മുഖ്യമന്ത്രിയായി തലൈവി നാളെ സത്യപ്രതിജ്ഞ ചെയ്യും, പ്രതീക്ഷയോടെ തമിഴ്ജനത, ഒ.പനീര്‍ശെല്‍വം രാജിവെച്ചു

തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് സൂചന. ഇന്ന് രാവിലെ ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം ജയലളിതയെ തങ്ങളുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതോടെയാണിത്. തമിഴ്‌നാട് മുഖ്യമന്ത്രി പന്നീര്‍ശെല്‍വം രാജിവെച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ കെ. റോസയ്യയെ കണ്ടാണ് പന്നീര്‍ശെല്‍വം രാജിസമര്‍പ്പിച്ചത്. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു.
മദ്രാസ് സര്‍വകലാശാലയിലെ സെന്റിനറി ഓഡിറ്റോറിയത്തിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ കേന്ദ്രമന്ത്രിമാരില്‍ പ്രമുഖരാരെങ്കിലും പങ്കെടുക്കുമെന്നും സൂചനയുണ്ട്. ഇന്ന് രണ്ട് പൊതുപരിപാടികളിലും ജയലളിത പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയാകുന്നതിനു മുന്നോടിയായി എംജിആര്‍, പെരിയാര്‍ പ്രതിമകളില്‍ ജയലളിത പുഷ്പാര്‍ച്ചന നടത്തും. സ്വത്തുകേസില്‍ ശിക്ഷിക്കപ്പെട്ടതിനു ശേഷം ജയലളിത പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടികളാകും ഇത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റവിമുക്തമായി തിരിച്ചെത്തിയ ജയലളിത മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിരുന്നു. 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ജയലളിതയെ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തയാക്കിയത്. കേസില്‍, ജയലളിതയ്ക്ക് നാലു വര്‍ഷത്തെ തടവും 100 കോടി രൂപ പിഴയും വിചാരണ കോടതി വിധിച്ചിരുന്നു.
ഇത് റദ്ദാക്കിയാണ് കര്‍ണാടക ഹൈക്കോടതി പ്രത്യേക ബെഞ്ച് ജയയെ കുറ്റവിമുക്തയാക്കിയത്. ജയയ്ക്ക് പുറമെ, തോഴി ശശികല, ഇവരുടെ സഹോദരീ പുത്രന്‍ വി.എന്‍.സുധാകരന്‍, സഹോദര ഭാര്യ ജെ. ഇളവരശി എന്നിവര്‍ക്കെതിരെ വിചാരണക്കോടതി ശരിവച്ച എല്ലാ കുറ്റങ്ങളും ഹൈക്കോടതി പ്രത്യേക ബെഞ്ച് റദ്ദാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























