ദക്ഷിണപൂർവ്വേഷ്യൻ രാജ്യമായ ഫിലിപ്പൈൻസുമായി ആയുധ കരാറിന് ഇന്ത്യ;ഇന്ത്യൻ ആയുധങ്ങൾ വാങ്ങുന്ന ആദ്യ ദക്ഷിണപൂർവേഷ്യൻ രാജ്യമായി ഫിലപ്പൈൻസ്
ദക്ഷിണപൂർവ്വേഷ്യൻ രാജ്യമായ ഫിലിപ്പൈൻസുമായി ആയുധ കരാറിന് ഇന്ത്യ. അടുത്ത വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടേർട്ടും തമ്മിൽ ഇത് സംബന്ധിച്ച് കരാറിൽ ഒപ്പുവയ്‌ക്കും. ഇന്ത്യ-റഷ്യ സംയുക്തമായി നിർമ്മിച്ച ബ്രഹ്‌മോസ് മിസൈലാണ് ഫിലിപ്പൈൻസിന് നൽകുക. ഇതോടെ ഇന്ത്യൻ ആയുധങ്ങൾ വാങ്ങുന്ന ആദ്യ ദക്ഷിണപൂർവേഷ്യൻ രാജ്യമായി ഫിലപ്പൈൻസ് മാറും.
കരാർ സംബന്ധിച്ച അന്തിമമായ തയ്യാറെടുപ്പുകൾക്ക് ബ്രഹ്‌മോസിൽ നിന്നും ഒരു സംഘം ഡിസംബർ മാസത്തിൽ മനില സന്ദർശിക്കും. കരാർ ഒപ്പിടുന്ന അന്തിമ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫെബ്രുവരിയിൽ കൂടിക്കാഴ്‌ച നടക്കാനാണ് സാദ്ധ്യത. മരുന്നുകളുടെ വിതരണവും വിമാന റൂട്ടുകളെ സംബന്ധിച്ചുളള കരാറുകളും ഇതിനൊപ്പം ഒപ്പുവയ്‌ക്കുമെന്ന് കരുതുന്നു.പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട ഒരു കരാർ ഒപ്പിടാനാണ് ഇരു രാജ്യങ്ങളും തമ്മിൽ നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിലാണ് ബ്രഹ്‌മോസ് മിസൈലുകൾ കൈമാറാൻ തീരുമാനിച്ചത്. എന്നാൽ പിന്നീട് തീരുമാനം നീണ്ടുപോയി. ബ്രഹ്‌മോസ് മറ്റ് രാജ്യങ്ങളിലേക്ക് നൽകാൻ തീരുമാനിച്ചതായി ബ്രഹ്‌മോസിന്റെ റഷ്യ വിഭാഗം മേധാവി റോമൻ ബബുഷ്‌കിൻ മുൻപ് അറിയിച്ചിരുന്നു. ഇതിന്റെ തുടക്കമാകും ഫിലിപ്പൈൻസുമായുളള കരാർ.അഞ്ഞൂറ് കിലോമീറ്റർ ദൂരപരിധിയുളള മിസൈൽ സ്വന്തമാകുന്നതോടെ കഴിഞ്ഞ വർഷം മാത്രം സ്ഥാപിച്ച ഫിലിപ്പൈൻസ് സൈന്യത്തിന്റെ മിസൈൽ വിക്ഷേപണ വിഭാഗത്തിൽ അത് കരുത്തേകും.ഫിലിപ്പൈൻസുമായി മാത്രമല്ല തായ്‌ലാന്റ്, ഇന്തോനേഷ്യ,വിയറ്റ്നാം എന്നിങ്ങനെ മേഖലയിലെ വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതിരോധ കരാറിൽ ചർച്ചകൾ നടത്തി വരികയാണ്. 2018ൽ ഇന്തോനേഷ്യയിൽ യുദ്ധകപ്പലുകളിൽ ബ്രഹ്‌മോസ് മിസൈൽ സംവിധാനം സ്ഥാപിക്കുന്നതിനായി ബ്രഹ്‌മോസ് സംഘം പരിശോധന നടത്തിയിരുന്നു. 2017ൽ മോദിയുടെ ഫിലിപ്പൈൻസ് സന്ദർശനത്തിലാണ് ഇരുരാജ്യങ്ങളും പ്രതിരോധ സഹകരണത്തിന് ആദ്യമായി കരാർ ഒപ്പുവച്ചത്. ലോകത്ത് ഇന്ന് പരീക്ഷിച്ചിട്ടുള്ള ഏറ്റവും മികച്ച ക്രൂസ് മിസൈൽ ഇന്ത്യയുടെ ബ്രഹ്മോസ് തന്നെയാണ്. കര, കടൽ, വായു പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ബ്രഹ്മോസിന്റെ പരിധി വീണ്ടും ഉയർത്താൻ പോകുകയാണ്. 