'വാഗിര്‍' മുങ്ങിക്കപ്പല്‍ നാവികസേന നീറ്റിലിറക്കി

ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ആക്രമണ വിഭാഗത്തില്‍പ്പെട്ട (സ്‌കോര്‍പീന്‍ ക്ലാസ്) അഞ്ചാം മുങ്ങിക്കപ്പല്‍ 'വാഗിര്‍' നാവികസേന നീറ്റിലിറക്കി. മുംബൈയിലെ മസഗാവ് കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കിന്റെ ഭാര്യ വിജയ നായിക് ആണു സമുദ്ര സുരക്ഷയ്ക്കു കരുത്തു പകരുന്ന 'വാഗിര്‍' മുങ്ങിക്കപ്പല്‍ നീറ്റിലിറക്കിയത്.
'വാഗിര്‍' മുങ്ങിക്കപ്പല്‍ യുദ്ധക്കപ്പലുകളെയും മുങ്ങിക്കപ്പലുകളെയും തകര്‍ക്കാന്‍ കെല്‍പുള്ള മിസൈലുകള്‍ വഹിക്കും. കടലിനടിയില്‍ കുഴിബോംബുകള്‍ സ്ഥാപിക്കാം. ശത്രുപ്രദേശത്തിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംവിധാനം. ശത്രുസേനയുടെ കണ്ണില്‍പ്പെടാതെ സഞ്ചരിക്കാന്‍ സ്റ്റെല്‍ത് സാങ്കേതികവിദ്യ. വരും മാസങ്ങളില്‍ കടല്‍ സഞ്ചാര പരീക്ഷണങ്ങള്‍ക്കു ശേഷം സേനയുടെ ഭാഗമാകും.
വാഗിര്‍ അടക്കം 6 മുങ്ങിക്കപ്പലുകളാണ് സേന നിര്‍മിക്കുന്നത്. ആദ്യ രണ്ടെണ്ണമായ കല്‍വരി, ഖണ്ഡേരി എന്നിവ സേനയുടെ ഭാഗമായുണ്ട്. മൂന്നാമതു നിര്‍മിച്ച കരഞ്ജ് സഞ്ചാര പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. നാലാമത്തെ വേല കടല്‍ സഞ്ചാര പരീക്ഷണം ആരംഭിച്ചു. അവസാന കപ്പലായ വഗ്ഷീര്‍ നിര്‍മാണ ഘട്ടത്തിലാണ്. ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മാണം.
ഇന്ത്യന്‍ സമുദ്രത്തില്‍ കാണുന്ന ആക്രമണകാരിയായ മത്സ്യത്തിന്റെ പേരാണു വാഗിര്‍. ഇതിനു മുന്‍പ് ഇതേ പേരിലുള്ള മുങ്ങിക്കപ്പല്‍ സേനയ്ക്കുണ്ടായിരുന്നു. റഷ്യയില്‍ നിന്ന് 1973-ല്‍ വാങ്ങിയ കപ്പല്‍ 2001 വരെ സേവനമനുഷ്ഠിച്ചു.
https://www.facebook.com/Malayalivartha
























