മുംബൈ ഭീകരാക്രമണത്തില്‍ സ്വന്തം മണ്ണില്‍നിന്നുള്ള ഭീകരരുടെ പങ്ക് പാകിസ്ഥാനിലെ പരമോന്നത അന്വേഷണ ഏജന്‍സി സമ്മതിച്ചു

പാകിസ്താനിലെ പരമോന്നത അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എഫ്.ഐ.എ) 2008-ലെ മുംബൈ ഭീകരാക്രമണത്തില്‍, 11 പാക് ഭീകരര്‍ പങ്കെടുത്തെന്ന് 'വെളിപ്പെടുത്തി'. എന്നാല്‍, ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയിദ്, ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസര്‍, അധോലോകത്തലവന്‍ ദാവൂദ് ഇബ്രാഹിം എന്നിവരെപ്പറ്റി എഫ്.ഐ.എ. അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
880 പേജുള്ള റിപ്പോര്‍ട്ടില്‍ ആദ്യം പരാമര്‍ശിച്ചിരിക്കുന്നത് ഭീകരര്‍ക്ക് മുംബൈ തീരത്തെത്താന്‍ അല്‍ ഫൗസ് എന്ന ബോട്ട് വാങ്ങിയ മുള്‍ട്ടാന്‍ സ്വദേശി മുഹമ്മദ് അംജദിനെ കുറിച്ചാണ്. യമഹ ബോട്ട് എന്‍ജിന്‍, ലൈഫ് ജാക്കറ്റുകള്‍, കാറ്റ് നിറയ്ക്കാവുന്ന ബോട്ടുകള്‍ തുടങ്ങിയവ കറാച്ചിയിലെ എ.ആര്‍.സെഡ്. സ്പോര്‍ട്ട് എന്ന സ്ഥാപനത്തില്‍നിന്നു വാങ്ങിയതും അംജദാണ്.
ഭീകരര്‍ ഉപയോഗിച്ച അല്‍ ഫൗസ്, അല്‍ ഹുസൈനി എന്നീ ബോട്ടുകളുടെ ക്യാപ്റ്റന്‍ ബഹാവല്‍പുര്‍ സ്വദേശി ഷാഹിദ് ഗഫൂറായിരുന്നു. ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബ പ്രവര്‍ത്തകരായ സഹിവാള്‍ സ്വദേശി മുഹമ്മദ് ഉസ്മാന്‍, ലാഹോര്‍ സ്വദേശി അതീഫ് ഉര്‍ റഹ്മാന്‍, ഹാഫിസാബാദ് സ്വദേശി റിയാസ് അഹമ്മദ്, ഗുജ്രന്‍വാല സ്വദേശി മുഹമ്മദ് മുഷ്താഖ്, ദേര ഖാസിഖാന്‍ സ്വദേശി മുഹമ്മദ് നയീം, സര്‍ഗോധ സ്വദേശി അബ്ദുള്‍ ഷാക്കുര്‍, മുള്‍ട്ടാന്‍ സ്വദേശി മുഹമ്മദ് സാബിര്‍, ലോധ്രാന്‍ സ്വദേശി മുഹമ്മദ് ഉസ്മാന്‍, റഹിം യാര്‍ഖാന്‍ സ്വദേശി ഷാക്കില്‍ അഹമ്മദ് എന്നിവരാണ് ബോട്ടിലുണ്ടായിരുന്ന മറ്റു ഭീകരര്‍.
ദാവൂദ്, ഹാഫിസ് സയിദ്, മസൂദ് അസര്‍ എന്നിവരൊഴികെ, രാജ്യത്തെ 1210 ഭീകരന്‍മാരുടെ വിവരങ്ങള്‍ എഫ്.ഐ.എ. റിപ്പോര്‍ട്ടിലുണ്ട്. ഇവരില്‍ 161 പേര്‍ ബലൂചിസ്താനില്‍നിന്നുള്ള കൊടുംഭീകരരാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഖൈബര്‍ പഷ്തൂണ്‍-737, സിന്ധ്-100, പാക് പഞ്ചാബ്-122, ഇസ്ലാമാബാദ്-32, പാക് അധിനിവേശ കശ്മീര്‍-30 എന്നിങ്ങനെയാണു മറ്റ് മേഖലകളിലെ ഭീകരരുടെ എണ്ണം.
പാകിസ്താനിലെ കറാച്ചിയില്‍ താമസിക്കുന്ന ദാവൂദ് ഇബ്രാഹിമിനെപ്പറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമേയില്ല. ഐക്യരാഷ്ട്രസംഘടന ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ദാവൂദ് സ്വന്തം മണ്ണിലുണ്ടെന്ന വിവരം പാകിസ്താന്‍ ഇതുവരെ സമ്മതിച്ചിട്ടില്ല. ഇന്ത്യ കാലങ്ങളായി ആവശ്യപ്പെടുന്ന കുറ്റവാളിയാണ് ഇയാള്‍. ലണ്ടനില്‍ കഴിയുന്ന മുത്താഹിദ ക്വാമി മൂവ്മെന്റ് നേതാവ് അല്‍താഫ് ഹുസൈന്‍, പ്രതിപക്ഷകക്ഷിയായ പാകിസ്താന്‍ മുസ്ലിം ലീഗ് (നവാസ്) നേതാവ് നസീര്‍ ഭട്ട് തുടങ്ങിയവരും പട്ടികയിലുണ്ട്.
https://www.facebook.com/Malayalivartha
























