പാക്കിസ്ഥാന്‍ സൈന്യം നടത്തിയ പീരങ്കിയാക്രമണത്തില്‍ 4 ഇന്ത്യന്‍ ഭടന്മാര്‍ക്ക് വീരമൃത്യു, ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ കമാന്‍ഡോകളടക്കം 11 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാന്‍ സൈന്യം നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ഉറി, പൂഞ്ച്, കുപ്‌വാര എന്നിവിടങ്ങളില്‍ നടത്തിയ പീരങ്കിയാക്രമണത്തില്‍ 4 ഇന്ത്യന്‍ ഭടന്മാര്‍ വീരമൃത്യു വരിച്ചു. 3 ഗ്രാമീണരും മരിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ കമാന്‍ഡോകളടക്കം 11 പാക്ക് സൈനികര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യ - പാക്ക് അതിര്‍ത്തിയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണിത്.
ഇന്ത്യന്‍ സൈന്യം കേരന്‍ സെക്ടറിലെ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതിനു പിന്നാലെ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അതിര്‍ത്തിയിലുടനീളം പാക്കിസ്ഥാന്‍ ആക്രമണം തുടങ്ങിയത്. ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പീരങ്കി ഷെല്ലുകള്‍ തുടര്‍ച്ചയായി പതിച്ചതോടെ വീടുകളില്‍ നിന്ന് ഇറങ്ങിയോടിയ ഗ്രാമീണരെ സുരക്ഷാ സേന ഭൂഗര്‍ഭ ബങ്കറുകളിലേക്ക് മാറ്റി.
3 കരസേനാംഗങ്ങള്‍ക്കും 5 ഗ്രാമീണര്‍ക്കും പരുക്കുണ്ട്. എസ്‌ഐ ഋഷികേശ് സ്വദേശി രാകേഷ് ദോഭല്‍, കരസേനയിലെ 3 ജവാന്‍മാര്‍ എന്നിവരാണു വീരമൃത്യു വരിച്ചത്. താഹിബ് അഹമ്മദ് മിര്‍, ഇര്‍ഷാദ് അഹമ്മദ്, ഫറൂഖ ബീഗം എന്നിവരാണു മരിച്ച ഗ്രാമീണര്‍.
മഞ്ഞുവീഴ്ച തുടങ്ങും മുന്‍പ് പരമാവധി ഭീകരരെ ഇന്ത്യയിലേക്കു കടത്താനാണു പാക്ക് ലക്ഷ്യമെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു.ടാങ്ക് വേധ മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ച് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാക്ക് സേനാ പോസ്റ്റുകള്‍ കത്തിയമരുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























