തമിഴ്‌നാട് സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ നിന്നും അരുന്ധതിയുടെ പുസ്തകം ഒഴിവാക്കി

മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയുടെ പാഠ്യപദ്ധതിയില്‍ നിന്നും അരുന്ധതി റോയിയുടെ പുസ്തകം പിന്‍വലിച്ചു. മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കുന്നുവെന്ന എബിവിപിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. 2017 മുതല്‍ ഇംഗ്ലിഷ് ബിരുദാനന്തര ബിരുദ കോഴ്‌സിന്റെ ഭാഗമായിരുന്ന 'വോക്കിങ് വിത് ദ് കോമ്രേഡ്‌സ്' ഒഴിവാക്കിയതില്‍ ഡിഎംകെയും ഇടതുപാര്‍ട്ടികളും പ്രതിഷേധിച്ചു.
രാജ്യത്തിനെതിരായ സായുധസമരത്തെ, മാവോയിസ്റ്റ് ഒളിയിടങ്ങള്‍ സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള പ്രസ്തുത പുസ്തകം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് എബിവിപിയുടെ ആരോപണം. പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അറിയിച്ചിരുന്നു. പുസ്തകത്തെ വിമര്‍ശിച്ച് ആര്‍എസ്എസ് പ്രസിദ്ധീകരണമായ 'ഓര്‍ഗനൈസര്‍' ലേഖനവുമെഴുതി. എബിവിപിയുടെ മാത്രമല്ല മറ്റു ചിലരുടെയും പരാതി കഴിഞ്ഞയാഴ്ചയാണ് ലഭിച്ചതെന്നും തുടര്‍ന്ന്, വിദഗ്ധസമിതിയുടെ പരിശോധനയ്ക്ക് ശേഷമാണ് നടപടിയെന്നും വൈസ് ചാന്‍സലര്‍ പിച്ചുമണി പറയുന്നു.
ഇതിനു പകരം ഉള്‍പ്പെടുത്തിയത് വന്യജീവി ഫൊട്ടോഗ്രഫര്‍ എം.കൃഷ്ണന്റെ 'മൈ നേറ്റീവ് ലാന്‍ഡ്, എസ്സേയ്‌സ് ഓണ്‍ നേച്ചര്‍' എന്ന പുസ്തകമാണ്. വിദ്യാര്‍ഥികള്‍ എന്തു പഠിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കുന്നത് അപകടമാണെന്നു ഡിഎംകെ എംപി കനിമൊഴി കുറ്റപ്പെടുത്തി. കവി വൈരമുത്തു ഉള്‍പ്പെടെയുള്ള പ്രമുഖരും നടപടി പിന്‍വലിക്കണമെന്നാവ്യപ്പെട്ടു.
ആ പുസ്തകം പാഠ്യപദ്ധതിയില്‍ ഉണ്ടായിരുന്നെന്നു തന്നെ അറിയില്ലായിരുന്നു. ഇപ്പോഴതു നീക്കം ചെയ്തതില്‍ ഞെട്ടലോ അദ്ഭുതമോ ഇല്ല. നിരോധനങ്ങളോ ശുദ്ധീകരണങ്ങളോ എഴുത്തുകാര്‍ വായിക്കപ്പെടുന്നതിനു തടസ്സമല്ല. ഭരണകൂടത്തിന്റെ സങ്കുചിത മനോഭാവം അവരുടെ അനുയായികള്‍ക്കും ദോഷം ചെയ്യും. ലോകത്ത് ആദരണീയവും കുലീനവുമായൊരു ഇടം നേടാന്‍ ശ്രമിക്കുന്ന രാജ്യമെന്ന നിലയില്‍ നമ്മുടെ പൊതു ബൗദ്ധിക ശേഷിയെ അതു പരിമിതപ്പെടുത്തുകയും മുരടിപ്പിക്കുകയും ചെയ്യും- അവര്‍ പറഞ്ഞു. പുസ്തകം ഒഴിവാക്കിയെന്നറിഞ്ഞപ്പോള്‍ സങ്കടത്തേക്കാളധികം സന്തോഷമാണു തോന്നിയതെന്ന് അരുന്ധതി പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























