സൗക്കാര്‍പേട്ടില്‍ ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ അച്ഛനെയും അമ്മയെയും വെടിവച്ചു കൊന്നത് മരുമകള്‍, കൊലയ്ക്ക് കാരണം ജീവനാംശത്തെച്ചൊല്ലിയുള്ള തര്‍ക്കം

സൗക്കാര്‍പേട്ടില്‍ സാമ്പത്തിക ഇടപാടു സ്ഥാപനം നടത്തുന്ന ദലിചന്ദ് (74), ഭാര്യ പുഷ്പ ഭായ് (70), മകന്‍ ശീതള്‍ (42) എന്നിവരെ വെടിവച്ചു കൊന്നത് ശീതളിന്റെ ഭാര്യ ജയമാല ആണെന്ന് പോലീസ്.
ബുധനാഴ്ച രാത്രി ഒന്‍പതോടെയാണു ഇവരെ വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജസ്ഥാനിലെ ജാവല്‍ സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി ചെന്നൈയിലാണു താമസം. ശീതളിന്റെ ഭാര്യ പുണെ സ്വദേശി ജയമാല ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുകയാണ്. ഇവര്‍ക്ക് 2 മക്കളുണ്ട്.
വിവാഹ മോചനത്തിനു അപേക്ഷ നല്‍കിയ ശീതളും ജയമാലയും ജീവനാംശം സംബന്ധിച്ച് ധാരണയിലെത്തിയിരുന്നില്ല. 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു ജയമാല ശീതളിനെതിരെ കേസ് നല്‍കി. ഇതുമായി ബന്ധപ്പെട്ടു ഇരു കുടുംബങ്ങളും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ജയമാലയുടെ കുടുംബത്തിനെതിരെ ശീതളും ഭര്‍ത്താവിനെതിരെ ജയമാലയും കേസ് നല്‍കി.
ജീവനാംശ പ്രശ്‌നം പറഞ്ഞു തീര്‍ക്കാനായി ജയമാലയും 2 സഹോദരന്മാരും ബന്ധുക്കളുമുള്‍പ്പെടെ 5 പേര്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തിയതായി പൊലീസ് പറയുന്നു. പ്രശ്‌ന പരിഹാര ചര്‍ച്ചയ്ക്കായി ജയമാലയും 2 സഹോദരന്മാരും മറ്റു 2 ബന്ധുക്കളുമാണ് വീട്ടിലെത്തിയത്. ചര്‍ച്ചയ്ക്കിടെ തര്‍ക്കമായെന്നും ജയമാല നേരത്തെ കരുതിയിരുന്ന തോക്കെടുത്തു ആദ്യം ഭര്‍ത്താവിനെയും പിന്നീട് ഭര്‍തൃ പിതാവിനെയും മാതാവിനെയും വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഒന്നും സംഭവിക്കാത്ത രീതിയില്‍ പുറത്തിറങ്ങി ഇവര്‍ രക്ഷപ്പെട്ടു.
ജയമാലയും സഹോദരന്മാരും കാര്‍ മാര്‍ഗമാണ് ചെന്നൈയില്‍ നിന്നു രക്ഷപ്പെട്ടതെന്നാണ് നിഗമനം. മറ്റു രണ്ടു പേര്‍ ട്രെയിനിലും. പ്രതികളുടെ വിവരങ്ങള്‍ ആര്‍പിഎഫിനു കൈമാറി. ചെന്നൈ പൊലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്നു പുണെയിലെ ജയമാലയുടെ വീട്ടില്‍ മഹാരാഷ്ട്ര പൊലീസ് പരിശോധന നടത്തി. രണ്ടു ദിവസമായി വീട് അടഞ്ഞു കിടക്കുകയാണ്.
പുണെയിലേക്കു കടന്ന പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘം അവിടേക്കു പുറപ്പട്ടു. കൊലപാതകം നടന്ന വീട്ടിലെയും സമീപത്തെ കടകളിലെയും സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
നഗരത്തില്‍ ജനത്തിരക്കേറിയ പ്രദേശങ്ങളിലൊന്നാണു സൗക്കാര്‍പേട്ട്. ഇവിടെ വിനായക സ്ട്രീറ്റിലെ മൂന്നു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ദലി ചന്ദും കുടുംബവും താമസിക്കുന്നത്. വൈകിട്ട് ആറിനും ഒന്‍പതിനുമിടയിലാണു സംഭവം നടന്നതെന്നാണു നിഗമനം. എന്നാല്‍, വെടിയൊച്ചയൊന്നും കേട്ടില്ലെന്നു സമീപവാസികള്‍ പൊലീസിനു മൊഴി നല്‍കി. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ തോക്കില്‍ സൈലന്‍സര്‍ ഘടിപ്പിച്ചിരിക്കാമെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha
























