള്‍ക്കായി കമാന്‍ഡര്‍മാര്‍ ഈയാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണു സൂചന. ലേ ആസ്ഥാനമായ 14 കോര്‍ മേധാവിയും മലയാളിയുമായ ലഫ്. ജനറല്‍ പി.ജി.കെ. മേനോന്‍ ചര്‍ച്ചയില്‍ ഇന്ത്യയെ നയിക്കും.
ആദ്യ ഘട്ട പിന്മാറ്റത്തില്‍ മിസൈലുകള്‍, സേനാ വാഹനങ്ങള്‍ എന്നിവ അതിര്‍ത്തിയില്‍ നിന്ന് നീക്കും. രണ്ടാം ഘട്ടത്തില്‍ പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരത്തുള്ള മലനിരകളില്‍ നിന്ന് 3 ദിവസങ്ങളിലായി ഇരുസേനകളും പിന്നോട്ടു നീങ്ങും. സേനകള്‍ മുഖാമുഖം നില്‍ക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണിത്. ചൈനീസ് സേന കടന്നുകയറിയത്് ഇന്ത്യന്‍ ഭാഗത്തോട് ചേര്‍ന്നുള്ള മലനിരകളില്‍ നാലാമത്തേത് (ഫിംഗര്‍ 4) വരെയാണ്. എട്ടാം മലനിരയിലേക്ക് (ഫിംഗര്‍ 8) ചൈന പിന്മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
പാംഗോങ് തടാകത്തിന്റെ തെക്കന്‍ തീരത്തു നിന്നു സേനകള്‍ പിന്നോട്ടു നീങ്ങുന്നതാണ് മൂന്നാം ഘട്ടം. പിന്മാറ്റം ഉറപ്പാക്കുന്നതിന് ഇരു സേനകളും പരസ്പരം പരിശോധിക്കും. സംഘര്‍ഷം നിലനിന്നിരുന്ന ഗല്‍വാന്‍, ഹോട്ട് സ്പ്രിങ്‌സ് എന്നിവിടങ്ങളില്‍ മുന്‍പ് സമാന രീതിയിലാണ് പിന്മാറിയത്.
അതേസമയം, ധാരണ പാലിക്കാന്‍ ചൈന തയാറാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും മുന്‍പ് പലതവണ വാക്കു ലംഘിച്ച ചൈനയെ പൂര്‍ണമായി വിശ്വസിക്കുന്നില്ലെന്നും സേനാ വൃത്തങ്ങള്‍ പറഞ്ഞു. ചൈന പിന്മാറിയെന്ന് ഉറപ്പാക്കും വരെ ഇന്ത്യന്‍ സേന അതിര്‍ത്തിയില്‍ തുടരും.
https://www.facebook.com/Malayalivartha
