400 കിലോമീറ്ററിൽ നിന്ന് 500 കിലോമീറ്ററായാണ് ഉയർത്തുന്നത്. ബ്രഹ്മോസ് ഏറോസ്പേസ് കമ്പനി വക്താവ് അലക്സാണ്ടർ മാക്സിചേവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.500 കിലോമീറ്റർ ബ്രഹ്മോസിന്റെ ആദ്യ പരീക്ഷണം ഈ വർഷം തന്നെ നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ബ്രഹ്മോസ് ക്രൂസ് മിസൈലിന്റെ പരിധി 290 കിലോമീറ്ററില്‍ നിന്നും 400 കിലോമീറ്ററായി നേരത്തെ ഉയര്‍ത്തിയിരുന്നു. നിലവിൽ ബ്രഹ്മോസിന്റെ വേഗം 2.8 മാക് ആണ്. ഇത് 4.5 മാക് ആയി ഉയർത്താനും പദ്ധതിയുണ്ട്.2017 ജൂണില്‍ ഇന്ത്യയ്ക്ക് മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെയ്ഷിമിൽ (എംടിസിആര്‍) അംഗത്വം ലഭിച്ചതാണ് ബ്രഹ്മോസിന്റെ പരിധി വര്‍ധിപ്പിക്കുന്നത് സാധ്യമാക്കിയത്. ചൈനയുടെ ശക്തമായ ഇടപ്പെടല്‍ മറികടന്നാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്. ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ടുള്ള 34 രാജ്യങ്ങളുടെ കൂട്ടായ്മയാണ് എംടിസിആര്‍. 500 കിലോഗ്രാം വരെ ഭാരമുള്ളതും 300 കിലോമീറ്റര്‍ വരെ പരിധിയുള്ളതുമായ മിസൈലുകളും ഡ്രോണുകളും പരിശോധിക്കുകയും സാങ്കേതിക വിദ്യകള്‍ പരസ്പരം കൈമാറുകയും ചെയ്യുന്നതിന് എംടിസിആര്‍ അംഗരാജ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നു.എംടിസിആറില്‍ അംഗമല്ലാത്ത രാജ്യങ്ങളിലേക്ക് 300 കിലോമീറ്ററില്‍ കൂടുതല്‍ പരിധിയുള്ള മിസൈലുകള്‍ കൈമാറുന്നതിന് വിലക്കുണ്ടായിരുന്നു. റഷ്യ നേരത്തെ തന്നെ എംടിസിആറില്‍ അംഗമായിരുന്നു. ഇക്കാരണത്താല്‍ ഇന്ത്യ റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന്റെ പരിധി 300 കിലോമീറ്ററില്‍ കുറയുകയായിരുന്നു. ഈ പ്രതിബന്ധമാണ് അംഗത്വം ലഭിച്ചതോടെ ഇന്ത്യ തന്ത്രപരമായി മറികടന്നത്. എംടിസിആറില്‍ അംഗമായതോടെ ഇന്ത്യയ്ക്കും റഷ്യക്കും സംയുക്തമായി ബ്രഹ്മോസിന്റെ വില്‍പന നടത്താനാകും.
ഭൂഗുരുത്വം ഉപയോഗിച്ചാണ് ബാലിസ്റ്റിക് മിസൈലുകള്‍ പകുതി ദൂരത്തിന് ശേഷം സഞ്ചരിക്കുന്നത്. അതേസമയം ക്രൂസ് മിസൈലുകള്‍ തുടക്കം മുതല്‍ ലക്ഷ്യസ്ഥാനം വരെ ഇന്ധനം ഉപയോഗിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ കൃത്യത കൂടുതലാണ്. ആളില്ലാ വിമാനം പോലെ ലക്ഷ്യ സ്ഥാനം വരെ ബ്രഹ്മോസിനെ നിയന്ത്രിക്കാനാകും. ഉദാഹരണത്തിന് മലമടക്കുകളിലെ ദുഷ്‌കര ലക്ഷ്യസ്ഥാനങ്ങള്‍ പോലും പ്രകൃതിയുടെ പ്രതിബന്ധങ്ങള്‍ മറികടന്ന് ബ്രഹ്മോസിന് കൃത്യമായി തകര്‍ക്കും.
https://www.facebook.com/Malayalivartha
























